ന്യൂദല്‍ഹി: മലയാളി ക്രിക്കറ്റര്‍ ശ്രീശാന്തിനെതിരായ നിലപാട് ആവര്‍ത്തിച്ച് ബി.സി.സി.ഐ. വാതുവയ്പ് കേസില്‍ താരം കുറ്റവാളിതന്നെയാണെന്ന് ബി.സി.സി.ഐ അഴിമതി വിരുദ്ധ വിഭാഗം അദ്ധ്യക്ഷന്‍ നീരജ് കുമാര്‍ പറഞ്ഞു. ബി.സി.സി.ഐ വിവേചനപരമായാണ് തന്റെ കാര്യത്തില്‍ ഇടപെടുന്നതെന്ന ശ്രീശാന്തിന്റെ ആരോപണവും സമിതി നിഷേധിച്ചു.
ശ്രീശാന്തിനെതിരെ ബി.സി.സി.ഐ വിവേചനാപരമായി പെരുമാറിയിട്ടില്ല. ബി.സി.സി.ഐ വിലക്കിയ ആരും ഇപ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്‌സ് ഇലവനുമായി നടന്ന മത്സരത്തില്‍ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് ആരോപണത്തോടെയായിരുന്ന താരം അറസ്റ്റിലാകുന്നതും ടീമില്‍ നിന്നു പുറത്താകുന്നതും.
താരം 2013 മേയ് 16 ന് പൊലീസ് അറസ്റ്റിലാകുമ്പോള്‍ ദല്‍ഹി പൊലീസ് കമ്മീഷണറായിരുന്നു നിലവിലെ ബി.സി.സി.ഐ അഴിമതി വിരുദ്ധ അദ്ധ്യക്ഷന്‍ നീരജ് കുമാര്‍. അഴിമതിക്കേസില്‍ കേസില്‍ പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയിരുന്നില്ല.
ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് നീക്കിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് ബി.സി.സി.ഐ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിച്ച അപ്പീലില്‍ താരത്തിനെതിരെയുള്ള വിലക്ക് ശരിവക്കുകയും ചെയ്തതോടെയാണ് താരം വീണ്ടും ബി.സി.സി.ഐയ്ക്ക് എതിരെ തിരിഞ്ഞത്.
തനിക്കെതിരെ ബി.സി.സി.ഐ വിവേചനപരമായാണ് പൊരുമാറുന്നതെന്നും ആവശ്യം വന്നാല്‍ മറ്റുടീമുകള്‍ക്കായി കളിക്കുമെന്നും താരം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇതും സാധിക്കില്ലെന്ന് ബി.സി.സി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.