ന്യൂദല്‍ഹി: യു.പിയിലെ ആള്‍ക്കൂട്ട ആക്രമണങ്ങളിലും കൊലപാതകങ്ങളിലും യു.പി പൊലീസ് നടത്തിയ അന്വേഷണം ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എതിരെയായിരുവെന്ന് ബി.ബി.സി റിപ്പോര്‍ട്ട്. യഥാര്‍ത്ഥ പ്രതികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാല് ആള്‍ക്കൂട്ട ആക്രമണങ്ങളിലാണ് ബി.ബി.സി അന്വേഷണം നടത്തിയത്. അതില്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു കേസില്‍ ഇരയുടെ കുടുംബം ഗ്രാമത്തില്‍ നിന്ന് മാറിത്താമസിക്കാന്‍ നിര്‍ബന്ധിതരായി. ഒരു കേസില്‍ പോലും പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തിയെന്ന് കുടുംബങ്ങള്‍ക്ക് അഭിപ്രായമില്ല. എഫ്.ഐ.ആറില്‍ പ്രതിചേര്‍ത്തവര്‍ക്കെതിരെ ഒരു കേസിലും കുറ്റപത്രം നല്‍കിയിട്ടില്ല എന്നിവയാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.
ബി.ബി.സിയിലെ കീര്‍ത്തി ദുബെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സോന്‍ഭദ്ര, ബുലന്ദ്ഷഹര്‍, മുറാദാബാദ്, മഥുര എന്നിങ്ങനെ നാല് ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് അന്വേഷിച്ചത്. 2019ലെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്വേഷകുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം യു.പിയാണ്.
ഇന്ത്യയില്‍ ആകെ നടക്കുന്ന വിദ്വേഷകുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ നിലവില്‍ ലഭ്യമല്ല. 2016ലും 2021ലും നടന്ന ഇത്തരം കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ ബി.ബി.സി തന്നെ കണ്ടെത്തുകയായിരുന്നു. 2016 ജനുവരി മുതല്‍ ആഗസ്ത് വരെ 11 ഗുരുതരമായ കുറ്റകൃത്യങ്ങളും 2021 ജനുവരി മുതല്‍ ആഗസ്ത് വരെ 24 ഗുരുതരമായ കുറ്റകൃത്യങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഈ നാല് കേസില്‍ കുറ്റം ചെയ്തെന്ന് കുടുംബങ്ങള്‍ ആരോപിച്ച ഒരു പ്രതിയെപ്പോലും പൊലീസ് അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ജാമ്യം കിട്ടി പുറത്തിറങ്ങുകയും ചെയ്തു. പല കേസിലും ഇരകളുടെ കുടുംബങ്ങള്‍ക്ക് സമ്മര്‍ദ്ദത്തിന് വഴങ്ങി ഒത്തുതീര്‍പ്പിന് നില്‍ക്കേണ്ടി വന്നു.