ലണ്ടന്‍: പണം നല്‍കി കൗമാരക്കാരിയില്‍ നിന്നും അശ്ലീല ചിത്രങ്ങള്‍ വാങ്ങിയെന്ന ആരോപണത്തില്‍ വാര്‍ത്താ അവതാരകനെ സസ്‌പെന്‍ഡ് ചെയ്ത് ബി.ബി.സി. ചിത്രങ്ങള്‍ വാങ്ങുന്നതിനായി കൗമാരക്കാരിക്ക് 35,000 പൗണ്ട് 2020 മുതല്‍ നല്‍കിയതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായുള്ള റിപ്പോര്‍ട്ട് ദി സണ്‍ പത്രമാണ് പുറത്ത് വിട്ടത്. എന്നാല്‍ അവതാരകന്റെ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
ബ്രിട്ടനില്‍ ലൈംഗിക സമ്മതത്തിനുള്ള പ്രായം 16 ആണെങ്കിലും 18 വയസിന് താഴെയുള്ളവരുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുന്നതും കൈവശം വെക്കുന്നതും കുറ്റകരമാണ്.
മെയ് പത്തൊമ്പതിനാണ് പെണ്‍കുട്ടിയുടെ കുടുംബം ബി.ബി.സിക്ക് പരാതി നല്‍കിയത്. എന്നാല്‍ ഉടന്‍ തന്നെ അവതാരകനെ നീക്കാന്‍ ബി.ബി.സി തയ്യാറായില്ലെന്നും ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവതാരകന്‍ പണമയക്കുന്നത് നിര്‍ത്തണമെന്നതായിരുന്നു കുടുംബത്തിന്റെ ആവശ്യം. അവതാരകന്‍ നല്‍കുന്ന പണം ബന്ധു മയക്കുമരുന്നിന് ഉപയോഗിക്കുന്നുവെന്നും കുടുംബം പറയുന്നു.
ആരോപണത്തെ ഗൗരവകരമായാണ് കാണുന്നതെന്ന് ബി.ബി.സി പ്രസ്താവനയിലൂടെ അറിയിച്ചു. വാര്‍ത്താ അവതാരകനെ സസ്‌പെന്‍ഡ് ചെയ്തതായി സ്ഥിരീകരിക്കുന്നതായി ബി.ബി.സി അറിയിച്ചു.
സംഭവത്തെ കുറിച്ച് ബി.ബി.സി ഡയറക്ടര്‍ ജനറല്‍ ടിം ഡാവിയുമായി സംസാരിച്ചതായി യു.കെ സാംസ്‌കാരിക മന്ത്രി ലൂസി ഫ്രസെര്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവത്തെ കുറിച്ച് എത്രയും വേഗം അന്വേഷിക്കുമെന്ന് ടിം ഉറപ്പ് നല്‍കിയതായും ലൂസി പറഞ്ഞു.
ആരോപണത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ബി.ബി.സിക്ക് വസ്തുത പരിശോധിക്കാനും അന്വേഷിച്ച് നടപടി സ്വീകരിക്കാനും ആവശ്യമായ സമയം നല്‍കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബി.ബി.സി അവരുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ലേബര്‍ പാര്‍ട്ടിയുടെ ധനകാര്യ വക്താവ് റേച്ചല്‍ റീവ്‌സ് പറഞ്ഞു.
സംഭവത്തില്‍ ബി.ബി.സി ബന്ധപ്പെട്ടതായി ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് ഞായറാഴ്ച പുറത്തിറിക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്ത് നടപടിയാണ് എടുക്കേണ്ടതെന്ന് തീരുമാനിക്കുന്നതിന് മുന്‍പ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
Content Highlight: BBC suspends presenter ove the alledgation of paying teen for sexually explicit photos