| Wednesday, 11th May 2016, 4:47 pm

കേരളം സൊമാലിയ പോലെയെന്ന മോദിയുടെ പരാമര്‍ശം; വാര്‍ത്ത ഏറ്റെടുത്ത് ബി.ബി.സിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: കേരളം സൊമാലിയ പോലെയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും പ്രതിഷേധം ഉയരുന്നതിനിടെ ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത് മാധ്യമ രംഗത്തെ അതികായരായ ബി.ബി.സിയും രംഗത്തെത്തി.

തങ്ങളുടെ ഓണ്‍ലൈന്‍ പേജിലാണ് ബി.ബി.സി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്താവനയെത്തുടര്‍ന്നുണ്ടായ ട്വിറ്ററിലെ #pomonemodi എന്ന ഹാഷ്ടാഗ് പ്രതിഷേധത്തെയും, സംഭവത്തില്‍ മുഖ്യമന്ത്രി, മോദിക്കെതിരെ രംഗത്തെത്തിയതും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഞായറാഴ്ച നടന്ന തെരെഞ്ഞെടുപ്പ് റാലിയിലാണ് കേരളം സൊമാലിയയെ പോലെയാണെന്നും വിശപ്പിനായി കുട്ടികള്‍ മാലിന്യം വരെ കഴിക്കേണ്ട അവസ്ഥയാണെന്നും മോദി പറഞ്ഞത്. ഇതിനെതിരെ #PoMoneModi എന്ന ഹാഷ്ടാഗില്‍ വലിയ തോതിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ മോദിക്കെതിരെ ഉയരുന്നത്. പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മോദിക്ക് കത്തെഴുതിയിരുന്നു.

ആരോഗ്യ വിഷയത്തിലടക്കം പശ്ചാത്യരാജ്യങ്ങളുമായി കിടപിടിക്കുന്ന കേരളത്തെയാണ് മോദി സൊമാലിയ ആക്കുന്നത്. മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെങ്കില്‍ കേരളത്തെ കുറിച്ച് നൊബേല്‍ ജേതാവ് അമര്‍ത്യസെന്‍ പറഞ്ഞതെന്താണെന്ന് പോയി വായിക്കണമെന്നും ട്വിറ്ററില്‍ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. കേരളത്തിലെ വികസനത്തെ സംബന്ധിച്ച് മോദി നേരത്തെ പാലക്കാട് നടത്തിയ പ്രസംഗത്തിനെതിരെയും സമൂഹമാധ്യമങ്ങളില്‍ പ്രതികരണമുയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more