| Monday, 12th August 2019, 10:52 am

കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് ഇനിയും ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും; മോദി സര്‍ക്കാറിന് ബി.ബി.സിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീരിലെ സംഭവങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര മാധ്യമങ്ങളായ ബി.ബി.സി, റോയിറ്റേഴ്‌സ് എന്നിവരുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നു പറഞ്ഞ മോദി സര്‍ക്കാറിന് മറുപടിയുമായി ബി.ബി.സി. ട്വിറ്ററിലൂടെയാണ് ബി.ബി.സി മോദി സര്‍ക്കാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

‘ ബി.ബി.സി അതിന്റെ മാധ്യമപ്രവര്‍ത്തനത്തില്‍ ഉറച്ചുനില്‍ക്കും. കശ്മീരിലെ സംഭവവികാസങ്ങള്‍ ഞങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന ആരോപണങ്ങള്‍ ഞങ്ങള്‍ ശക്തമായി നിഷേധിക്കുന്നു. ഞങ്ങള്‍ കൃത്യമായും നിഷ്പക്ഷമായുമാണ് സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മറ്റ് മാധ്യമങ്ങളെപ്പോലെ ഞങ്ങളും കശ്മീരില്‍ പല നിയന്ത്രണങ്ങളേയും മറികടന്നാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്തുവന്നാലും അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് തുടരും.’ ബി.ബി.സി പറയുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ശ്രീനഗറില്‍ 10000ത്തിലേറെപ്പേര്‍ പങ്കെടുത്ത റാലി നടന്നതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനെ പിന്തുണച്ച് ബി.ബി.സി വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. ‘ഇവര്‍ക്കെതിരെ ഇന്ത്യന്‍ പൊലീസ് കണ്ണീര്‍ വാതകവും പെല്ലറ്റും പ്രയോഗിച്ചതായും’ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പെല്ലറ്റില്‍ നിന്നും രക്ഷപ്പെടാനായി ‘ചില സ്ത്രീകളും കുട്ടികളും വെള്ളത്തിലേക്ക് ചാടേണ്ടിവന്നു’ എന്ന് ദൃക്‌സാക്ഷി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

ഇക്കാര്യമാണ് ഭാരതസര്‍ക്കാര്‍ നിഷേധിച്ചത്. ഈ വാര്‍ത്ത തീര്‍ത്തും വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് വസുധ ഗുപ്ത ട്വീറ്റു ചെയ്തത്. ശ്രീനഗറിലും ബാരാമുള്ളയിലും വളരെ ചെറിയ ചില പ്രക്ഷോഭങ്ങളുണ്ടായിരുന്നെന്നും അതിലൊന്നും 20 ലേറെ ആളുകള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് അവര്‍ പറഞ്ഞത്.

ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് ബി.ബി.സി രംഗത്തുവന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more