ട്രംപിന്റെ വംശീയ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചു, അവതാരകക്കെതിരെ നടപടിക്കൊരുങ്ങിയ ബി.ബി.സി പ്രതിഷേധം കാരണം നടപടി പിന്‍വലിച്ചു
World
ട്രംപിന്റെ വംശീയ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചു, അവതാരകക്കെതിരെ നടപടിക്കൊരുങ്ങിയ ബി.ബി.സി പ്രതിഷേധം കാരണം നടപടി പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st October 2019, 8:22 pm

ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വംശീയ പരാമര്‍ശത്തിനെതിരെ ചാനല്‍ പരിപാടിയില്‍ അഭിപ്രായം പറഞ്ഞ അവതാരക്കെതിരെ നടപടി സ്വീകരിക്കാനുള്ള ബി.ബി.സി നീക്കം വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അവതാരക തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ചാനല്‍ പരിപാടിയില്‍ പറഞ്ഞത് ബി.ബി.സി യുടെ എഡിറ്റോറിയല്‍ നിയമാവലിക്ക് എതിരാണെന്നു പറഞ്ഞാണു ചാനല്‍ നടപടിക്കൊരുങ്ങിയത്.എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനം വന്നതിനാലാണ് ചാനല്‍ ശിക്ഷാനടപടി പിന്‍വലിക്കുന്നത്.

കഴിഞ്ഞ ജൂലൈയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ നാലു വനിതാ പ്രതിനിധികളെയാണ് ട്രംപ് വംശീയമായി അധിക്ഷേപിച്ചത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഈ ഉന്നത വനിതകളെ കാണുമ്പോള്‍ കൗതുകം തോന്നുന്നു. എന്തെന്നാല്‍ സര്‍ക്കാര്‍ തകര്‍ന്നടിഞ്ഞ, അഴിമതി നിറഞ്ഞ രാജ്യങ്ങളില്‍ നിന്നാണ് അവര്‍ വരുന്നത്. എന്തുകൊണ്ട് ഇവര്‍ ഇവരുടെ രാജ്യത്തേക്ക് പോയി അവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തത് എന്നായിരുന്നു അമേരിക്കയിലേക്ക് കുടിയേറിയ ഈ നാലു വനിതകളെ ഉദ്ദേശിച്ച് ട്രംപ് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ബി.സിയില്‍ മോണിംഗ് ഷോയില്‍ ട്രംപിന്റെ പ്രസ്താവന വിഷയമായപ്പോളാണ് അവകാരകയായ നാഗ മഞ്ചേട്ടി തന്റെ അഭിപ്രായം പറഞ്ഞത്.

എന്റെ നിറത്തിന്റെ പേരില്‍ എല്ലാ സമയത്തും ഞാന്‍ വന്നിടത്തേക്ക് തിരിച്ചു പോകാന്‍ പലരും എന്നോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്.
‘ഞാന്‍ ആരെയും പേരെടുത്ത് പറയുന്നില്ല എന്നിരുന്നാലും പ്രയോഗങ്ങള്‍ എന്താണ് അര്‍ഥമാക്കുന്നത് എന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും എന്നും അവര്‍ സഹ അവതാരകനോട് കൂട്ടിച്ചേര്‍ത്തു.

ഇവരുടെ പരാമര്‍ശത്തിനെതിരെ ഒരു യു.എസ് പൗരന്‍ നല്‍കിയ പരാതിയിലാണ് ബി.ബി.സി നടപടിക്കൊരുങ്ങിയത്. അവതാരകയുടെ ഈ പരാമര്‍ശം ചാനല്‍ ഷോയില്‍ വ്യക്തിപരമായ പരാമര്‍ശം നടത്തരുത് എന്ന ബി.ബി.സിയുടെ ചട്ടത്തിന് എതിരാണ് എന്നാണ് ചാനലിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് കാരണമായി പറഞ്ഞത്.

എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത് . അവതാരകക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് പറഞ്ഞ് 44 സെലിബ്രറ്റികള്‍ ബി,ബി.സിക്ക് കത്തയക്കുകയുണ്ടായി. സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ച പ്രതിഷേധത്തില്‍ സ്റ്റാന്‍ഡ് വിത്ത് നാഗ എന്ന് ഹാഷ് ടാഗോടു കൂടി ട്വിറ്ററില്‍ വന്‍ ക്യാമ്പയിനും നടന്നു.

അവതാരകയുടെ പരാമര്‍ശം തെറ്റല്ലെന്നും ബി.ബി.സി നടപടികളില്‍ നിന്ന് പിന്‍മാറണമെന്നും ആവശ്യങ്ങള്‍ വന്നു. ഇതിനു ശേഷമാണ് ബി.ബി.സി യുടെ തീരുമാനം.

അവതാരകയുടെ പരാമര്‍ശം നിയമാവലി തെറ്റിക്കുന്നില്ലെന്നും വംശീയതക്കെതിരെ ശക്തമായ നിലപാടാണ് ബി.ബി.സി സ്വീകരിച്ചു വരുന്നത് എന്നും ബി.ബി.സി ഡയരക്ടര്‍ ജനറല്‍ ടോണി ഹാള്‍ പറഞ്ഞു.