| Saturday, 2nd November 2024, 9:40 pm

'ഇസ്രഈല്‍ വാദങ്ങളെ എതിര്‍ക്കുന്നതില്‍ പരാജയപ്പെട്ടു'; ബി.ബി.സിക്കെതിരെ സ്ഥാപനത്തിലെ നൂറോളം ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ നെതന്യാഹു ഭരണകൂടത്തോട് സ്ഥാപനം പക്ഷപാതം കാണിക്കുന്നുവെന്ന് ബി.ബി.സി ജീവനക്കാര്‍. തെളിവുകള്‍ കൂടാതെ സത്യസന്ധമല്ലാത്ത വാര്‍ത്തകളാണ് ബി.ബി.സി നല്‍കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ബി.ബി.സിയുടെ ഡയറക്ടര്‍ ജനറല്‍ ടിം ഡേവിക്കും സി.ഇ.ഒ ഡെബോറ ടര്‍ണസിനും ജീവനക്കാര്‍ കത്തയച്ചു.

ബി.ബി.സിയിലെ നൂറിലധികം ജീവനക്കാരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ‘ദ ഇന്‍ഡിപെന്‍ഡന്റ്’ ദിനപത്രമാണ് ബി.ബി.സി ജീവനക്കാരുടെ നീക്കം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ മാനദണ്ഡങ്ങളെ ബി.ബി.സിയുടെ നിലപാട് അപകടത്തിലാക്കിയെന്ന് കത്തില്‍ പറയുന്നു. ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഇസ്രഈല്‍ ഭരണകൂടം മുന്നോട്ടുവെക്കുന്ന അവകാശവാദങ്ങളെ എതിര്‍ക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.

വാര്‍ത്തയുടെ തലക്കെട്ടില്‍ പോലും ബി.ബി.സി കൃതിമത്വം കാണിക്കുകയാണെന്നും കത്തില്‍ പറയുന്നു. ഫലസ്തീനികളെ വിശ്വസനീയമല്ലാത്ത സ്രോതസായാണ് ബി.ബി.സി കണക്കാക്കുന്നതെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. ഇസ്രഈലിന്റെ വാദങ്ങള്‍ക്ക് സ്ഥാപനം കൂടുതല്‍ മുന്‍ഗണന നല്‍കുന്നുവെന്നും പ്രതിഷേധം അറിയിച്ച് ജീവനക്കാര്‍ പ്രതികരിച്ചു.

റിപ്പോര്‍ട്ട് പ്രകാരം, ഗസയില്‍ തുടരുന്ന ഇസ്രഈല്‍ വംശഹത്യയില്‍ ബി.ബി.സി സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് നിരവധി ജീവനക്കാര്‍ രാജിവെച്ചിട്ടുണ്ട്. ബി.ബി.സിയിലെ ജീവനക്കാര്‍ക്ക് പുറമെ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ധര്‍, ചരിത്രകാരന്മാര്‍ എന്നിവരും കത്തില്‍ ഒപ്പുവെച്ചതായാണ് വിവരം.

എന്നാല്‍ ജീവനക്കാരുടെ ആരോപണങ്ങള്‍ നിഷേധിച്ച് ബി.ബി.സി വക്താവ് പ്രതികരിച്ചു. സുതാര്യമായി വാര്‍ത്തകള്‍ നല്‍കാനാണ് ബി.ബി.സി എപ്പോഴും ശ്രമിക്കുന്നത്. യുദ്ധത്തിനിടയില്‍ വാര്‍ത്തകള്‍ കണ്ടെത്തുന്നതില്‍ പ്രതിസന്ധിയുണ്ടെങ്കിലും വസ്തുതാ വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ലെന്നുമാണ് ബി.ബി.സി വക്താവ് പ്രതികരിച്ചത്.

നേരത്തെ പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷം കവര്‍ ചെയ്യുന്നതില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പക്ഷപാതം കാണിക്കുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സി.എന്‍.എന്‍ ഉള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരുന്നത്.

ഗസയില്‍ ഫലസ്തീനികള്‍ നേരിടുന്ന പ്രതിസന്ധികളുടെ വ്യാപ്തി കുറച്ചുകാണിക്കുന്നുവെന്നും ഇസ്രഈല്‍ സൈനികരുടെ മാനസിക ആരോഗ്യത്തിന് മാധ്യമങ്ങള്‍ മുന്‍തൂക്കം നല്‍കുന്നെന്നുമായിരുന്നു വിമര്‍ശനം.

നിലവില്‍ ഐ.ടി.വി, സ്‌കൈ തുടങ്ങിയ ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കെതിരെയും വിമര്‍ശനമുണ്ട്. മാധ്യമധര്‍മത്തിന് എതിരായ നീക്കങ്ങളാണ് സ്ഥാപനങ്ങള്‍ നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 43,259 ഫലസ്തീനികള്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. 101,827 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Content Highhlight: BBC staff say organization biased against Netanyahu administration in Israel-Palestine conflict

Latest Stories

We use cookies to give you the best possible experience. Learn more