| Thursday, 23rd February 2023, 10:21 pm

പിന്നോട്ടില്ല, ഭയമില്ലാതെ നിഷ്പക്ഷമായി മാധ്യമപ്രവർത്തനം തുടരുക; ഇന്ത്യയിലെ ബി.ബി.സി ജീവനക്കാർക്ക് നിർദേശവുമായി ബി.ബി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഭയമില്ലാതെ നിഷ്പക്ഷമായി പ്രവർത്തനം തുടരാൻ ഇന്ത്യയിലെ മാധ്യമപ്രവർത്തകർക്ക് നിർദ്ദേശം നൽകി ബി.ബി.സി ഡയറക്ടർ ജനറൽ ടിം ഡേവി. ഉദ്യോ​ഗസ്ഥർക്ക് അയച്ച് ഇ-മെയിലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ദൽഹിയിലെയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണിത്.

നിഷ്പക്ഷമായി റിപ്പോർട്ടിങ്ങ് ചെയ്യുന്നതിനേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല. ജീവനക്കാരുടെ ധൈര്യത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഭയമില്ലാതെ നിഷ്പക്ഷമായി വാർത്തകൾ കൊടുക്കാനുള്ള കഴിവിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല. ബി.ബി.സിക്ക് പ്രത്യേകമായി ഒരു അജണ്ടയില്ല. ഉദ്ദേശവും ആശയവുമാണ് ഞങ്ങളെ നയിക്കുന്നത്. പക്ഷമില്ലാതെ മായം ചേർക്കാത്ത വാർത്തകൾ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളു‍ടെ പ്രാഥമിക ഉദ്ദേശം. അതിൽ നിന്ന് ഞങ്ങൾ പിന്മാറില്ല”, ടിം ഡേവി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബി.ബി.സി റെയ്ഡിൽ ഇന്ത്യയെ വിമർശിച്ച് യു.കെ സർക്കാർ രം​ഗത്തെത്തിയിരുന്നു. പ്രത്യാഘാതങ്ങളെ ഭയക്കാതെ മാധ്യമപ്രവർത്തനം നടത്താനുള്ള സ്വാതന്ത്യം ജനാധിപത്യ രാജ്യങ്ങൾ മാധ്യമങ്ങൾക്കുണ്ടാകണം എന്നായിരുന്നു യു.കെ സർക്കാരിന്റെ പ്രതികരണം. ബി.ബി.സിയെ പിന്തുണക്കുന്നുവെന്നും റെയ്ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇന്ത്യൻ സർക്കാരുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും യു.കെ വ്യക്തമാക്കി.

യു.കെ അതിന്റെ പത്രസ്വാതന്ത്ര്യത്തിൽ അഭിമാനിക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കി.

‘ഞങ്ങൾ ബി.ബി.സിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങൾ ബി.ബി.സിക്ക് ധനസഹായം നൽകുന്നുണ്ട്. എഡിറ്റോറിയൽ സ്വാതന്ത്രം ബി.ബി.സിക്ക് ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,’ ടോറി എം.പി ഡേവിഡ് റൂട്ട്‌ലി പറഞ്ഞു.

ബി.ബി.സി കൺസർവേറ്റീവ് പാർട്ടിയേയും ലേബർ പാർട്ടിയേയും വിമർശിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്ന് ദിവസത്തോളമായിരുന്നു ബി.ബി.സി ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ബി.ബി.സി ഓഫീസുകൾ നികുതി അടക്കുന്നതിൽ ക്രമക്കേട് കണ്ടെത്തിയെന്നായിരുന്നു റെയ്ഡിന് ശേഷം ആദായ നികുതി വകുപ്പിന്റെ പ്രതികരണം.

ബി.ബി.സിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവർത്തനവും തമ്മിൽ യോജിക്കുന്നില്ലെന്നും വരുമാനം വകമാറ്റിയതായി കണ്ടെത്തിയെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കണ്ടെത്തിയെന്നും അധികൃതർ വ്യക്തമാക്കി.

Content Highlight: BBC director general tim davi said its BBC India employees to continue work without fear

We use cookies to give you the best possible experience. Learn more