| Sunday, 22nd January 2023, 10:32 pm

വനിതാ പ്രധാനമന്ത്രിയുടെ രാജിയും ബി.ബി.സിയുടെ മാപ്പുപറച്ചിലും | D World

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം വലിയ രാഷ്ട്രീയ ഒച്ചപ്പാടുകളാണ് രാജ്യത്തിനകത്തും പുറത്തുമുണ്ടാക്കിയത്. സ്വാഭാവികമായും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള വിമര്‍ശനങ്ങളും ഒറ്റപ്പെട്ട ഭരണവീഴ്ചകളും മാറ്റിനിര്‍ത്തിയാല്‍ കൊവിഡ് മഹാമാരിയെ അതിന്റെ ആരംഭത്തില്‍ നേരിട്ടതടക്കമുള്ള വിഷയങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശംസ നേടിയ ഭരണാധികാരിയായിരുന്നു ജസീന്ത.

അങ്ങനെയുള്ളൊരു രാഷ്ട്രീയനേതാവ്, അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും സ്ഥാനമൊഴിയുകയാണെന്നും പ്രഖ്യാപിച്ചപ്പോള്‍ ഏറെ ചോദ്യങ്ങളായിരുന്നു ഉയര്‍ന്നത്.

ബുദ്ധിമുട്ടേറിയ ജോലിയായത് കൊണ്ടല്ല താന്‍ പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നതെന്നും ഈ പദവിക്കൊപ്പം വരുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും നീതി പുലര്‍ത്താനും ഇനി സാധിക്കില്ലെന്ന് പൂര്‍ണമായും ബോധ്യപ്പെട്ടത് കൊണ്ടാണ് രാജി വെക്കുന്നതെന്നും വളരെ കൃത്യമായി ജസീന്ത നിലപാട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ജസീന്ത സ്ഥാനമൊഴിഞ്ഞതിനെ, ‘കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ രാഷ്ട്രീയത്തില്‍ കരുത്തോടെ തുടരാനുള്ള സ്ത്രീകളുടെ കഴിവില്ലായ്മ’ എന്ന രീതിയില്‍ വ്യാഖ്യാനിക്കുന്ന ഒരു വിഭാഗവും പുറത്തുണ്ട്. അതിന്റെ പ്രതിഫലനമാണ് ബി.ബി.സിയുടെ ഒരു തലക്കെട്ടില്‍ കാണാനായത്.

Can Women really Have It All, സ്ത്രീകളെ കൊണ്ട് അങ്ങനെ എല്ലാത്തിനും കഴിയുമോ, എന്നര്‍ത്ഥം വരുന്ന വളരെ സെക്‌സിസ്റ്റായ ഒരു തലക്കെട്ടാണ് ജസീന്തയുടെ രാജിക്ക് വിശേഷണമായി ബി.ബി.സി വേള്‍ഡ് നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ നിന്നടക്കമുള്ള വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരിയിരിക്കുകയാണ് ബ്രിട്ടീഷ് മാധ്യമ ഭീമന്‍.

‘2023ലും ഇത്തരമൊരു തലക്കെട്ട് ബി.ബി.സി വേള്‍ഡ് പ്രസിദ്ധീകരിച്ചു എന്ന് വിശ്വസിക്കാനാകുന്നില്ല,’ എന്നാണ് ഒരു ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള പ്രതികരണം. ഇത്തരത്തില്‍ നിരവധി പേര്‍ ബി.ബി.സിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

പിന്നാലെ ‘ജസീന്ത ആര്‍ഡേന്റെ രാജിയെ കുറിച്ച് അത്തരമൊരു തലക്കെട്ടെഴുതിയത് തെറ്റായിപ്പോയി’ എന്ന് ബി.ബി.സി തുറന്ന് സമ്മതിക്കുകയായിരുന്നു. പിന്നാലെ തന്നെ അവരുടെ വെബ്‌സൈറ്റില്‍ നിന്നും ഈ തലക്കെട്ട് നീക്കം ചെയ്തു. എന്നാല്‍ അതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇപ്പോഴും ട്വിറ്ററടക്കമുള്ള സമൂഹമാധ്യമപ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്.

പാര്‍ട്ടിഗേറ്റ് വിവാദമടക്കമുള്ള വിഷയങ്ങളെ തുടര്‍ന്ന് ബോറിസ് ജോണ്‍സണും മറ്റ് പല പുരുഷ പ്രധാനമന്ത്രിമാരും രാജിവെച്ചപ്പോഴുള്ള റിപ്പോര്‍ട്ടിങ്ങുമായും തലക്കെട്ടുകളുമായും താരതമ്യപ്പെടുത്തിക്കൊണ്ടാണ് പ്രധാനമായും ബി.ബി.സിക്കെതിരെ വിമര്‍ശനമുയരുന്നത്. ബി.ബി.സിയുടെയും അവരുടെ ലേഖകരുടെയും ജെന്‍ഡറിന്റെ പേരിലുള്ള ഈ ഇരട്ടത്താപ്പായും സ്ത്രീവിരുദ്ധതയായും ഇതിനെ സോഷ്യല്‍മീഡിയ വിലയിരുത്തുന്നുണ്ട്.

പിന്നാലെയായിരുന്നു ബി.ബി.സിയുടെ മാപ്പ്. ”യഥാര്‍ത്ഥ തലക്കെട്ട് സ്റ്റോറിക്ക് അനുയോജ്യമല്ലെന്ന് ഞങ്ങള്‍ തിരിച്ചറിയുകയും അതിനനുസരിച്ച് അത് മാറ്റുകയും ചെയ്തു. ബന്ധപ്പെട്ട ട്വീറ്റും ഞങ്ങള്‍ നീക്കം ചെയ്തു,” എന്നാണ് ബി.ബി.സി വക്താവിന്റെ പ്രതികരണം.

ഇതിനിടെ ന്യൂസിലാന്‍ഡിന്റെ അടുത്ത പ്രധാനമന്ത്രിയായും ലേബര്‍ പാര്‍ട്ടിയുടെ തലപ്പത്തേക്കും തെരഞ്ഞെടുക്കപ്പെട്ട ക്രിസ് ഹിപ്കിന്‍സ് (Chris Hipkins) ആര്‍ഡേനെ പിന്തുണച്ചുകൊണ്ട് പ്രതികരിച്ചിട്ടുണ്ട്. രാജിക്ക് പിന്നാലെ ആര്‍ഡേനും കുടുംബത്തിനുമെതിരെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍ നിന്നടക്കം വരുന്ന വ്യക്തിപരമായ ആക്രമണങ്ങളെ തള്ളിക്കൊണ്ടാണ് ഹിപ്കിന്‍സ് സംസാരിച്ചത്.

”ജസീന്തയോട്, നമ്മുടെ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ പെരുമാറിയ രീതി തീര്‍ത്തും വെറുപ്പുളവാക്കുന്നതാണ്.

അവര്‍ ഒരു ചെറിയ ന്യൂനപക്ഷമാണ്. ഒരു രാജ്യം എന്ന നിലയില്‍ നമ്മള്‍ എന്താണ് എന്നതിനെ ഇക്കൂട്ടര്‍ പ്രതിനിധീകരിക്കുന്നില്ല.

മനുഷ്യര്‍ എന്ന നിലയില്‍, ഇത്തരം പ്രതികരണങ്ങളെ തള്ളിക്കളയുകയും ‘ഇത് ശരിയല്ല’ എന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം നമുക്കുണ്ട്,” എന്നാണ് ഹിപ്കിന്‍സ് പറയുന്നത്.

പ്രധാനമന്ത്രിയാകുന്നതോട് കൂടി താന്‍ ഒരു പബ്ലിക് പ്രോപര്‍ട്ടിയായി മാറുമെന്ന് മനസിലാക്കുന്നെന്നും എന്നാല്‍ തന്റെ കുടുംബം അങ്ങനെയല്ലെന്നും ഹിപ്കിന്‍സ് നിലപാട് വ്യക്തമാക്കി.

”ജസീന്തക്കും അവരുടെ കുടുംബത്തിനും മേല്‍ ചുമത്തപ്പെട്ട വലിയ സമ്മര്‍ദ്ദം ഞാന്‍ കണ്ടു. അതുകൊണ്ട് തന്നെ എന്റെ കുടുംബത്തെ അത്തരമൊരു സ്‌പോട്ട്‌ലൈറ്റില്‍ നിന്നും അകറ്റിനിര്‍ത്തുക എന്നുള്ളതാണ് എന്റെ ഉത്തരവാദിത്തം,” എന്നും ഹിപ്കിന്‍സ് പറയുന്നു.

പ്രധാനമന്ത്രി സ്ഥാനത്തിരുന്ന അഞ്ച് വര്‍ഷത്തിലധികം ജസീന്ത ആര്‍ഡേന്‍ എന്ന വനിത വ്യക്തിപരമായി നേരിട്ട അധിക്ഷേപങ്ങളെ അഡ്രസ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിലവില്‍ വിദ്യാഭ്യാസം, പൊലീസിങ്, പബ്ലിക് സര്‍വീസ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായ ഹിപ്കിന്‍സിനെ ശനിയാഴ്ചയായിരുന്നു അടുത്ത പ്രധാനമന്ത്രിയായി ലേബര്‍ പാര്‍ട്ടി എതിരില്ലാതെ നാമനിര്‍ദേശം ചെയ്തത്.

സമാധാനവും സ്ഥിരതയും ഉറപ്പുനല്‍കുന്ന നേതൃത്വം പ്രദാനം ചെയ്ത അവിശ്വസനീയമായ ഒരു പ്രധാനമന്ത്രിയായിരുന്നു ജസീന്ത ആര്‍ഡേന്‍ എന്നും അത് താന്‍ തുടര്‍ന്ന് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹിപ്കിന്‍സ് നേരത്തെ പ്രതികരിച്ചിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ജസീന്ത ആര്‍ഡേന്‍ തീര്‍ത്തും അപ്രതീക്ഷിതമായി തന്റെ രാജി പ്രഖ്യാപിച്ചത്.

ഈ വരുന്ന ഫെബ്രുവരി ഏഴ് ആയിരിക്കും അധികാരത്തിലെ തന്റെ അവസാന ദിവസമെന്നും ഈ വര്‍ഷം ഒക്ടോബറില്‍ വരാനിരിക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നുമാണ് ജസീന്ത പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തിയത്. വികാരഭരിതയായായിരുന്നു 42കാരിയായ ജസീന്ത മാധ്യമങ്ങളോട് പ്രതികരിച്ചത്.

”ഈ ജോലി ബുദ്ധിമുട്ടേറിയത് കൊണ്ടല്ല ഞാന്‍ സ്ഥാനമൊഴിയുന്നത്. അതായിരുന്നു സാഹചര്യമെങ്കില്‍ ഞാന്‍ ജോലിയില്‍ പ്രവേശിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ ചെയ്യേണ്ടതായിരുന്നു.

ഇത്തരമൊരു പ്രത്യേക പദവിക്കൊപ്പം ഒരുപാട് ഉത്തരവാദിത്തങ്ങളും വരുന്നുണ്ട് എന്നതിനാലാണ് ഞാന്‍ സ്ഥാനമൊഴിയുന്നത്. എപ്പോഴാണ് നിങ്ങള്‍ രാജ്യത്തെ നയിക്കാന്‍ ശരിയായ വ്യക്തി, എപ്പോഴാണ് അങ്ങനെ അല്ലാത്തത് എന്നറിയാനുള്ള ഉത്തരവാദിത്തം കൂടിയാണത്.

ഈ ജോലിക്ക് എന്തൊക്കെ ആവശ്യമുണ്ടെന്ന് എനിക്കറിയാം. അതിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ എനിക്കിനി സാധിക്കില്ലെന്നും എനിക്കറിയാം. കാര്യം അത്രയും ലളിതമാണ്,” എന്നാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.

കൊവിഡ് മഹാമാരിയും അഗ്നിപര്‍വത സ്‌ഫോടനവും ഭീകരാക്രമണവും പോലുള്ള പോലുള്ള ഗുരുതര വിഷയങ്ങളുണ്ടായ ഒരു സമയത്ത് രാജ്യത്തെ നയിച്ചതിലൂടെ ഞാന്‍ തളര്‍ന്നിട്ടുണ്ട്. ഞാനും ഒരു മനുഷ്യനാണ്, എന്നും വികാരഭരിതായായി ജസീന്ത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

2017ല്‍ തന്റെ 37ാം വയസിലായിരുന്നു ജസീന്ത ആര്‍ഡേന്‍ സഖ്യസര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. അന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രി കൂടിയായിരുന്നു അവര്‍.

Content Highlight: BBC Apologies For a Sexist Headline On Jacinda Ardern’s Resignation

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്