| Tuesday, 18th October 2022, 3:16 pm

ഐ.പി.എല്ലില്‍ വീണ്ടും ലേലം; പഞ്ചാബിന് 3.45 കോടി കയ്യിലുള്ളപ്പോള്‍ അഞ്ചിന്റെ പൈസ കയ്യിലില്ലാതെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്; സഞ്ജുവിന്റെ കൈയില്‍ 95 ലക്ഷം മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ന് മുമ്പായി ഭരണപരമായ മാറ്റങ്ങള്‍ക്കൊരുങ്ങി ബി.സി.സി.ഐ. അടുത്ത സീസണ് മുമ്പേ നടക്കാനിരിക്കുന്ന ലേലത്തില്‍ ടീമുകള്‍ക്ക് ചെലവാക്കാന്‍ സാധിക്കുന്ന തുകയും അവര്‍ നിലനിര്‍ത്തുന്ന താരങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളുമെല്ലാം വരും ദിവസങ്ങളില്‍ ധാരണയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഒക്ടോബര് 18ന് മുംബൈയില്‍ ചേരുന്ന ബോര്‍ഡിന്റെ വാര്‍ഷിക ജനറല്‍ മീറ്റിങ്ങില്‍ 2023 ഐ.പി.എല്ലിന്റെ ലേലത്തെ കുറിച്ചടക്കമുള്ള വിവരങ്ങളെല്ലാം ചര്‍ച്ചയാകും.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐ.പി.എല്‍ 2023നുള്ള എല്ലാ മുന്നൊരുക്കങ്ങളും ബി.സി.സി.ഐ ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 16ന് ബെംഗളൂരുവില്‍ വെച്ച് മിനി ലേലവും ( Mini Auction) നടക്കും. ഓരോ ടീമിനും ഇതുവഴി പുതിയ താരങ്ങളെ ടീമിലെത്തിക്കാനും സാധിക്കും.

ഇതിന് പുറമെ ഐ.പി.എല്‍ 2023നായി ഓരോ ടീമും നിലനിര്‍ത്താനാഗ്രഹിക്കുന്ന താരങ്ങളുടെ പട്ടിക നവംബര്‍ 15നകം സമര്‍പ്പിക്കണമെന്നും ബി.സി.സി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

മെഗാ താരലേലത്തില്‍ ഒരു ടീമിന് നാല് താരങ്ങളെ മാത്രമേ ടീമില്‍ നിലനിര്‍ത്താന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാല്‍ മിനി ലേലത്തിന് അത്തരത്തിലുള്ള ഒരു നിയന്ത്രണങ്ങളും ബി.സി.സി.ഐ മുന്നോട്ട് വെച്ചിട്ടില്ല.

ഇതിനെല്ലാം പുറമെ ഓരോ ടീമിന്റെയും സാലറി ക്യാപ്പിലും ബി.സി.സി.ഐ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. 90 കോടിയായിരുന്നു ഓരോ ടീമിനും പരമാവധി ചെലവാക്കാന്‍  സാധിക്കുന്ന തുക. ഇതിലേക്ക് അഞ്ച് കോടി കൂടി ചേര്‍ത്ത് 95 കോടി രൂപയാക്കി ഓരോ ടീമിന്റെയും സാലറി ക്യാപ് ബി.സി.സി.ഐ ഉയര്‍ത്തിയിട്ടുണ്ട്.

എന്നാല്‍, മെഗാ ലേലത്തില്‍ ബാക്കി വന്ന തുകയും ഈ അഞ്ച് കോടി രൂപയും മാത്രമാണ് ഓരോ ടീമിനും മിനി ലേലത്തില്‍ ചെലവാക്കാന്‍ സാധിക്കുന്ന തുക. മെഗാ ലേലത്തിന് ശേഷം പഞ്ചാബ് കിങ്‌സിന്റെ കയ്യിലാണ് ഏറ്റവുമധികം രൂപ ബാക്കിയുള്ളത്. മൂന്നര കോടിയോളം പഞ്ചാബിന്റെ കയ്യിലുള്ളപ്പോള്‍ ഒരു രൂപ പോലും ബാക്കിയില്ലാതെയാണ് ലഖ്‌നൗ മിനി ലേലത്തിനിറങ്ങുന്നത്.

2022 മെഗാ ലേലത്തിന് ശേഷം ഓരോ ടീമിന്റെയും പക്കല്‍ ബാക്കിയുള്ള തുക. (ബ്രാക്കറ്റില്‍ മിനി ലേലത്തില്‍ പരമാവധി ചെലവാക്കാന്‍ സാധിക്കുന്ന തുക)

പഞ്ചാബ് കിങ്‌സ് – 3.45 കോടി (8.45 കോടി)

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2.95 കോടി (7.95 കോടി)

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു – 1.55 കോടി (6.55 കോടി)

രാജസ്ഥാന്‍ റോയല്‍സ് – 95 ലക്ഷം (5.95 കോടി)

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 10 ലക്ഷം (5.10 കോടി)

മുംബൈ ഇന്ത്യന്‍സ് – 10 ലക്ഷം (5.10 കോടി)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 10 ലക്ഷം (5.10 കോടി)

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 0 രൂപ ( 5 കോടി)

Content highlight: BCCI announces date for IPL 2023 mini auction

We use cookies to give you the best possible experience. Learn more