| Monday, 14th October 2024, 3:07 pm

ഏഷ്യ കീഴടക്കാന്‍ ഇന്ത്യയുടെ കുട്ടികളിറങ്ങുന്നു; പാകിസ്ഥാനോട് കടം ബാക്കിയുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

എമേര്‍ജിങ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. തിലക് വര്‍മയെ ക്യാപ്റ്റനാക്കിയും അഭിഷേക് ശര്‍മയെ വൈസ് ക്യാപ്റ്റനാക്കിയുമാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ഭാവിതാരങ്ങളാണ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അടുത്ത ട്രാന്‍സിഷന്‍ പിരീഡില്‍ ടീമിനെ മുമ്പോട്ടു നയിക്കേണ്ട പ്രഭ്‌സിമ്രാന്‍ സിങ്, ആയുഷ് ബദോനി, നേഹല്‍ വധേര, രമണ്‍ദീപ് സിങ് തുടങ്ങിയ വമ്പന്‍ താരനിരയാണ് ടീമിനൊപ്പമുള്ളത്.

എമേര്‍ജിങ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ സ്‌ക്വാഡ്

തിലക് വര്‍മ (ക്യാപ്റ്റന്‍), അധിഷേക് ശര്‍മ (വൈസ് ക്യാപ്റ്റന്‍), നിഷാന്ത് സിന്ധു, രമണ്‍ദീപ് സിങ്, നേഹല്‍ വധേര, ആയുഷ് ബദോനി, അനുജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), സായ് കിഷോര്‍, ഹൃതിക് ഷോകീന്‍, രാഹുല്‍ ചഹല്‍ ,വൈഭവ് അറോറ, അന്‍ഷുല്‍ കാംബോജ്, ആഖിബ് ഖാന്‍, ആസിക് സലാം.

എന്ന് തുടങ്ങും? എവിടെ വെച്ച് കളിക്കും?

ഒക്ടോബര്‍ 18നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 27നാണ് കലാശപ്പോരാട്ടം. ഇത്തവണ ടി-20 ഫോര്‍മാറ്റിലാണ് മത്സരം അരങ്ങേറുന്നത്. മസ്‌കറ്റാണ് ടൂര്‍ണമെന്റിന് വേദിയാകുന്നത്.

ഇന്ത്യയെ കൂടാതെ ടൂര്‍ണമെന്റില്‍ മറ്റാരൊക്കെ

രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്. ഓരോ ഗ്രൂപ്പിലെയും ഏറ്റവുമധികം പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ മുമ്പോട്ട് കുതിക്കും.

ഗ്രൂപ്പ് ബി-യിലാണ് ഇന്ത്യയുടെ സ്ഥാനം. ഒമാന്‍, പാകിസ്ഥാന്‍ എ, യു.എ.ഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍

ഗ്രൂപ്പ് എ

  1. അഫ്ഗാനിസ്ഥാന്‍ എ
  2. ബംഗ്ലാദേശ് എ
  3. ഹോങ് കോങ്
  4. ശ്രീലങ്ക എ

ഗ്രൂപ്പ് ബി

  1. ഇന്ത്യ എ
  2. ഒമാന്‍
  3. പാകിസ്ഥാന്‍ എ
  4. യു.എ.ഇ

ഒക്ടോബര്‍ 19നാണ് ഇന്ത്യയുടെ ആദ്യ മത്സരം. അല്‍ അമേറാത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

കഴിഞ്ഞ തവണ സംഭവിച്ചതെന്ത്?

കഴിഞ്ഞ തവണയും പാകിസ്ഥാനൊപ്പം ഗ്രൂപ്പ് ബി-യിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മത്സരത്തിലെല്ലാം വിജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയില്‍ കടന്നത്.

സെമി ഫൈനലില്‍ ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരായ ബംഗ്ലാദേശായിരുന്നു എതിരാളികള്‍. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കുട്ടിക്കടുവകളെ 51 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ഫൈനലില്‍ പാകിസ്ഥാനെയായിരുന്നു ഇന്ത്യക്ക് നേരിടാനുണ്ടായിരുന്നത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 352 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 224ന് പുറത്തായി.

Content highlight: BCCI announces India A squad for Emerging Asia Cup 2024

Latest Stories

We use cookies to give you the best possible experience. Learn more