| Wednesday, 1st January 2025, 8:16 pm

വീഡിയോ: ഒരിക്കല്‍ കണ്ടാല്‍ വീണ്ടും വീണ്ടും കാണാതിരിക്കാനാകില്ല; ഞെട്ടിച്ച ക്യാച്ചുമായി വിരാട് കൈവിട്ടവന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബിഗ് ബാഷ് ലീഗില്‍ അവിശ്വസനീയ ക്യാച്ചുമായി സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. ബ്രിയ്‌ബെയ്‌നിലെ ഗാബ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ സ്റ്റാര്‍സ് – ബ്രിസ്‌ബെയ്ന്‍ ഹീറ്റ് മത്സത്തിലാണ് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച ക്യാച്ചുമായി മാക്‌സ്‌വെല്‍ തിളങ്ങിയത്.

ബ്രിസ്‌ബെയ്ന്‍ ഇന്നിങ്‌സിന്റെ 17ാം ഓവറിലെ ആദ്യ പന്തിലാണ് ഈ തകര്‍പ്പന്‍ ക്യാച്ച് പിറന്നത്. ഡാന്‍ ലോറന്‍സെറിഞ്ഞ പന്ത് ഹീറ്റ് താരം വില്‍ പ്രെസ്റ്റ്വിഡ്ജ് ലോങ് ഓഫിന് മുകളിലൂടെ സിക്‌സറിന് പറത്താന്‍ ശ്രമിച്ചു. എന്നാല്‍ മാക്‌സ്‌വെല്‍ എന്ന അപകടം അവിടെ പതിയിരിക്കുന്നുണ്ടെന്ന് പ്രെസ്റ്റ്വിഡ്ജ് മറന്നു.

ഉയര്‍ന്നുചാടി പന്ത് ക്യാച്ചെടുക്കാനായിരുന്നു മാക്‌സ്‌വെല്ലിന്റെ ശ്രമം. പന്ത് കൈപ്പിടിയിലൊതുക്കിയെങ്കിലും അതിര്‍ത്തി വര കടന്നെന്ന് മനസിലാക്കിയ മാക്‌സി പന്ത് പുറത്തേക്കെറിയുകയും ശേഷം ക്യാച്ച് കംപ്ലീറ്റ് ചെയ്യുകയുമായിരുന്നു.

ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടിയാകും മാക്‌സ് വെല്‍ ഇത്തരം ക്യാച്ചുകളെടുക്കുക. ഐ.പി.എല്‍ താരലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് കൈവിട്ട മാക്‌സിയെ 4.2 കോടിക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കുകയായിരുന്നു.

അതേസമയം, മത്സരത്തില്‍ ബ്രിസ്‌ബെയ്‌നെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി മെല്‍ബണ്‍ വിജയം സ്വന്തമാക്കിയിരുന്നു. ഹീറ്റ് ഉയര്‍ത്തിയ 150 റണ്‍സിന്റെ വിജയലക്ഷ്യം 11 പന്ത് ബാക്കി നില്‍ക്കവെയാണ് സ്റ്റാര്‍സ് മറികടന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹീറ്റ് മാക്‌സ് ബ്രയന്റിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 48 പന്ത് നേരിട്ട താരം പുറത്താകാതെ 77 റണ്‍സ് നേടി. 18 പന്തില്‍ 21 റണ്‍സ് നേടിയ പോള്‍ വാള്‍ട്ടറാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ബ്രിസ്‌ബെയ്ന്‍ 149 റണ്‍സിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്റ്റാര്‍സിന് തുടക്കം പാളി. ബെന്‍ ഡക്കറ്റ് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയപ്പോള്‍ ടോം റോജേഴ്‌സ് ആറ് റണ്‍സിനും വിക്കറ്റ് കീപ്പര്‍ സാം ഹാര്‍പര്‍ എട്ട് റണ്‍സിനും പുറത്തായി.

14ന് മൂന്ന് എന്ന നിലയില്‍ പരുങ്ങിയ സ്റ്റാര്‍സിനെ ക്യാപ്റ്റന്‍ മാര്‍കസ് സ്റ്റോയ്‌നിസും ഡാന്‍ ലോറന്‍സും കൈപിടിച്ചുയര്‍ത്തി. നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് ഇരുവരും ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ലോറന്‍ല് 38 പന്തില്‍ പുറത്താകാതെ 64 റണ്‍സടിച്ചപ്പോള്‍ 48 പന്തില്‍ 62 റണ്‍സാണ് സ്റ്റോയ്‌നിസ് സ്വന്തമാക്കിയത്.

ആദ്യ അഞ്ച് മത്സരവും പരാജയപ്പെട്ട സ്റ്റാര്‍സിന്റെ ആദ്യ വിജയമാണിത്. ആറ് മത്സരത്തില്‍ നിന്നും രണ്ട് പോയിന്റുമായി എട്ടാമതാണ് മെല്‍ബണ്‍. അഞ്ച് കളിയില്‍ നാല് ജയവുമായി സിഡ്‌നി സിക്‌സേഴ്‌സാണ് ഒന്നാമത്.

ജനുവരി നാലിനാണ് സ്റ്റാര്‍സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മെല്‍ബണ്‍ നാട്ടങ്കത്തില്‍ റെനെഗെഡ്‌സാണ് എതിരാളികള്‍.

Content Highlight: BBL:  Glenn Maxwell’s brilliant catch

We use cookies to give you the best possible experience. Learn more