ന്യൂദല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം ഓക്‌സിജന്‍ ക്ഷാമം നേരിടുമ്പോള്‍ കേരളത്തിന്റെ ഓക്‌സിജന്‍ ഉത്പാദനത്തെ പ്രകീര്‍ത്തിച്ച് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി. രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ ദീര്‍ഘവീക്ഷണത്തെ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടുള്ളത്.
കേരളം രാജ്യം നിലവില്‍ നേരിടുന്ന അവസ്ഥയെ മുന്‍കൂട്ടി കണ്ടെന്നും അതിനാല്‍ അവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘തെക്കേ സംസ്ഥാനമായ കേരളം ആവശ്യം സസൂക്ഷ്മം നിരീക്ഷിച്ച് കേസുകളില്‍ വരാവുന്ന വര്‍ദ്ധന കണക്കിലെടുത്ത് ആസൂത്രണം ചെയ്ത് വിതരണം ഉയര്‍ത്തി. ഇപ്പോള്‍ അധികമുള്ള ഓക്‌സിജന്‍ കേരളം മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുകയാണ്’, റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ ദേശീയ മാധ്യമങ്ങളും കേരളത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.
ദുരന്തകാലത്തെ കേരള മാതൃക എന്ന തരത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്,മണികണ്ട്രോള്‍, എ.എന്‍.ഐ, ദി ന്യൂസ് മിനുട്ട് എന്നിവരാണ് കേരളം എങ്ങനെ ഓക്‌സിജന്‍ ക്ഷാമത്തെ മറികടക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഗോവ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് കേരളം ഓക്‌സിജന്‍ എത്തിച്ചുകൊടുത്തിരുന്നു. രാജ്യതലസ്ഥാനമായ ദല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിക്കുകയും ഡോക്ടര്‍മാര്‍ ഓക്‌സിജന്‍ ക്ഷാമം വെളിവാക്കി കരയുകയും ചെയ്യുന്നിടത്താണ് കേരളം വേറിട്ട് നില്‍ക്കുന്നത്.
കേരളത്തില്‍ ദിവസേന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ആവശ്യമായ ഓക്‌സിജന്റെ രണ്ടിരട്ടിയോളം നിലവില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 66 മെട്രിക് ടണ്ണില്‍ നിന്ന് 73 മെട്രിക് ടണ്ണാക്കി കേരളം ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്.
നിലവില്‍ സ്വകാര്യ മേഖലയിലേത് അല്ലാതെ മുഖ്യമന്ത്രിയുടെ നൂറ് ദിന പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ ഓക്ടോബറില്‍ കേരളത്തില്‍ കെ.എം.എം.എല്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചിരുന്നു. 58 കോടി രൂപയാണ് ഈ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് ചെലവായത്.
കൊവിഡിന്റെ തുടക്കകാലത്ത് തന്നെ കെ.എം.എം.എല്‍ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന ഓക്‌സിജന്റെ വേസ്റ്റ് ദ്രവരൂപത്തിലേക്ക് മാറ്റി ആശുപത്രികളിലേക്ക് നല്‍കുന്ന ഓക്‌സിജനാക്കാന്‍ തുടങ്ങിയിരുന്നു.
63 ടണ്‍ വ്യാവസായിക ഓക്‌സിജനും (വാതക രൂപത്തില്‍) 70 ടണ്‍ നൈട്രജനും ഉത്പാദിപ്പിക്കുന്നതിന്റെ ഉപോല്‍പ്പന്നമായി പ്രതിദിനം 7 ടണ്‍ ‘മാലിന്യ’ ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു. ഈ പാഴായ ഓക്‌സിജനെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, ”പെസോ ഡെപ്യൂട്ട് ചീഫ് കണ്‍ട്രോളര്‍ വേണുഗോപാല്‍ പറയുന്നു.
ഇനോക്‌സ് പ്ലാന്റില്‍ 149 മെട്രിക് ടണ്ണും കെ.എം.എം.എല്ലില്‍ 6 മെട്രിക് ടണ്ണും കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ 5.45 മെട്രിക് ടണ്ണും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ 0.322 മെട്രിക് ടണ്ണും വീതമാണ് ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നത്.
നിലവില്‍ ഈ പ്ലാന്റുകളിലൊന്നും 100 ശതമാനം ഉത്പാദനമല്ല നടക്കുന്നതെന്നും ആവശ്യമെങ്കില്‍ 100 ശതമാനം ഉത്പാദനവും നടത്താനാകുമെന്നുമാണ് വേണുഗോപാല്‍ പറയുന്നത്.
നേരത്തെ കൊവിഡിന്റെ ഒന്നാം തരംഗസമയത്ത് കേരളം ഐ.സി.യു കിടക്കകളുടേയും വെന്റിലേറ്ററുകളുടേയും എണ്ണം വര്‍ധിപ്പിച്ചിരുന്നു.
നിലവില്‍ 9735 ഐ.സി.യു കിടക്കകളാണ് കേരളത്തിലുള്ളത്. ഇവയില്‍ 999 എണ്ണം മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. 3776 വെന്റിലേറ്ററില്‍ 277 എണ്ണമാണ് നിലവില്‍ ഉപയോഗിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BBC hails Kerala Oxygen Production A nightmare on repeat – India is running out of oxygen again