| Tuesday, 19th May 2020, 7:40 am

ബി.ബി.സി വേൾഡ് ന്യൂസിൽ അതിഥിയായി കെ.കെ ശൈലജ; വീണ്ടും ചർച്ചയായി കേരളത്തിന്റെ കൊവിഡ് പ്രതിരോധ ശ്രമങ്ങൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ബി.ബി.സി വേൾഡ് ന്യൂസിൽ അതിഥിയായെത്തി ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. കൊവിഡ് പ്രതിരോധത്തിൽ കേരളം കൈവരിച്ച നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു. തിരുവനന്തപുരത്ത് നിന്ന് ലൈവായാണ് മന്ത്രി ബി.ബി.സിയുമായി സംസാരിച്ചത്. അഞ്ച് മിനിറ്റ് ദൈർഘ്യമേറിയതായിരുന്നു അഭിമുഖം.

കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ബി.ബി.സി ചർച്ചയ്ക്കൊപ്പം നൽകിയിരുന്നു. ചൈനയിലെ വുഹാനിൽ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ സംസ്ഥാനത്തും മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നുവെന്ന് മന്ത്രി ബി.ബി.സിയോട് പറഞ്ഞു. രണ്ടാം ഘട്ടത്തിൽ രോ​ഗ നിർണയത്തിന് സംവിധാനങ്ങൾ വിപുലപ്പെടുത്തി.

പുറത്ത് നിന്ന് എത്തുന്നവരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റോഡുകളിലും നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. രോ​ഗലക്ഷണമുള്ളവരെ ഐസൊലേറ്റ് ചെയ്തു. രോ​ഗികൾക്ക് മേൽ ആരോ​ഗ്യ പ്രവർത്തകരുടെ കൃത്യമായ നിരീക്ഷണം ഏർപ്പെടുത്തി. ഇവയെല്ലാം കേരളത്തിൽ രോ​​ഗ വ്യാപനം തടയാൻ സഹായമായെന്ന് മന്ത്രി വിശദീകരിച്ചു.

പ്രവാസികളെക്കുറിച്ചും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിവരുന്നവരെക്കുറിച്ചുമുള്ള അവതാരകയുടെ ചോദ്യത്തിനും മന്ത്രി മറുപടി നൽകി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

We use cookies to give you the best possible experience. Learn more