സോനു നിഗത്തിന്റെ വീട്ടിലേക്ക് ബാങ്ക് വിളി കേള്‍ക്കില്ല; പ്രസ്താവന വെറും പബ്ലിസിറ്റിക്ക് വേണ്ടി; ഗായകന്റെ വാദം പൊളിച്ചടുക്കി ബിബിസി
India
സോനു നിഗത്തിന്റെ വീട്ടിലേക്ക് ബാങ്ക് വിളി കേള്‍ക്കില്ല; പ്രസ്താവന വെറും പബ്ലിസിറ്റിക്ക് വേണ്ടി; ഗായകന്റെ വാദം പൊളിച്ചടുക്കി ബിബിസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd April 2017, 2:27 pm

ന്യൂദല്‍ഹി: അമ്പലങ്ങളിലും പള്ളികളിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് ഗുണ്ടായിസമാണെന്ന ഗായകന്‍ സോനു നിഗത്തിന്റെ പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എങ്കിലും തന്റെ നിലപാടില്‍ നിന്നും പിന്നോട്ടുപോകാന്‍ സോനു തയ്യാറായിരുന്നില്ല.

താനൊരു മുസ്‌ലീം അല്ലെന്നും എല്ലാ ദിവസവും മുസ്‌ലീം പള്ളിയിലെ പ്രാര്‍ത്ഥന കേട്ടാണുണരുന്നത് എന്നും ഇത്തരത്തില്‍ മതരീതികള്‍ അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യയില്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു സോനുവിന്റെ വാക്കുകള്‍.

 എന്നാല്‍ യഥാര്‍ത്ഥത്തില്‍ സോനുവിന്റെ വീട്ടിലേക്ക് ബാങ്ക് കേള്‍ക്കില്ലെന്നും താരം പബ്ലിസിറ്റിക്ക് വേണ്ടിമാത്രം പറഞ്ഞ കാര്യമാണ് ഇതെന്നുമാണ് ബിബിസി തങ്ങളുടെ അന്വേഷണത്തിന് ശേഷം വ്യക്തമാക്കുന്നത്.

ബിബിസി ഹിന്ദി റിപ്പോര്‍ട്ടര്‍ തന്റെ അനുഭവം പങ്കുവെച്ചത് ഇങ്ങനെ;

“”സോനുനിഗത്തിന്റെ വാര്‍സോവയിലുള്ള വീട്ടിലെ ലൈറ്റുകളൊന്നും അപ്പോള്‍ പ്രകാശിക്കുന്നുണ്ടായിരുന്നില്ല. സമയം ഏതാണ്ട് അഞ്ച് മണിയാകുന്നു. വീടിന് പുറത്തായി പൊലീസ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടുണ്ട്. കാറിന് പുറത്തായി രണ്ട് പൊലീസുകാര്‍ നില്‍ക്കുന്നു.

എനിക്കൊപ്പം മറ്റുപല പത്രപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഞങ്ങള്‍ ബാങ്കുവിളി കേള്‍ക്കാനായി കാത്തുനിന്നു. മുംബയില്‍ ബാങ്ക് സമയം 5.04 ആണ്. സമയം കഴിഞ്ഞിട്ടും ബാങ്ക് കേട്ടില്ല. ഞാന്‍ അര മണിക്കൂര്‍ കൂടി കാത്തിരുന്നു. റോഡിലെ വാഹനങ്ങളുടെ ശബ്ദം അല്ലാതെ മറ്റൊന്നും ഞാന്‍ കേട്ടില്ല. മറ്റു പത്രക്കാര്‍ പിരിഞ്ഞു പോകാന്‍ തുടങ്ങി, അതോടെ ഞാനും അവിടെ നിന്നും പോകാന്‍ തുടങ്ങി.

പ്രദേശ വാസികളോട് അന്വേഷിച്ചപ്പോള്‍ പരിസരത്തു മൂന്ന് പള്ളികള്‍ ഉണ്ടെന്നും സോനുവിന്റെ വീട്ടില്‍ നിന്നും ഇവ 600 മീറ്റര്‍ അകലെയാണെന്നുമാണ് അറിഞ്ഞത്. സോനുവിന്റെ വീടിന്റെ ഇടത് വശത്തായി അര കിലോമീറ്റര്‍ ദൂരെ ഒരു മദ്രസ ഉണ്ട്. ഇവിടെ ബാങ്ക് മുഴങ്ങുന്നത് 5.20 നാണ്.

“”സോനു നിഗം ഇവിടെ താമസമാക്കിയിട്ട് രണ്ടോ നാലോ വര്‍ഷമായിക്കാണും. കഴിഞ്ഞ 35 വര്‍ഷമായി ഞങ്ങള്‍ ഇവിടെയുണ്ട്. ഇവിടുത്തുകാരാരും ഇതുവരെ ബാങ്ക് വിളിയില്‍ പരാതി പറഞ്ഞിട്ടില്ല. അതുമാത്രമല്ല പള്ളിയിലെ ബാങ്കുവിളി സോനുനിഗത്തിന്റെ വീട്ടിലേക്ക് കേള്‍്ക്കുക പോലുമില്ല.””-മസ്ജിദിലെ ട്രസ്റ്റ് അംഗമായ മെഹബൂബ് ഖാന്‍ പറയുന്നു.

സോനുവിന്റെ പ്രസ്താവനയില്‍ ദു:ഖമുണ്ട്. ബാങ്ക് വിളിയുടെ അനുഗ്രഹം തങ്ങള്‍ക്കുകൂടി ലഭിക്കുന്നുണ്ടെന്ന് മാത്രമേ ഇവിടെയുള്ളവര്‍ ഇത്രയും കാലം പറഞ്ഞിട്ടുള്ളൂ. ഇവിടുത്തെ ഈ അന്തരീക്ഷത്തെ തകര്‍ക്കാന്‍ മാത്രമാണ് അദ്ദേഹം ശ്രമിച്ചത്. വെറും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രസ്താവനയാണ് അത്. സോനുവിന്റെ വീടിന്റെ ഇടത് വശത്തു രണ്ട് മദ്രസകള്‍ ഉണ്ട് അവിടെ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കാറുമില്ലെന്ന് മദ്രസ അധികാരിയായ ഹബീബ് പറയുന്നു.


Dont Miss സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിയുടെ കയ്യേറ്റത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കെ.എം മാണിയുടെ കത്ത് പുറത്ത് 


സോനു നിഗത്തിന്റെ വീടിന് സമീപം താമസിക്കുന്ന ലത സച്ച്‌ദേവ് എന്നവരുമായി ഞാന്‍ സംസാരിച്ചു. ഇക്കാലമാത്രയും ബാങ്ക് വിളിയുടെ ശബ്ദം തങ്ങള്‍ കേട്ടിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. സോനുവിന്റെ അയല്‍വാസിയായ കിരണ്‍വാസന്‍ എന്നയാളും ഇതേ അഭിപ്രായം തന്നെ പറയുന്നു””.