മലയാളി ലോകകപ്പ് നേടി, ഇനി മലയാളികള്‍ ഏഷ്യാ കപ്പും നേടട്ടെ; സ്‌ക്വാഡില്‍ ഇരട്ട മലയാളി തിളക്കം
Sports News
മലയാളി ലോകകപ്പ് നേടി, ഇനി മലയാളികള്‍ ഏഷ്യാ കപ്പും നേടട്ടെ; സ്‌ക്വാഡില്‍ ഇരട്ട മലയാളി തിളക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th July 2024, 8:56 am

വനിതാ ടി-20 ഏഷ്യാ കപ്പിനുള്ള ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറിനെ ക്യാപ്റ്റനായും സ്മൃതി മന്ഥാനയെ വൈസ് ക്യാപ്റ്റനായും ചുമതലപ്പെടുത്തിയാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. 15 അംഗ സ്‌ക്വാഡും ഒപ്പം നാല് ട്രാവലിങ് റിസര്‍വുകളെയുമാണ് ഇന്ത്യ ഏഷ്യാ കപ്പ് നാട്ടിലെത്തിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

പരിചയ സമ്പന്നരായ സീനിയര്‍ താരങ്ങളും യുവ താരങ്ങളും അടങ്ങുന്ന പെര്‍ഫെക്ട് ബ്ലെന്‍ഡാണ് ഇന്ത്യന്‍ ടീം.

 

ഇന്ത്യന്‍ നിരയില്‍ രണ്ട് മലയാളി താരങ്ങളുമുണ്ട്. മിന്നു മണിക്ക് ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ ആശ ശോഭനയും സജന സജീവനുമാണ് സ്‌ക്വാഡില്‍ ഇടം നേടിയ മലയാളികള്‍.

ഇത്തവണത്തെ ഡബ്ല്യൂ.പി.എല്ലിന് ശേഷമാണ് ഇരു താരങ്ങളും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. സജന മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു. കിരീടമുയര്‍ത്തിയ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടിയാണ് ആശ പന്തെറിഞ്ഞത്. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തും ആശ ഇടം നേടിയിരുന്നു. 12 വിക്കറ്റാണ് ആശ നേടിയത്. ഒന്നാം സ്ഥാനത്തുള്ള ശ്രേയാങ്ക പാട്ടിലീനെക്കാള്‍ ഒറ്റ വിക്കറ്റ് മാത്രമായിരുന്നു ആശക്ക് കുറവുണ്ടായിരുന്നത്.

ഇതിന് പിന്നാലെ ബംഗ്ലാദേശിനെതിരെയാണ് ആശ അന്താരഷ്ട്ര അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി ടി-20യില്‍ അരങ്ങേറുന്ന ഏറ്റവും പ്രായമേറിയ താരമായി ആശ കരിയറിലെ തന്റെ ആദ്യ മത്സരത്തില്‍ തന്നെ ചരിത്രം സൃഷ്ടിച്ചിരുന്നു. മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടി തിളങ്ങാനും ആശ ശോഭനക്കായി.

 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രാര്‍കര്‍, അരുന്ധതി റെഡ്ഡി, രേണുക താക്കൂര്‍, ഡയലന്‍ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രേയാങ്ക പാട്ടീല്‍, സജന സജീവന്‍.

ട്രാവലിങ് റിസര്‍വുകള്‍

ശ്വേത ഷെരാവത്, തനുജ കന്‍വെര്‍, സൈക ഇഷാഖ്, മേഘ്‌ന സിങ്.

 

ജൂലൈ 19നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ശ്രീലങ്കയാണ് വേദി.

ഏഷ്യാ കപ്പില്‍ പാകിസ്ഥാനൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

ഗ്രൂപ്പ് എ: ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, യു.എ.ഇ.

ഗ്രൂപ്പ് ബി: ബംഗ്ലാദേശ്, മലേഷ്യ, ശ്രീലങ്ക, തായ്‌ലാന്‍ഡ്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമിനും മൂന്ന് മത്സരങ്ങളാണ് കളിക്കാനുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും. ജൂലൈ 28നാണ് കലാശപ്പോരാട്ടം.

ഉദ്ഘാടന മത്സരത്തില്‍ യു.എ.ഇ നേപ്പാളിനെ നേരിടും.

ജൂലൈ 19ന് തന്നെയാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ജൂലൈ 19vs പാകിസ്ഥാന്‍ – റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം

ജൂലൈ 21 vs യു.എ.ഇ – റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം

ജൂലൈ 23 vs നേപ്പാള്‍ – റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം.

 

Content Highlight: BCCI announced squad for Women’s Asia Cup