ന്യൂദല്‍ഹി: അയോധ്യാക്കേസില്‍ നാളെ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബാബരി മസ്ജിദ് തകര്‍ക്കലിനു ദൃക്‌സാക്ഷിയായതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് ബി.ബി.സി മുന്‍ ലേഖകന്‍ മാര്‍ക്ക് ടള്ളി. അയോധ്യാക്കേസില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ഇത്രയും കാലമെടുത്തത് അസാധാരണമാണെന്നും അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു.
‘ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ ഞാന്‍ അയോധ്യയിലുണ്ടായിരുന്നു. വിചിത്രമായ കാഴ്ചകളാണ് അവിടെക്കണ്ടത്. അക്രമം തടയേണ്ട പൊലീസും അധികാരികളും കൈയൊഴിഞ്ഞു. എല്ലാവരും അപ്രത്യക്ഷമായി.
സംഭവം കണ്ടപ്പോള്‍ത്തന്നെ ഞാന്‍ ഫൈസാബാദിലേക്കോടി. അവിടെച്ചെന്ന് ഫോണിലൂടെ ബി.ബി.സിക്കു വാര്‍ത്ത കൈമാറി വീണ്ടും അയോധ്യയിലെത്തി. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അവിടെ ആരുമില്ലായിരുന്നു. എന്നെ വളഞ്ഞു കൈയേറ്റം ചെയ്ത കര്‍സേവകര്‍ ബലമായി പിടിച്ചു പള്ളിക്കു സമീപമുള്ള ധരംശാലയില്‍ പൂട്ടിയിട്ടു.
യുദ്ധമൊക്കെ കവര്‍ ചെയ്തിട്ടുണ്ടെങ്കിലും മറക്കാനാവാത്ത റിപ്പോര്‍ട്ടിങ്ങുകളില്‍ ഒന്നായിരുന്നു ഇത്. എന്നും പുകഴ്ത്തിയിട്ടുള്ള ഇന്ത്യയുടെ മതപരമായ വൈവിധ്യത്തിനു ഭീഷണി ഉയര്‍ത്തിയ വിഷയങ്ങളിലൊന്നാണ് അയോധ്യയിലേത്.
കര്‍സേവകരുടെ വിദ്വേഷ മുദ്രാവാക്യങ്ങളെക്കുറിച്ച് അദ്വാനിയോടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി, കപട മതേതരത്വം നിങ്ങളില്‍ അത്രത്തോളം ആഴത്തിലുള്ളതുകൊണ്ടാണ് അങ്ങനെ അനുഭവപ്പെടുന്നത് എന്നായിരുന്നു. പക്ഷേ ഇതെല്ലാം ഭയപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്നതുമായിരുന്നു.
ഹൈക്കോടതി വിഷയത്തില്‍ നേരത്തേ വിധി പറഞ്ഞു. പക്ഷേ അതിന്മേലുള്ള അപ്പീലുകളില്‍ സുപ്രീംകോടതി തീരുമാനമെടുക്കാന്‍ ഇത്രയും കാലമെടുത്തത് അസാധാരണമായി തോന്നുന്നു. വിധി വരുമ്പോള്‍ ഹിന്ദു നേതാക്കളും മുസ്‌ലിം നേതാക്കളും ഇതു സ്വീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
എല്ലാവരും വിധിയെ സമാധാനപരമായി സ്വീകരിക്കുമെന്നാണു പ്രതീക്ഷ. ജയിക്കുന്നവര്‍ അമിതാഘോഷങ്ങളുമായി രംഗത്തിറങ്ങാതിരുന്നാല്‍ത്തന്നെ വലിയ ആശ്വാസമായിരിക്കും. ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ സമാധാനപരമായ ഒരന്തരീക്ഷം സൃഷ്ടിക്കാത്തിടത്തോളം കാലം ആരും ഈ കേസില്‍ വിജയിക്കുന്നില്ല.’- അദ്ദേഹം പറഞ്ഞു.
1965 മുതല്‍ 30 വര്‍ഷക്കാലം ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ പ്രധാന സംഭവങ്ങളെല്ലാം ബി.ബി.സിക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് മാര്‍ക്ക് ടള്ളി. ബി.ബി.സിയുടെ ദല്‍ഹി ബ്യൂറോ ചീഫായിരുന്നു.