അന്നേ കരുതിയതാ, ഒന്നും നടക്കൂലാന്ന്; വീണ്ടും സഞ്ജുവിനെ തഴഞ്ഞു; ഏകദിന ടീം പ്രഖ്യാപിച്ച് ഇന്ത്യ
Sports News
അന്നേ കരുതിയതാ, ഒന്നും നടക്കൂലാന്ന്; വീണ്ടും സഞ്ജുവിനെ തഴഞ്ഞു; ഏകദിന ടീം പ്രഖ്യാപിച്ച് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd October 2022, 6:53 pm

സൗത്ത് ആഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ച് ബി.സി.സി.ഐ. മൂന്ന് ഏകദിനത്തിനുള്ള ടീമാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്.

വെറ്ററന്‍ സൂപ്പര്‍ താരം ശിഖര്‍ ധവാനാണ് ഇന്ത്യയുടെ നായകന്‍. വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യരേയും തെരഞ്ഞെടുത്തു.

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാന്റെ ഡെപ്യൂട്ടിയായി സഞ്ജു സാംസണ്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യ എ ടീമിന്റെ നായക സ്ഥാനമേല്‍പിച്ചതും, താരം ആ ജോലി വളരെ ഭംഗിയായി നിര്‍വഹിച്ചതും ആ റിപ്പോര്‍ട്ടുകളെ വിശ്വസിനീയമാക്കി.

എന്നാല്‍ ആ റിപ്പോര്‍ട്ടുകളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് സഞ്ജുവിന് പകരം അയ്യരെ വൈസ് ക്യാപ്റ്റനാക്കിയത്. വിക്കറ്റ് കീപ്പറുടെ റോളിലാണ് സഞ്ജു ടീമിനൊപ്പം ചേരുന്നത്.

ടി-20 ലോകകപ്പ് വരുന്നതിനാല്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരടക്കമുള്ള താരങ്ങള്‍ക്ക് ഏകദിന പരമ്പരയില്‍ നിന്നും വിശ്രമം അനുവദിച്ചിരുന്നു. ഒക്ടോബര്‍ ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം.

യുവതാരങ്ങളായ രജത് പാടിദാറിനും മുകേഷ് കുമാറിനും ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തിയ പരമ്പര കൂടിയാണിത്.

 

ധവാനൊപ്പം ശുഭ്മന്‍ ഗില്ലാവും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ സാധ്യത. സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

 

മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍, ദീപക് ചഹര്‍ എന്നിവരുള്‍പ്പെടുന്ന പേസ് നിരയും കുല്‍ദീപ് യാദവും രവി ബിഷ്‌ണോയിയും അടങ്ങുന്ന സ്പിന്‍ നിരയും ബൗളിങ് ഡിപ്പാര്‍ട്‌മെന്റിന് കരുത്താകും.

ഒക്ടോബര്‍ ആറിന് ലഖ്‌നൗവില്‍ വെച്ചാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം ഒക്ടോബര്‍ ഒമ്പതിന് റാഞ്ചിയിലും മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഒക്ടോബര്‍ 11ന് ദല്‍ഹിയിലും വെച്ച് നടക്കും.

ഇന്ത്യ സ്‌ക്വാഡ്

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, രജത് പാടിദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍

 

 

Content Highlight: BCCI announces squad for India vs South Africa ODI