ശമ്പളത്തിലെ ലിംഗവിവേചനം: ബി.ബി.സിയുടെ ചൈന എഡിറ്ററായ വനിത സ്ഥാനമുപേക്ഷിച്ചു
Gender Discrimination
ശമ്പളത്തിലെ ലിംഗവിവേചനം: ബി.ബി.സിയുടെ ചൈന എഡിറ്ററായ വനിത സ്ഥാനമുപേക്ഷിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th January 2018, 1:50 pm

 

ലണ്ടന്‍: ശമ്പളത്തില്‍ ലിംഗവിവേചനം ആരോപിച്ച് ബി.ബി.സിയുടെ ചൈന എഡിറ്റര്‍ കാരി ഗ്രെയ്‌സ് സ്ഥാപമുപേക്ഷിച്ചു. തുറന്ന കത്തിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

30 വര്‍ഷമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ബി.ബി.സിയ്ക്കുമേല്‍ “വിശ്വാസ്യതാ പ്രതിസന്ധി” അഭിമുഖീകരിക്കുകയാണെന്നും സ്ഥാപനം തുല്യതാ നിയമം ലംഘിക്കുകയുമാണെന്നാണ് കാരി കത്തില്‍ ആരോപിക്കുന്നത്.

ബി.ബി.സിയുടെ നാല് അന്താരാഷ്ട്ര എഡിറ്റര്‍മാരിലൊരാളാണ് കാരി. ഇതില്‍ രണ്ടുപേര്‍ പുരുഷന്മാരും രണ്ടുപേര്‍ സ്ത്രീകളുമാണ്.

കഴിഞ്ഞവര്‍ഷത്തെ കരാറിന്റെ ഭാഗമായി ബി.ബി.സി ഉയര്‍ന്ന ശമ്പളവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിച്ചതില്‍ നിന്നും തന്റെ അതേ നിലയില്‍ ജോലി ചെയ്യുന്ന രണ്ടു പുരുഷന്മാര്‍ക്ക് തങ്ങളേക്കാള്‍ 50% അധികം ശമ്പളമായി ലഭിക്കുന്നുണ്ടെന്നാണ് മനസിലായത്. ശമ്പളം വര്‍ധിപ്പിക്കാമെന്ന് തനിക്ക് ഉറപ്പുനല്‍കിയിരുന്നെങ്കിലും അതിലും വലിയ അസമത്വമാണ് ഉണ്ടായതെന്ന് അവര്‍ പറയുന്നു.

“ബി.ബി.സി ഈ കുറ്റം സമ്മതിക്കുകയും ഖേദംപ്രകടപ്പിക്കുകയും പകരം തുല്യമായ മാന്യമായ, സുതാര്യമായ ഒരു രൂപം കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നു.” അവര്‍ പറയുന്നു.

പുരുഷ തൊഴിലാളികള്‍ക്ക് കൂടുതലായി ശമ്പളം നല്‍കുന്നതിന്റെ പേരില്‍ അടുത്തിടെ ബി.ബി.സിയ്‌ക്കെതിരെ ആക്ഷേപമുയര്‍ന്നു. ശമ്പള വിതരണത്തിലെ വിവേചനം 2020ഓടെ മാറ്റുമെന്ന് ബി.ബി.സി ഉറപ്പുനല്‍കിയിരുന്നു.