| Sunday, 15th December 2019, 10:36 pm

'അവര്‍ എന്റെ ഫോണ്‍ മേടിച്ച് എറിഞ്ഞുടച്ചു, മുടിയില്‍ പിടിച്ചു തള്ളി'; ജാമിയയിലെ പൊലീസ് അക്രമം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബി.ബി.സി മാധ്യമപ്രവര്‍ത്തക പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ അക്രമം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബി.ബി.സി മാധ്യമപ്രവര്‍ത്തകയ്ക്കു നേരെയും പൊലീസ് അക്രമം. തന്നെ പൊലീസ് അക്രമിച്ചതായി മാധ്യമപ്രവര്‍ത്തക ബുഷ്‌റ ഷെയ്ഖ് തന്നെയാണ് വെളിപ്പെടുത്തിയത്.

‘ബി.ബി.സിയുടെ കവറേജിനു വേണ്ടിയാണു ഞാന്‍ ഇവിടെയെത്തിയത്. അവര്‍ എന്റെ ഫോണ്‍ മേടിച്ച് എറിഞ്ഞുടച്ചു. പൊലീസുകാരന്‍ എന്റെ മുടിയില്‍ പിടിച്ചു തള്ളി. അവരെന്നെ ലാത്തിക്ക് അടിച്ചു. ഞാന്‍ ഫോണ്‍ ചോദിച്ചപ്പോള്‍ അവരെന്നെ തെറി വിളിച്ചു. ഞാനിവിടെ തമാശയ്ക്കു വന്നതല്ല, റിപ്പോര്‍ട്ട് ചെയ്യാനാണ്.’- ബുഷ്‌റ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ജാമിയയില്‍ ബൈക്കുകള്‍ തല്ലിത്തകര്‍ക്കുന്ന പൊലീസുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച എന്‍.ഡി.ടി.വി ക്യാമറാമാനു നേര്‍ക്കും പൊലീസ് ആക്രമണം ഉണ്ടായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് നടത്തിയ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പ്രതിഷേധിക്കുകയാണ്.

ആയിരക്കണക്കിനു പേരാണ് ഇപ്പോള്‍ പ്രതിഷേധത്തിനായി പൊലീസ് ആസ്ഥാനത്ത് എത്തിയിരിക്കുന്നത്.

പൊലീസ് അനുവാദമില്ലാതെ സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്. ഇതിനിടെ ജാമിയക്കു ചുറ്റുമുള്ള മൂന്നു കിലോമീറ്റര്‍ പൊലീസ് ഗതാഗതം തടഞ്ഞിട്ടുണ്ട്. ജാമിയ സര്‍വകലാശാലയുടെ പൂര്‍ണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അതിനിടെ അലിഗഢ് മുസ്ലിം സര്‍വകലാശാലയിലും സമാനമായ പ്രതിഷേധങ്ങളില്‍ വിദ്യാര്‍ഥികളും പൊലീസ് ഏറ്റുമുട്ടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജാമിയ സര്‍വകലാശാലയില്‍ പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചാണെന്നും സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമായിരുന്നു നടത്തിയതെന്ന് എന്ന വാദമാണ് പൊലീസ് ഉന്നയിക്കുന്നത്. എന്നാല്‍, ക്യാമ്പസിനുള്ളില്‍ പൊലീസ് അനുവാദമില്ലാതെ പ്രവേശിക്കരുതെന്നാണ് സര്‍വ്വകലാശാലയുടെ നിയമം.

‘അനുമതിയില്ലാതെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ക്യാമ്പസില്‍ പ്രവേശിച്ചത്. അവര്‍ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും മര്‍ദ്ദിക്കുകയായിരുന്നു’, ജാമിയ മില്ലിയ പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തവെയായിരുന്നു പൊലീസ് യൂണിവേഴ്‌സിറ്റിക്കുള്ളില്‍ പ്രവേശിച്ചത്. തുടര്‍ന്ന് പൊലീസ് കാമ്പസിന്റെ പ്രധാന കവാടം അടയ്ക്കുക്കുകയായിരുന്നു. പുറത്തുനിന്നുള്ളവര്‍ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നത് തടയാനാണിതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

സര്‍വ്വകലാശാലയ്ക്കുള്ളില്‍ പ്രവേശിച്ച പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ക്യാമ്പസിനുള്ളില്‍നിന്നും നൂറിലധികം വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വൈകീട്ട് നാലുമണിയോടെയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും ദല്‍ഹിയിലേക്ക് ‘ദല്‍ഹി പീസ് മാര്‍ച്ച്’ നടത്തിയത്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് എത്തുകയായിരുന്നു.

ജാമിയയിലെ പൊലീസ് അക്രമത്തെ സി.പി.ഐ.എം അപലപിച്ചു. വിദ്യാര്‍ഥികള്‍ക്കു നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും സി.പി.ഐ.എം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ട്വീറ്റ് ചെയ്തു.

We use cookies to give you the best possible experience. Learn more