| Friday, 20th January 2023, 11:32 am

വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു, പക്ഷെ പ്രതികരിച്ചില്ല; 'മോദി ഡോക്യുമെന്ററി'യില്‍ ബി.ബി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുജറാത്ത് കലാപത്തെ കുറിച്ചും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുമുള്ള ‘ഇന്ത്യ, ദ മോദി ക്വസ്റ്റിയന്‍’ (India: The Modi Question) എന്ന ഡോക്യുമെന്ററി സീരീസില്‍ വിശദീകരണവുമായി ബി.ബി.സി.

വേണ്ടത്ര ഗവേഷണം നടത്തിയ ശേഷമാണ് ഡോക്യുമെന്ററി തയ്യാറാക്കിയത് എന്നാണ് ബി.ബി.സി നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്.

വിവാദ വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നുവെന്നും എന്നാല്‍ ഇന്ത്യ പ്രതികരിച്ചില്ലെന്നുമാണ് ബി.ബി.സി വ്യക്തമാക്കിയത്. ബി.ജെ.പി നേതാക്കളുടെ അഭിപ്രായം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബ്രിട്ടീഷ് മാധ്യമം പ്രതികരിച്ചു.

അതിനിടെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

”ഇത് (ഡോക്യുമെന്ററി) ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല എന്ന് ശ്രദ്ധിക്കുക. അതുകൊണ്ട്, അതേക്കുറിച്ച് കേട്ടതിന്റെയും എന്റെ സഹപ്രവര്‍ത്തകര്‍ കണ്ട് പറഞ്ഞതിന്റെയും പശ്ചാത്തലത്തില്‍ മാത്രമാണ് ഞാന്‍ അഭിപ്രായം പറയാന്‍ പോകുന്നത്.

അപകീര്‍ത്തികരമായ ഒരു നരേറ്റീവിനെ മുന്നോട്ട് കൊണ്ടുപോകാന്‍ രൂപകല്‍പന ചെയ്ത ഒരു പ്രൊപ്പഗാണ്ട പീസാണ് ഈ സീരീസെന്ന് ഞാന്‍ വ്യക്തമായി പറയട്ടെ. പക്ഷപാതം, വസ്തുനിഷ്ഠതയുടെ അഭാവം, കൊളോണിയല്‍ ചിന്താഗതിയുടെ തുടര്‍ച്ച എന്നിവ ഈ ഡോക്യുമെന്ററിയില്‍ വ്യക്തമായി കാണാം,” വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ ഡോക്യുമെന്ററി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. നരേന്ദ്ര മോദിയുടെ ന്യൂനപക്ഷ വിരുദ്ദത തുറന്നുകാണിക്കുന്ന ഡോക്യുമെന്ററിയാണ് ഇതെന്ന് ഒബ്രിയാന്‍ പറഞ്ഞു.

ഡോക്യുമെന്ററിയുടെ യൂട്യൂബിലെ പല ക്ലിപ്പിങ്ങുകളും വിവിധ പ്രതിപക്ഷ നേതാക്കള്‍ പങ്കുവെച്ചതിന് പിന്നാലെ ഡോക്യുമെന്ററിയുടെ ലിങ്ക് യൂട്യൂബ് പിന്‍വലിച്ചിരുന്നു.

എന്നാല്‍ വിവിധ വെബ്‌സൈറ്റുകളില്‍ ഡോക്യുമെന്ററി അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതാണ് ഡെറിക് ഒബ്രിയാന്‍ അടക്കമുള്ള നേതാക്കള്‍ പങ്കുവെക്കുന്നത്.

ബി.ബി.സി 2 ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററി ഇതിനോടകം വലിയ വിവാദമായി മാറിയിട്ടുണ്ട്. ഡോക്യുമെന്ററിക്കെതിരെ വിനീത് ജിന്‍ഡാല്‍ എന്ന അഭിഭാഷകന്‍ ദല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഡോക്യുമെന്ററി സീരീസ് എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

എന്നാല്‍ ഇന്ത്യയില്‍ ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുള്ള പ്രതിഷേധങ്ങള്‍ തുടരുമ്പോഴും സീരീസിന്റെ അടുത്ത ഭാഗങ്ങള്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബി.ബി.സി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കഴിഞ്ഞ 17ാം തീയതിയായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യഭാഗം ബി.ബി.സി സംപ്രേക്ഷണം ചെയ്തത്. 24ാം തീയതി രണ്ടാം ഭാഗവും റിലീസ് ചെയ്യും. ഗുജറാത്ത് കലാപത്തിന് പുറമെ 2019 തെരഞ്ഞെടുപ്പ് കാലത്ത് മോദി സ്വീകരിച്ച നയങ്ങളും നിലപാടുകളും സംബന്ധിച്ചുള്ള വിലയിരുത്തലുകളും രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് ബി.ബി.സി നല്‍കുന്ന സൂചന.

Content Highlight: BBC’s explanation on India: The Modi Question documentary

We use cookies to give you the best possible experience. Learn more