ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഒരിക്കല്‍ക്കൂടി തഴഞ്ഞ് ബി.സി.സി.ഐ. പരിക്കേറ്റ ശ്രേയസ് അയ്യരിന് പകരക്കാരനായി ആരെയും ഉള്‍പ്പെടുത്തേണ്ട എന്ന ശിവ്‌സുന്ദര്‍ ദാസിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമാണ് സഞ്ജുവിന് വീണ്ടും തിരിച്ചടിയായിത്.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലായിരുന്നു ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. പുറം വേദനയെ തുടര്‍ന്ന് താരത്തെ പരിശോധനകള്‍ക്ക് വിധേയനാക്കുകയും ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ ഏകദിന പരമ്പരയില്‍ നിന്നും ഒഴിവാക്കുകയുമായിരുന്നു.
ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനായി സഞ്ജു സാംസണ്‍ തന്നെ ടീമില്‍ ഇടം നേടുമെന്നായിരുന്നു ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിച്ചത്. സഞ്ജുവിന്റെ ഏകദിന ശരാശരി (66) തന്നെയായിരുന്നു ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിന് പിന്നാലെ സഞ്ജു ഒരിക്കല്‍ക്കൂടി തഴയപ്പെടുകയായിരുന്നു.
ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം അയ്യര്‍ക്ക് പകരക്കാരനെ നിര്‍ദേശിക്കാനില്ല എന്ന നിലപാടായിരുന്നു ബി.സി.സി.ഐ സ്വീകരിച്ചത്.
ഇതിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. സെലക്ഷന്‍ കമ്മിറ്റി മാറിയാലും സഞ്ജുവിനോടുള്ള നിലപാടില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ല, ഇതിലും നല്ലത് സഞ്ജുവിനോട് വിരമിക്കാന്‍ പറയുന്നതല്ലേ, സഞ്ജുവിന്റെ ഏകദിന കരിയര്‍ ബി.സി.സി.ഐ അവസാനിപ്പിച്ചോ തുടങ്ങിയ ചോദ്യങ്ങളുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അമര്‍ഷം രേഖപ്പെടുത്തുന്നുണ്ട്.
മൂന്ന് മത്സരങ്ങളാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലുള്ളത്. മാര്‍ച്ച് 17നാണ് പരമ്പരയിലെ ആദ്യ മത്സരം. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുക.
വിശാഖില്‍ വെച്ച് നടക്കുന്ന രണ്ടാം ഏകദിനത്തില്‍ രോഹിത് ഇന്ത്യന്‍ ടീമിനൊപ്പം ചേരും.
ഇന്ത്യ സ്‌ക്വാഡ്:
രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി, അക്‌സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍, കെ.എല്‍. രാഹുല്‍, ജയ്‌ദേവ് ഉനദ്കട്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍.
Content Highlight: BCCI again snubs Sanju Samson