| Saturday, 11th March 2023, 11:29 am

'ബ്രിട്ടീഷ് സര്‍ക്കാരിന്റേത് നാസികളുടെ ഭാഷ'; കുടിയേറ്റ വിരുദ്ധ ബില്ലിനെതിരെ ട്വീറ്റ്; ഗാരി ലിനേക്കറിനെ പിരിച്ച് വിട്ട് ബി.ബി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന് ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും ടി.വി അവതാരകനുമായ ഗാരി ലിനേക്കറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ബി.ബി.സി.

1990കള്‍ മുതല്‍ ബി.ബി.സിയുടെ ഫുട്‌ബോള്‍ അവലോകന പ്രോഗ്രാം ‘മാച്ച് ഓഫ് ദ ഡേയുടെ’ അവതാരകനായ ഗാരി ബ്രിട്ടനിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടി.വി അവതാരകരിലൊരാളാണ്. രാഷ്ട്രീയ നിലപാടുകളില്‍ പക്ഷം ചേരരുതെന്ന ചാനല്‍ നിയമം തെറ്റിച്ചെന്നാരോപിച്ചാണ് ബി.ബി.സി ഗാരിയെ പുറത്താക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഋഷി സുനക് സര്‍ക്കാര്‍ നടപ്പിലാക്കിയ കുടിയേറ്റ വിരുദ്ധ ബില്ലിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഗാരിയുടെ ട്വീറ്റ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന രാജ്യമാണ് ബ്രിട്ടനെന്നും മുപ്പതുകളിലെ ജര്‍മന്‍ നാസിപ്പട്ടാളത്തിന്റെ രീതികള്‍ക്ക് സമാനമാണ് പുതിയ നടപടിയെന്നുമാണ് ഗാരി അഭിപ്രായപ്പെട്ടത്.

‘വലിയ കുത്തൊഴുക്കൊന്നുമില്ല, മറ്റ് രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനേക്കാള്‍ കുറവ് ആളുകളെയാണ് നമ്മള്‍ സ്വീകരിക്കുന്നത്. ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്കെതിരെയുള്ള അതി ക്രൂരമായ നടപടിയാണിത്. മുപ്പതുകളിലെ ജര്‍മന്‍ നാസികളുടേതിന് സമാനമായ ഭാഷയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്,’ എന്നായിരുന്നു ഗാരിയുടെ ട്വീറ്റ്.

ട്വീറ്റിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. ഗാരിക്ക് തന്റെ നിലപാട് വ്യക്തമാക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ തീരുമാനങ്ങളോട് പക്ഷം പിടിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നുമാണ് ബി.ബി.സി പറഞ്ഞത്. അതിനാല്‍ ചാനല്‍ നിയമം ലംഘിച്ചതായി കണ്ടെത്തി ഗാരിയെ പുറത്താക്കുന്നു,’ ബി.ബി.സി പ്രസ്താവനയില്‍ പറഞ്ഞു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിഷയത്തില്‍ ഗാരിക്കെതിരെ നടപടി സ്വീകരിക്കാന്‍ ബി.ബി.സിയോട് ആവശ്യപ്പെട്ടെന്നും തുടര്‍ന്നാണ് അദ്ദേഹത്തെ ചാനലില്‍ നിന്ന് പുറത്താക്കിയതെന്നുമാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്.

അതിനിടെ ബ്രിട്ടനിലെ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ഗാരി ലിനേക്കറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. മാച്ച് ഓഫ് ദ ഡേയില്‍ ഗാരിയുടെ സഹ അവതാരകരായിരുന്ന അലന്‍ ഷിയററും, ഇയാന്‍ റൈറ്റും പരിപാടിയില്‍ നിന്ന് സ്വയം പിന്‍മാറുന്നതായും ബി.ബി.സിയെ അറിയിച്ചിട്ടുണ്ട്.

ബോട്ടിലും മറ്റുമായി യു.കെയിലെത്തുന്ന അഭയാര്‍ത്ഥികളെ സ്വന്തം രാജ്യത്തേക്കോ റുവാന്‍ഡ പോലുള്ള സ്ഥലങ്ങളിലേക്കോ നാടുകടത്താന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് വിവാദമായ കുടിയേറ്റ വിരുദ്ധ ബില്ല്.  ഇതിനെതിരെ അന്താരാഷ്ട്ര സമൂഹങ്ങളിലടക്കം വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

Content Highlight: BBC Terminated Gary lineaker for tweet against uk government

We use cookies to give you the best possible experience. Learn more