| Thursday, 26th July 2018, 1:14 pm

'അപാര പാണ്ഡിത്യം'; ഇമ്രാന്‍ ഖാന് പകരം വസീം അക്രത്തിന്റെ ചിത്രം നല്‍കിയ ബി.ബി.സിയെ വലിച്ചുകീറി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: പാക്കിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയില്‍ അബദ്ധം പിണഞ്ഞ് ബി.ബി.സി ന്യൂസ്.

ബി.ബി.സി ന്യൂസ് നൈറ്റില്‍ ഇമ്രാന്‍ ഖാന് പകരം മുന്‍ പാക് പേസറായ വസീം അക്രത്തിന്റെ ചിത്രമായിരുന്നു ബി.ബി.സി നല്‍കിയത്. 1996 ല്‍ പാക്കിസ്ഥാന് വേണ്ടി ലോകകപ്പ് നേടിയ ടീമംഗം കൂടിയായിരുന്നു വസീം അക്രം. അന്നത്തെ ചിത്രമായിരുന്നു ബി.ബി.സി നല്‍കിയത്.

ഇതിന് പിന്നാലെ ബി.ബി.സിയുടെ ഉത്തരവാദിത്തമില്ലായ്മക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. വസീം അക്രത്തേയും ഇമ്രാന്‍ ഖാനേയും തിരിച്ചറിയാത്തവരാണോ ബി.ബി.സിയുടെ ന്യൂസ് റൂമില്‍ ഇരിക്കുന്നത് എന്നായിരുന്നു പലരുടേയും ചോദ്യം.

അബദ്ധം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ട്വീറ്റ് ഉള്‍പ്പെടെ ബി.ബി.സി പിന്‍വലിച്ചെങ്കിലും സംഭവത്തിന്റെ സ്‌ക്രീന്‍ഷോട്ട് അതിനകം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുതുടങ്ങിയിരുന്നു.

ചാനല്‍ ലൈവ് കണ്ടുകൊണ്ടിരുന്ന പലരും ടി.വി സ്‌ക്രീന്‍ഷോട്ട് എടുത്ത് ചാനലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

വസീം അക്രത്തേയും ഇമ്രാന്‍ ഖാനേയും തിരിച്ചറിയാന്‍ ബി.ബി.സിക്കാര്‍ക്ക് പറ്റിയില്ല. കഷ്ടമെന്നും നിങ്ങള്‍ക്കിതെന്തുപറ്റിയെന്നും ചോദിച്ചാണ് പലരും ട്വിറ്ററില്‍ എത്തിയത്.

ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രിയാക്കി ബി.ബി.സി ന്യൂസ്‌നൈറ്റ് കൊടുത്ത ചിത്രം 1999ലെ ലോകകപ്പ് മത്സരത്തിലെ വസീം അക്രത്തിന്റേത്.. എന്തൊരു വിരോധാഭാസം…എന്നായിരുന്നു ഒരു ട്വീറ്റ്.

ഇമ്രാന്‍ ഖാനെ കാണിക്കാന്‍ വസീം അക്രത്തിന്റെ മനോഹരമായ യോര്‍ക്കര്‍ നല്‍കി ന്യൂസ്‌നൈറ്റ്….ബിബിസിയുടെ ക്രിക്കറ്റിലുള്ള പാണ്ഡിത്യം അപാരം….

ഇമ്രാന്‍ ഖാനെ വസീം അക്രം ആക്കിയതിന് ബി.ബി.സിക്ക് അഭിനന്ദനങ്ങള്‍ എന്നിങ്ങനെയായിരുന്നു ട്വീറ്റുകള്‍. ആര്‍ക്കെങ്കിലും ഇങ്ങനെയൊരു അബദ്ധം പറ്റുമെന്ന് എനിക്കുറപ്പായിരുന്നു എന്ന് വസീം അക്രം പറയുന്നതായുള്ള കാര്‍ട്ടൂണും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്റെ തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി തുടക്കത്തിലേ ആധിപത്യം നിലനിര്‍ത്തിയിരുന്നു.

12570 സ്ഥാനാര്‍ത്ഥികളും 30 രാഷ്ട്രീയപാര്‍ട്ടികളുമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 106 മില്ല്യണ്‍ വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പില്‍ ഭാഗമാവുന്നത്.

We use cookies to give you the best possible experience. Learn more