ഇന്ത്യയിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരെ കണ്ടെത്തുന്നതിനായി ടാലന്റ് ഹണ്ട് സംഘടിപ്പിക്കാന്‍ ഒരുങ്ങി ബി.സി.സി.ഐ. 18നും 23നും ഇടയില്‍ പ്രായമുള്ള ബൗളര്‍മാര്‍ക്കാണ് രാജ്യവ്യാപകമായി ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലകരുടെ മേല്‍നോട്ടത്തിലായിരിക്കും ടാലന്റ് ഹണ്ട് സംഘടിപ്പിക്കുക. മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ ടീമിലില്ലാത്തതാണ് ഐ.സി.സി ടെസ്റ്റ് ലോകകപ്പിന്റെ ഫൈനലിലടക്കം ടീം ഇന്ത്യയുടെ പരാജയത്തിന് കാരണം എന്ന വിമര്‍ശനമുണ്ടായിരുന്നു. അതിനാലാണ് പുതിയ നീക്കമെന്നും ബി.സി.സി.ഐ സോഴ്‌സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഈ ടാലന്റ് ഹണ്ട് എവിടെയൊക്കെ, എങ്ങനെ നടക്കും എന്നതിനെക്കുറിച്ചൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബി.സി.സി.ഐ തന്നെ ഔദ്യോഗികമായി ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.