യോഗിയെ ഒറ്റുകാരനെന്ന് വിളിച്ചിട്ടില്ലെന്ന് വി.കെ സിങ്: അഭിമുഖത്തിന്റെ പൂര്‍ണരൂപം പുറത്തുവിട്ട് ബി.ബി.സിയുടെ മറുപടി
national news
യോഗിയെ ഒറ്റുകാരനെന്ന് വിളിച്ചിട്ടില്ലെന്ന് വി.കെ സിങ്: അഭിമുഖത്തിന്റെ പൂര്‍ണരൂപം പുറത്തുവിട്ട് ബി.ബി.സിയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th April 2019, 10:18 am

 

ന്യൂദല്‍ഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഒറ്റുകാരനെന്ന് വിളിച്ചെന്ന റിപ്പോര്‍ട്ടകള്‍ പ്രതിരോധ മന്ത്രി വി.കെ സിങ് തള്ളിയതിനു പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബി.ബി.സി. അഭിമുഖം മുഴുവനായാണ് ബി.ബി.സി ഹിന്ദി പുറത്തുവിട്ടത്.

ഇന്ത്യന്‍ സൈന്യത്തെ മോദി സേനയെന്ന് വിളിച്ചതിനാണ് വി.കെ സിങ് യോഗിയെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ സൈന്യത്തെ മോദി സേനയെന്ന് വിളിക്കുന്നവര്‍ പറയുന്നത് തെറ്റാണെന്ന് മാത്രമല്ല അവര്‍ ഒറ്റുകാരുമാണ് എന്നാണ് വി.കെ സിങ് പറഞ്ഞത്.

” ഇന്ത്യന്‍ സൈന്യം ഇന്ത്യയുടേതാണ്. അതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഉടമസ്ഥതയിലല്ല. അരാഷ്ട്രീയമായി നിലനില്‍ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിയും” എന്നും വി.കെ സിങ് പറഞ്ഞു.

യോഗി ആദിത്യനാഥിനെ വി.കെ സിങ് ഒറ്റുകാരനെന്ന് വിളിക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ അദ്ദേഹം ഇന്റര്‍വ്യൂ നടത്തിയ മാധ്യമപ്രവര്‍ത്തകനെ “പ്രസ്റ്റിറ്റിയൂട്ട്” എന്ന് പരാമര്‍ശിച്ച് ട്വീറ്റ് ചെയ്തിരുന്നു.

Also read:എന്റെ മകള്‍ മതം മാറിയിട്ടില്ല; ബി.ജെ.പി അനുഭാവിയോട് കയര്‍ത്ത് സുബ്രഹ്മണ്യന്‍ സ്വാമി

” പ്രസ്റ്റിറ്റിയൂട്ട് എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്നതാണ് ബി.ബി.സി ഹിന്ദി ചെയ്തത്. ഞാന്‍ പറഞ്ഞത് എന്താണെന്നതിന്റെ റേക്കോര്‍ഡ് എന്റെ പക്കലുണ്ട്. റിപ്പോര്‍ട്ടര്‍ ഉറങ്ങുകയായിരുന്നെന്നാണ് തോന്നുന്നത്. അല്ലെങ്കില്‍ അദ്ദേഹം തെറ്റായ രീതിയില്‍ എന്റെ വാക്കുകള്‍ കട്ട് ചെയ്ത് പെയ്സ്റ്റ് ചെയ്യുകയായിരുന്നു. എത്ര പണം കിട്ടി ഈ പണിക്ക്?” എന്നായിരുന്നു വി.കെ സിങ് ട്വീറ്റ് ചെയ്തത്.

ഇതോടെയാണ് ബി.ബി.സി ഹിന്ദി ഇന്റര്‍വ്യൂ കട്ട് ചെയ്യാതെ പുറത്തുവിട്ടത്. “ബി.ബി.സി ഹിന്ദിക്ക് ഇന്റര്‍വ്യൂ തന്നശേഷം വി.കെ സിങ് ബി.ബി.സി ഹിന്ദിയെ പ്രസ്റ്റിറ്റിയൂട്ട് എന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്യുകയും വാക്കുകള്‍ വളച്ചൊടിച്ചതായി ആരോപിക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടര്‍ പണം സ്വീകരിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു. ജനറല്‍ സിങ് എന്താണ് പറഞ്ഞതെന്ന് നിങ്ങള്‍ക്ക് കട്ട് ചെയ്യാത്ത ഈ അഭിമുഖം കണ്ട് മനസിലാക്കാം.” എന്നായിരുന്നു ബി.ബി.സി ഹിന്ദി ഇതിന് നല്‍കിയ മറുപടി.