ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്നവന്‍ ഏഷ്യാ കപ്പില്‍ ടീമിനെ നയിക്കും; ഇടംപിടിച്ച് റിയാന്‍ പരാഗും
Sports News
ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്നവന്‍ ഏഷ്യാ കപ്പില്‍ ടീമിനെ നയിക്കും; ഇടംപിടിച്ച് റിയാന്‍ പരാഗും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th July 2023, 12:15 pm

എമേര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് 2023നുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. ജൂലൈ 13 മുതല്‍ 23 വരെ ശ്രീലങ്കയിലാണ് എമേര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് നടക്കുന്നത്. ഏഷ്യന്‍ വന്‍കരയിലെ എട്ട് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്.

ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പിലേക്ക് നയിച്ച യാഷ് ധുള്ളിനെയാണ് ഇന്ത്യ എയുടെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുന്നത്. അഭിഷേക് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍.

ഗുജറാത്ത് ടൈറ്റന്‍സിന്റെ തമിഴ്‌നാട് സൂപ്പര്‍ താരം സായ്‌സുദര്‍ശനാണ് ടീമില്‍ ഇടം നേടിയവരില്‍ പ്രധാനി. ഐ.പി.എല്‍ ഫൈനലിലടക്കം മികച്ച പ്രകടനം നടത്തിയാണ് താരം ടീമിന്റെ ഭാഗമായത്. ഐ.പി.എല്ലില്‍ മാത്രമല്ല, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും സായ്‌സുദര്‍ശന്‍ റണ്ണടിച്ചുകൂട്ടുകയാണ്. ടി.എന്‍.പി.എല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് നിലവില്‍ സായ് സുദര്‍ശന്‍.

 

ഷാരൂഖ് ഖാന്‍ നയിക്കുന്ന ലൈക്ക കോവൈ കിങ്‌സിന് വേണ്ടിയാണ് സായ് സുദര്‍ശന്‍ ബാറ്റേന്തുന്നത്. നിലവില്‍ ആറ് മത്സരത്തില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 74.20 ആവറേജില്‍ 371 റണ്‍സാണ് താരം സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യന്‍സിന്റെ യുവതാരം നേഹല്‍ വധേരയെ മൂന്ന് സ്റ്റാന്‍ഡ് ബൈ താരങ്ങളില്‍ ഒരാളായിടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനായി കഴിഞ്ഞ സീസണില്‍ 14 മത്സരത്തില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 241 റണ്‍സാണ് വധേര സ്വന്തമാക്കിയത്.

രാജസ്ഥാന്‍ റോയല്‍സിന്റെ അസം താരം റിയാന്‍ പരാഗും, ഇംപാക്ട് പ്ലെയരായി ഞെട്ടിച്ച് പ്ലെയിങ് ഇലവന്റെ ഭാഗമായ ധ്രുവ് ജുറെലും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

 

യു.എ.ഇ എ, പാകിസ്ഥാന്‍ എ, നേപ്പാള്‍ എ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എ ടീം ഉള്‍പ്പെട്ടിരിക്കുന്നത്. ജൂലൈ 13നാണ് ഇന്ത്യയുടെ ആദ്യ മത്സരം യു.എ.ഇ എയാണ് എതിരാളികള്‍. ജൂലൈ 15 പാകിസ്ഥാന്‍ എ ടീമിനെ നേരിടുന്ന ഇന്ത്യ ജൂലൈ 18ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നേപ്പാള്‍ എയെയും നേരിടും.

ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സിലെ ആദ്യ രണ്ട് ടീമുകള്‍ സെമി ഫൈനലിന് യോഗ്യത നേടും. ജൂലൈ 21നാണ് രണ്ട് സെമി ഫൈനല്‍ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജൂലൈ 23നാണ് ഫൈനല്‍.

പാകിസ്ഥാനാണ് എമേര്‍ജിങ് ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്‍മാര്‍. ടൂര്‍ണമെന്റിന്റെ 2019 എഡിഷനില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍മാരായത്.

2013ല്‍, ടൂര്‍ണമെന്റിന്റെ ഉദ്ഘാടന സീസണില്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്‍മാരായത്. ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്തായിരുന്നു ഇന്ത്യ കിരീടം നേടിയത്. തുടര്‍ന്നുള്ള രണ്ട് എഡിഷനില്‍ (2017, 2018) ശ്രീലങ്കയാണ് കപ്പുയര്‍ത്തിയത്.

 

ഇന്ത്യ എ സ്‌ക്വാഡ്

സായ് സുദര്‍ശന്‍, അഭിഷേക് ശര്‍മ (വൈസ് ക്യാപ്റ്റന്‍), നികിന്‍ ജോസ്, പ്രദോഷ് രഞ്ജന്‍ പോള്‍, യാഷ് ധുള്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, നിഷാന്ത് സിന്ധു, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), മാനവ് സുതര്‍, യുവരാജ് സിംഹ് ധോഡിയ, ഹര്‍ഷിത് റാണ, ആകാശ് സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, രാജ്‌വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍

ഹര്‍ഷ് ദുബെ, നേഹല്‍ വധേര, സ്‌നെല്‍ പട്ടേല്‍, മോഹിത് റെഡ്കര്‍.

കോച്ചിങ് സ്റ്റാഫ്

സിതാന്‍ഷു കോട്ടക് (ഹെഡ് കോച്ച്), സായ്‌രാജ് ബഹുതുലെ (ബൗളിങ് കോച്ച്), മുനീഷ് ബാലി (ഫീല്‍ഡിങ് കോച്ച്)

 

CONTENT HIGHLIGHT:  BCCI announces squad for Emerging Asia Cup