സഞ്ജുവല്ല, ഗെയ്ക്വാദിന് പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ; അരങ്ങേറ്റത്തിന് ഇനിയും കാക്കണം
Sports News
സഞ്ജുവല്ല, ഗെയ്ക്വാദിന് പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ; അരങ്ങേറ്റത്തിന് ഇനിയും കാക്കണം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd December 2023, 5:56 pm

സൗത്ത് ആഫ്രിക്കക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ നിന്നും പരിക്കേറ്റ് പുറത്തായ സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദിന് പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. അഭിമന്യു ഈശ്വരനെയാണ് അപെക്‌സ് ബോര്‍ഡ് പകരക്കാരനായി പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്കിടെയാണ് ഗെയ്ക്വാദിന് പരിക്കേല്‍ക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ കയ്യില്‍ പന്തടിച്ചുകൊണ്ടാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ഇതിന് പിന്നാലെ നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരവും ഗെയ്ക്വാദിന് നഷ്ടമായിരുന്നു.

 

ഗെയ്ക്വാദിന് പകരക്കാരനായി എത്തിയതോടെ അഭിമന്യു ഈശ്വരന്റെ അന്താരാഷ്ട്ര അരങ്ങറ്റത്തിന് കൂടിയാണ് വഴിയൊരുന്നത്. ആഭ്യന്തര തലത്തില്‍ ബംഗാളിന്റെ താരമായ ഈശ്വരന്‍, റെസ്റ്റ് ഓഫ് ഇന്ത്യക്കായും കളിച്ചിട്ടുണ്ട്.

88 ഫസ്റ്റ് ക്ലാസ് മത്സരത്തിലെ 152 ഇന്നിങ്‌സില്‍ നിന്നും 47.24 എന്ന ശരാശരിയിലും 52.67 എന്ന സ്‌ട്രൈക്ക് റേറ്റിലും 6,557 റണ്‍സാണ് അഭിമന്യു രംഗനാഥന്‍ പരമേശ്വരന്‍ ഈശ്വരന്‍ എന്ന അഭിമന്യു ഈശ്വരന്‍ സ്വന്തമാക്കിയത്.

 

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 22 സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും അഭിമന്യു ഈശ്വരന്‍ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

ഋതുരാജിന് പരിക്കേറ്റതോടെ സഞ്ജു സാംസണ്‍ താരത്തിന്റെ പകരക്കാരനായി എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരായ നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയത് താരത്തിന് അഡ്വാന്റേജാകുമെന്നാണ് ആരാധകര്‍ കരുതിയത്.

എന്നാല്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു ബെസ്റ്റ് ക്രിക്കറ്റായ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറുമെന്ന് കരുതിയ ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ടാണ് ബി.സി.സി.ഐ ഗെയ്ക്വാദിന്റെ പകരക്കാരനായി ഈശ്വരനെ പ്രഖ്യാപിച്ചത്.

അതേസമയം, പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തി നേടാതിരുന്ന മുഹമ്മദ് ഷമി സ്‌ക്വാഡില്‍ നിന്നും നേരത്തെ പുറത്തായിരുന്നു. ഇഷാന്‍ കിഷന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ കെ.എസ്. ഭരത്തും പകരക്കാനായി എത്തി.

 

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ. എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത്. ബുംറ (വൈസ് ക്യാപ്റ്റന്‍), പ്രസിദ്ധ് കൃഷ്ണ, കെ.എസ്. ഭരത്, അഭിമന്യു ഈശ്വരന്‍.

ഡിസംബര്‍ 26നാണ് പരമ്പരയിലെ ആദ്യ മത്സരം. സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കാണ് വേദി.

 

Content Highlight: BCCI announces Abhimanyu Eswaran as Ruturaj Gaikwad’s replacement