| Monday, 30th May 2022, 10:54 pm

അവരും ഹീറോസാണ്; അണ്‍സങ് ഹീറോസിന് സമ്മാനവുമായി ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

വളരെ ആവേശകരമായ ഒരു ഐ.പി.എല്‍ സീസണാണ് കഴിഞ്ഞ ദിവസം പര്യവസാനിച്ചത്. കളി മികവ് കൊണ്ടും മത്സരഫലങ്ങള്‍ കൊണ്ടും ഒരുപാട് ത്രില്ലിംഗ് നിമിഷങ്ങള്‍ ഈ സീസണിലുണ്ടായിട്ടുണ്ട്.

ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ ഇത്രയും ത്രില്ലിംഗ് ആക്കിയതില്‍ ഗ്രൗണ്ടുകള്‍ വഹിച്ച പങ്ക് ചെറുതല്ല. ആറ് ഗ്രൗണ്ടുകളിലായിട്ടാണ് ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ നടന്നത്.

മികച്ച രീതിയില്‍ മത്സരങ്ങള്‍ നടക്കാനായി ഗ്രൗണ്ടിനെ സജ്ജീകരിച്ച പിച്ച് ക്യൂറേറ്റര്‍മാര്‍ക്കും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കുമായി 1.25 കോടി രൂപ പ്രഖ്യാപിച്ചിരിക്കുകയാണ് ബി.സി.സി.ഐ. ആറ് ഗ്രൗണ്ടുകളിലേക്കായി 12.5 ലക്ഷം രൂപ ലഭിക്കും.

ബി.സി.സി.ഐ സെക്രട്ടറി ജയ്ഷയാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. ഗ്രൌണ്ട് സ്റ്റാഫുകളെ അണ്‍സങ്ങ് ഹീറോസ് എന്നാണ് ജയ്ഷാ പറഞ്ഞത്.

സി.സി.ഐ സ്റ്റേഡിയം, വാങ്കെഡെ സ്റ്റേഡിയം, ഡി. വൈ. പാട്ടീല്‍ സ്റ്റേഡിയം, നരേന്ദ്ര മോദി സ്റ്റേഡിയം, പുനെ എം.സി.എ സ്റ്റേഡിയം, ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം എന്നീ ഗ്രൗണ്ടുകളിലായിരുന്നു ഈ വര്‍ഷം ഐ.പി. എല്‍ മത്സരങ്ങള്‍ അരങ്ങേറിയത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചുരുങ്ങിയ ഗ്രൗണ്ടുകളിലാണ് മത്സരങ്ങള്‍ നടന്നതെങ്കിലും അതിന്റെ യാതൊരു കുറവുകളും മത്സരത്തിന്റെ നടത്തിപ്പിനെ ബാധിച്ചിട്ടില്ലായിരുന്നു.

ബി.സി.സി.ഐയുടെ ഭാഗത്ത് നിന്നുള്ള നല്ലയൊരു പ്രവര്‍ത്തിയായിട്ടാണ് ക്രിക്കറ്റ് ലോകവും ആരാധകരും ഇതിനെ കാണുന്നത്. ട്വിറ്ററില്‍ ഒരുപാട് താരങ്ങള്‍ ഈ പ്രഖ്യാപനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അത് പോലെ ഗ്രൗണ്ട് സ്റ്റാഫുകളേയും തേടി അഭിനന്ദനങ്ങളെത്തിയിട്ടുണ്ട്.

Content Highlights: bcci announces prize money for ipl pitch currators and ground staffs

We use cookies to give you the best possible experience. Learn more