നിങ്ങള്‍ക്ക് തീരെ വകതിരിവില്ലേ? ഏഷ്യാ കപ്പ് ഷെഡ്യൂളിനെതിരെ ബി.സി.സി.ഐ
Asia Cup
നിങ്ങള്‍ക്ക് തീരെ വകതിരിവില്ലേ? ഏഷ്യാ കപ്പ് ഷെഡ്യൂളിനെതിരെ ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th July 2018, 5:12 pm

മുംബൈ: ഏഷ്യാകപ്പ് മത്സരക്രമത്തിനെതിരെ ബി.സി.സി.ഐ രംഗത്ത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ത്യന്‍ ടീമിന് കളിക്കേണ്ടി വരുന്നതിലാണ് ബി.സി.സി.ഐ പ്രതിഷേധം അറിയിച്ചത്.

സെപ്തംബര്‍ 18 നും 19 നും ഇന്ത്യയ്ക്ക് കളിയുണ്ട്. ഒരു മത്സരം കഴിഞ്ഞ് വിശ്രമിക്കാനുള്ള സമയം പോലും നല്‍കാതെ അടുത്ത മത്സരത്തിനിറങ്ങേണ്ടിവരുമെന്നതിനാല്‍ ഷെഡ്യൂള്‍ അംഗീകരിക്കാനാവില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു. ഗ്രൂപ്പ് എ യില്‍ ഇന്ത്യയും പാകിസ്ഥാനുമാണ് മത്സരിക്കുന്നത്. യോഗ്യത റൗണ്ട് കളിച്ചെത്തുന്ന ഒരു ടീമും എ ഗ്രൂപ്പില്‍ മത്സരിക്കും.

സെപ്തംബര്‍ 18 ന് ക്വാളിഫെയര്‍ ടീമുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 19 ന് പാകിസ്ഥാനുമായാണ് ഇന്ത്യയുടെ രണ്ടാം മത്സരം.

ALSO READ: 9 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ്, പുറത്താകാതെ 51 റണ്‍സ്; സ്‌കൂള്‍ ക്രിക്കറ്റില്‍ അവിസ്മരണീയ പ്രകടനവുമായി ദ്രാവിഡിന്റെ മകന്‍

“മത്സരക്രമം നിര്‍ണയിച്ചത് ബുദ്ധിശൂന്യമായാണ്. ബദ്ധവൈരികളായ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് ഒരു ദിവസത്തെ ഇടവേളപോലുമില്ല.”- ഉന്നത ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ഷെഡ്യൂള്‍ അംഗീകരിക്കാനാവില്ലെന്നും പണത്തിനല്ല, സമത്വത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായിലാണ് ഏഷ്യാകപ്പ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് ബി യില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് മത്സരിക്കുന്നത്. ഇന്ത്യയാണ് നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍മാര്‍.

WATCH THIS VIDEO: