|

ജി-20യിലും ചര്‍ച്ചയായി ബി.ബി.സി റെയ്ഡ്; പരിശോധനയെ സംബന്ധിച്ച വിഷയം ഉന്നയിച്ച് ബ്രിട്ടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ബി.സിയുടെ മുംബൈ, ദല്‍ഹി ഓഫീസുകളില്‍ നടത്തിയ ആദായനികുതി പരിശോധനാ വിഷയം ഉഭയകക്ഷി യോഗത്തില്‍ ഉന്നയിച്ച് ബ്രിട്ടന്‍. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവര്‍ലിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ചര്‍ച്ചയില്‍ വിഷയം ഉന്നയിച്ചത്. നേരത്തേ ബ്രിട്ടന്‍ പാര്‍ലമെന്റിലും ക്ലെവര്‍ലി ഇക്കാര്യങ്ങള്‍ ഉന്നയിച്ചിരുന്നു.

ബുധനാഴ്ച ജി-20യുടെ ഭാഗമായി നടന്ന ഉഭയകക്ഷി യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ബി.ബി.സിയിലെ ആദായ നികുതി പരിശോധനയെ സംബന്ധിച്ച് ചര്‍ച്ച ചെയ്തുവെന്നും ക്ലെവര്‍ലി ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ ബി.ബി.സിയും ബാധ്യസ്ഥരാണെന്ന് ഇന്ത്യയും അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ കൂടിക്കാഴ്ചയുടെ വിവരം ഇരുവരും ട്വിറ്ററിലൂടെ അറിയിച്ചിരുന്നെങ്കിലും ബി.ബി.സി വിഷയത്തെ കുറിച്ചുള്ള യാതൊരു പ്രതികരണവും ഉണ്ടായില്ല.

ഇന്ത്യയും ബ്രിട്ടനും ഇരുരാജ്യങ്ങളുടെയും ഉന്നമനത്തിനായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ക്ലെവര്‍ലി ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ വെച്ച് നടക്കുന്ന ജി-20 സമ്മേളനത്തിന്റെ ഭാഗമായി വിദേശ കാര്യ മന്ത്രിമാരുടെ യോഗം നടക്കുകയാണ്. അതിന്റെ ഭാഗമായാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയും ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത്.

ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് ബി.ബി.സി തയ്യാറാക്കിയ ‘ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെന്ററി കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ മാസം മുംബൈ, ദല്‍ഹി ഓഫീസുകളില്‍ ആദായ നികുതി പരിശോധനയും നടത്തിയിരുന്നു.

മൂന്ന് ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ തങ്ങളെ ജോലി ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ലെന്ന് ബി.ബി.സി വ്യക്തമാക്കി.

ഈ നടപടിക്കെതിരെ ആഗോള തലത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ വിലക്കാണെന്ന് ഉന്നയിച്ച് വിവിധ മാധ്യമ സ്ഥാപനങ്ങളും രംഗത്ത് വന്നിരുന്നു.

content highlight: BBC Raid discussed at G-20; Britain raised the issue of inspection