'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍'; ഡോക്യുമെന്ററിയില്‍ ബി.ബി.സിക്ക് വീണ്ടും സമന്‍സ്
national news
'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍'; ഡോക്യുമെന്ററിയില്‍ ബി.ബി.സിക്ക് വീണ്ടും സമന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2024, 7:57 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട വിവാദ ഡോക്യുമെന്ററിയില്‍ ബി.ബി.സിക്ക് വീണ്ടും സമന്‍സ്. ദല്‍ഹി ഹൈക്കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. നേരത്തെ നല്‍കിയ സമന്‍സുകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ബി.ജെ.പി നേതാവ് ബിനയ് കുമാര്‍ സിങ്ങിന്റെ പരാതിയിലാണ് നീക്കം. ബി.ബി.സിയെ കൂടാതെ കേസിലെ മറ്റു പ്രതികളായ വിക്കിമീഡിയ ഫൗണ്ടേഷനും യു.എസ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ ലൈബ്രറി ഇന്റര്‍നെറ്റ് ആര്‍ക്കൈവും അടങ്ങുന്ന വിദേശ സ്ഥാപനങ്ങള്‍ സമന്‍സിലെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം രോഹിണി കോടതിയിലെ അഡീഷണല്‍ ജില്ലാ ജഡ്ജി രുചിക സിംഗ്‌ള ബി.ബി.സിക്കും കേസുമായി ബന്ധപ്പെട്ട മറ്റു ചിലര്‍ക്കും മാനനഷ്ടത്തിന് സമന്‍സ് അയച്ചിരുന്നു. മോദിയെ കുറിച്ചും ബി.ജെ.പിയുടെ പോഷക സംഘടനകളായ ആര്‍.എസ്.എസ്, വി.എച്ച്.പി എന്നിവയെ കുറിച്ചും പ്രസിദ്ധീകരണങ്ങള്‍ നടത്തുന്നത് തടയണമെന്നാണ് സമന്‍സിലെ ആവശ്യം.

അതേസമയം ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെന്ററി രാജ്യത്തിന്റെയും മോദിയുടെയും ജുഡീഷ്യറിയുടെയും മതിപ്പ് ഇല്ലാതാക്കിയെന്ന് അവകാശപ്പെട്ട് ഗുജറാത്ത് ആസ്ഥാനമായുള്ള ജസ്റ്റിസ് ഓണ്‍ ട്രയല്‍ എന്ന എന്‍.ജി.ഒ ഹരജി ഫയല്‍ ചെയ്തിരുന്നു. ഈ ഹരജിയില്‍ ദല്‍ഹി ഹൈക്കോടതി ബി.ബി.സിക്ക് നോട്ടീസും അയച്ചിരുന്നു. ഇതിനുപുറമെ ജസ്റ്റിസ് സച്ചിന്‍ ദത്ത ബി.ബി.സി ഇന്ത്യയ്ക്കും നോട്ടീസ് നല്‍കിയിരുന്നു.

വേണ്ടത്ര ഗവേഷണം നടത്തിയ ശേഷമാണ് ഡോക്യുമെന്ററി തയ്യാറാക്കിയത് എന്നായിരുന്നു കേസില്‍ ബി.ബി.സി നല്‍കിയ വിശദീകരണം. വിവാദ വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നുവെന്നും എന്നാല്‍ ഇന്ത്യ പ്രതികരിച്ചില്ലെന്നുമാണ് ബി.ബി.സി കേസിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നത്. ബി.ജെ.പി നേതാക്കളുടെ അഭിപ്രായം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബ്രിട്ടീഷ് മാധ്യമം പ്രതികരിച്ചിരുന്നു.

Content Highlight: BBC summoned again in controversial documentary related to Modi