ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ് സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന രണ്ട് ടെസ്റ്റിനുള്ള സ്‌ക്വാഡിനെയാണ് അപെക്‌സ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടീം സെലക്ഷനിലെ പതിവ് രീതികളെ ഉടച്ചുവാര്‍ത്തുകൊണ്ടാണ് ഇന്ത്യ ടീം അനൗണ്‍സ് ചെയ്തിരിക്കുന്നത്.
ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയില്ലാതെയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച വസ്തുത. കൗണ്ടിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചപ്പോഴും ദേശീയ ടീമിന് വേണ്ടി തിളങ്ങാന്‍ സാധിക്കാതെ പോയതാണ് പൂജാരക്ക് വിനയായത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലടക്കം ഇന്ത്യയുടെ ടെസ്റ്റ് സ്പഷ്യലിസ്റ്റിന് താളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
പൂജാരക്ക് പുറമെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെയും അപെക്‌സ് ബോര്‍ഡ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വരാനിരിക്കുന്ന ഏഷ്യാ കപ്പും ഏകദിന ലോകകപ്പും കണക്കിലെടുത്താണ് താരത്തിന് വിശ്രമം അനുവദിച്ചതെന്നാണ് സൂചന.
ചേതേശ്വര്‍ പൂജാരയുടെ സ്ഥാനം തെറിച്ചതോടെ മൂന്നാം നമ്പറില്‍ ഇനിയാര് എന്ന ചോദ്യമാണ് ആരധകര്‍ ഉയര്‍ത്തുന്നത്. ഈ ചോദ്യത്തിന് ഇന്ത്യയുടെ ഭാവി താരങ്ങളിലൂടെയാണ് ബി.സി.സി.ഐ ഉത്തരം നല്‍കുന്നത്.
രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളോ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഋതുരാജ് ഗെയ്ക്വാദോ മൂന്നാം നമ്പറില്‍ ഇറങ്ങിയേക്കും എന്നാണ് സൂചന. ഐ.പി.എല്ലിലെ മികച്ച പ്രകടനങ്ങള്‍ക്ക് പുറമെ ആഭ്യന്തര മത്സരങ്ങളില്‍ പുറത്തെടുക്കുന്ന മികവ് കൂടിയാണ് ഇരുവര്‍ക്കും തുണയായത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള സ്‌ക്വാഡില്‍ സ്റ്റാന്‍ഡ് ബൈ താരമായിരുന്ന ജെയ്‌സ്വാളിനും ഒപ്പം ഗെയ്ക്വാദിനും റെഡ്‌ബോള്‍ ഫോര്‍മാറ്റിലെ അരങ്ങേറ്റത്തിന് കൂടിയാണ് കളമൊരുങ്ങുന്നത്.
ഉപനായക സ്ഥാനത്തേക്ക് അജിന്‍ക്യ രഹാനെയെത്തിയതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സ്‌ക്വാഡിലെത്തിയതും, ഫൈനലില്‍ ടീമിന്റെ ടോപ് സ്‌കോററായതും രഹാനെക്ക് തുണയായി.
കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി സെലക്ടര്‍മാരുടെ റഡാറില്‍ പോലും ഇല്ലാതിരുന്ന രഹാനെയുടെ മടങ്ങി വരവും ഒരര്‍ത്ഥത്തില്‍ പൂജാരക്ക് വിനയായി.
യുവതാരങ്ങള്‍ക്ക് വേണ്ട അവസരങ്ങള്‍ നല്‍കിയിട്ടും സര്‍ഫറാസ് ഖാനെ വീണ്ടും തഴഞ്ഞത് ആരധകരെ നിരാശരാക്കിയിട്ടുണ്ട്.
വിക്കറ്റ് കീപ്പറായി ഭരത്തിനെ തന്നെയാണ് ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിഷബ് പന്ത് മടങ്ങിയെത്തും വരെ ഭരത്തില്‍ തന്നെ വിശ്വാസമര്‍പ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പന്തിന്റെ അഭാവത്തില്‍ സ്വയം തെളിയിക്കാനുള്ള അവസരമുണ്ടായിട്ടും താരത്തിന് അതിനാകാതെ പോവുകയായിരുന്നു.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളിലെ ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണിത്. ഡബ്ല്യൂ.ടി.സി ഫൈനലിന്റെ ആദ്യ രണ്ട് എഡിഷനിലും തുണയ്ക്കാതെ പോയ ഭാഗ്യം മൂന്നാം സീസണില്‍ തങ്ങളെ തുണയ്ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ജൂലൈ 12നാണ് പരമ്പരയലെ ആദ്യ മത്സരം നടക്കുന്നത്. ഡൊമനിക്കയിലെ വിന്‍ഡ്‌സര്‍ പാര്‍ക്കാണ് വേദി.
വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ സ്‌ക്വാഡ്:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്‌ലി, യശസ്വി ജയ്‌സ്വാള്‍, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെ. എസ്. ഭരത്, ഇഷാന്‍ കിഷന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി
Content highlight: BCCI announce squad for India vs West Indies test, Cheteshwar Pujara left out