ന്യൂദല്‍ഹി: ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കേസെടുത്ത് മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളുടെ വിചാരണ നീട്ടിക്കൊണ്ടുപോകുന്നതായി പരാതി.
ഈ വര്‍ഷം ജനുവരി 27ന് ആറ് പേര്‍ക്കെതിരെയായിരുന്നു ദല്‍ഹി പൊലീസ് കേസെടുത്തിരുന്നത്. ഇതില്‍ രണ്ട് പേര്‍ മലയാളികളായ മിസ്ഹബ് ബിന്‍ ഹംസയും സ്‌നേഹ ഷാജിയുമാണ്. ഇവര്‍ ഇപ്പോഴും കോടതിയില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
കേസില്‍ അടുത്ത ഹിയറിങ് ഓഗസ്റ്റ് 25ന് ദല്‍ഹിയിലെ ടിസ്- ഹസാരി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍വെച്ചാണ്. ഒരു ഹിയറിങ് കഴിഞ്ഞ ഏപ്രിലില്‍ കഴിഞ്ഞിരുന്നു.
മിസ്ഹബും സ്‌നേഹ ഷാജിയും ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര വിദ്യാര്‍ത്ഥികളാണ്. കേസെടുത്ത ബാക്കിയുള്ള നാല് വിദ്യാര്‍ത്ഥികളില്‍ രവീന്ദ്രന്‍ സിങ്, ലോകേഷ് ചഗ് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി ഒരു വര്‍ഷത്തെ വിലക്ക് കല്‍പിച്ചിരുന്നു.
ഇതില്‍ ലോകേഷ് നല്‍കിയ ഹരജി പരിഗണിച്ച ദല്‍ഹി ഹൈക്കോടതി സിംഗിള്‍ ജഡ്ജ് യൂണിവേഴ്‌സിറ്റിയുടെ വിലക്ക് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ കഴിഞ്ഞയാഴ്ച വീണ്ടും ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ് ദല്‍ഹി യൂണിവേഴ്‌സിറ്റിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ശബ്ദിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് കരിയര്‍ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ അത് ഒരു ദിവാസ്വപ്നം മാത്രമാണെന്നും മിസ്ഹബ് ബിന്‍ ഹംസ പറഞ്ഞു.
‘വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധങ്ങളെയും എതിര്‍പ്പുകളെയും അമര്‍ച്ച ചെയ്യുന്ന ഫാസിസ്റ്റ് സമീപനമാണ് യൂണിവേഴ്‌സിറ്റി സ്വീകരിക്കുന്നത്. കുറച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് മുന്നോട്ടു പോയാല്‍ ബാക്കി വിദ്യാര്‍ത്ഥികള്‍ പാഠം പഠിച്ച് യൂണിവേഴ്‌സിറ്റിയുടെ അന്യായങ്ങള്‍ക്ക് നേരെയും രാജ്യത്തെ ജനാധിപത്യ ധ്വംസനത്തിനെതിരെയും കണ്ണടച്ച് മൗനം പാലിക്കുമെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ കരുതുന്നത്,’ മിസ്ഹബ് ബിന്‍ ഹംസ പറഞ്ഞു.
Content Highlight: BBC documentary screening; Malayali students of Delhi University without trial