600 അഭയാര്‍ത്ഥികളുടെ ജീവനെടുത്ത, 2023 ജൂണ്‍ 14ന് ഗ്രീസിന്റെ തീരത്ത് നടന്ന ബോട്ടപകടത്തിന് പിന്നിലെ നടുക്കുന്ന ദുരൂഹത ചുരുളഴിഞ്ഞു. ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സി നടത്തിയ അന്വേഷണങ്ങള്‍ക്ക് പിന്നാലെയാണ് നടന്നത് ലോകത്തെ നടുക്കിയൊരു ആസൂത്രിതമായൊരു കൂട്ടക്കൊലയാണെന്ന് തെളിഞ്ഞത്.
2023 ജൂണ്‍ 10ന് ലിബിയയിലെ ടോബ്രൂക്കില്‍ നിന്ന് അധികാരികളുടെ കണ്ണുവെട്ടിച്ച് ഗ്രീസിലെ പൈലോസ് തീരം ലക്ഷ്യമിട്ടെത്തിയ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നത് 750ന് അടുത്ത് അനധികൃത കുടിയേറ്റക്കാരായിരുന്നു. ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവരെങ്കിലും യാത്രക്കാരുടെ കൃത്യമായ കണക്കുകള്‍ പോലും ലഭ്യമല്ലായിരുന്നു.
ഈജിപ്ത്, സിറിയ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഫലസ്തീന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ഇവര്‍. ആ ബോട്ട് നാല് ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 14ന് ഗ്രീസിലെ മെസ്സീനിയയിലെ പൈലോസ് തീരത്ത് ശക്തമായ കാറ്റിലും തിരയിലും പെട്ട് മുങ്ങിയെന്ന രീതിയിലുള്ള വാര്‍ത്തകളാണ് ലോകമറിഞ്ഞത്.
അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമെത്തിയ ഗ്രീക്ക് രക്ഷാപ്രവര്‍ത്തകര്‍ 104 പേരെ രക്ഷപ്പെടുത്തി. പലയിടങ്ങളില്‍ നിന്നായി ഒഴുകി നടന്ന 82 മൃതദേഹങ്ങളും കണ്ടെത്തി. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ പോലും കണ്ടെത്താനുമായിരുന്നില്ല.
അതേസമയം, രക്ഷപ്പെട്ടവരില്‍ ഒമ്പത് ഈജിപ്തുകാരെ മനുഷ്യക്കടത്തുകാരായി ചിത്രീകരിച്ച് ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് ഭീഷണിപ്പെടുത്തുകയും ജയിലിടുകയുമായിരുന്നു. അതേസമയം, രക്ഷപ്പെട്ടവരില്‍ ചിലര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സത്യം മറച്ചുവെക്കാന്‍ ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു.
കോസ്റ്റ് ഗാര്‍ഡ് അനധികൃത മത്സ്യബന്ധന ബോട്ടുമായി ഒരു കയര്‍ ബന്ധിക്കുകയും കെട്ടിവലിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് ബോട്ട് വേഗം കൂട്ടിയതിന് പിന്നാലെയാണ് കുടിയേറ്റക്കാരെത്തിയ തുരുമ്പിച്ച ബോട്ട് കീഴ്‌മേല്‍ മറിഞ്ഞത്. മുസാബ്, അഹമ്മദ് എന്നീ അഭയാര്‍ത്ഥികളാണ് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ സത്യം വെളിപ്പെടുത്തിയത്.