| Monday, 8th April 2024, 1:45 pm

ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് ലോകത്തെ കാണിച്ചതാണ് ബി.ബി.സി ചെയ്ത തെറ്റ്; ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം പൂട്ടിയതില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബി.ബി.സിയെ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത നിലയില്‍ എത്തിച്ചത് ബി.ജെ.പി ആണെന്ന് അദ്ദേഹം പറഞ്ഞു.

‘ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്കാളിത്തം എന്തെന്ന് കാണിക്കുന്ന ഡോക്യുമെന്ററി ബി.ബി.സി പ്രദര്‍ശിപ്പിച്ചിരുന്നു. അതാണ് ബി.ബി.സിക്കെതിരായ നടപടിക്ക് കാരണം. 100 ശതമാനം നീതി പുലര്‍ത്തിയ ഡോക്യുമെന്ററി ആയിരുന്നു അത്. അതിനാല്‍ തന്നെ മോദി ചെയ്ത കാര്യങ്ങളൊക്കെ അവര്‍ അതേ പോലെ ഡോക്യുമെന്ററിയില്‍ കാണിച്ചിരുന്നു. ഗുജറാത്ത് കലാപത്തിന്റെ വില്ലനായിരുന്ന മോദിയെ ആണ് സംഘപരിവാറുകാര്‍ പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നായക വേഷം കെട്ടിച്ചത്,’ ബിനോയ് വിശ്വം പറഞ്ഞു.

ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്കെന്താണെന്ന് ബി.ബി.സി ഡോക്യുമെന്ററി ലോകത്തെ കാണിച്ചു. അന്ന് മുതലാണ് ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസ് നോട്ടപ്പുള്ളി ആയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് ബി.ബി.സിയെ നിരന്തരം വേട്ടയാടിയതിന് പിന്നാലെ അവര്‍ക്ക് ഇന്ത്യയിലെ ഓഫീസ് പൂട്ടേണ്ടി വന്നു. ഇതാണ് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ. സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവ വെല്ലുവിളിക്കപ്പെടുന്ന ഇന്ത്യയിലാണ് ഇന്നത്തെ നമ്മുടെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.

ആദായനികുതി ലംഘനത്തിന്റെ പേരില്‍ ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂമിനെതിരെ അന്വേഷണം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ബി.ബി.സി അറിയിച്ചത്. ബി.ബി.സിയിലെ മുന്‍ ജീവനക്കാര്‍ ഒരുമിച്ച് തുടങ്ങുന്ന കളക്ടീവ് ന്യൂസ് റൂം വഴി ആയിരിക്കും ഇനി മുതല്‍ പ്രവ്രര്‍ത്തനമെന്നും അവര്‍ അറിയിച്ചു.

Content Highlight: BBC made a mistake by showing the world Modi’s role in the Gujarat riots; Binoy Vishwam

Latest Stories

We use cookies to give you the best possible experience. Learn more