|

ബസൂക്ക, തുടരും, ആലപ്പുഴ ജിംഖാന; ഒരേ ദിവസം പുറത്തിറങ്ങുന്നത് ഒരേ എഡിറ്ററുടെ മൂന്ന് ട്രെയ്ലറുകള്‍; നൊമ്പരമായി നിഷാദ് യൂസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ പ്രധാനപ്പെട്ട മൂന്ന് സിനിമകളുടെ ട്രെയ്ലര്‍ പുറത്തിറങ്ങുന്ന ദിവസമാണ് ഇന്ന് (ബുധന്‍). ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാന, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രങ്ങളുടെ ട്രെയ്ലറുകള്‍ ഇന്നുരാവിലെ അണിയറപ്രവര്‍ത്തര്‍ പുറത്ത് വിട്ടിരുന്നു. ഡീനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ബസൂക്കയുടെ ട്രെയ്ലര്‍ ഇന്ന് രാത്രി പുറത്ത് വിടും. മൂന്ന് ചിത്രങ്ങളുടെയും എഡിറ്റര്‍ ഒരാളാണ്, നിഷാദ് യൂസഫ്.

എന്നാല്‍ തന്റെ സിനിമകള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നത് കാണാന്‍ മൂന്ന് ചിത്രങ്ങളുടെയും എഡിറ്റര്‍ ഇന്നില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30നാണ് അദ്ദേഹം മരണപ്പെട്ടത്. പനമ്പള്ളിയിലെ ഫ്‌ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തല്ലുമാല, ഉണ്ട, ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളുടെ ചിത്രസംയോജനം നിര്‍വഹിച്ചത് നിഷാദായിരുന്നു. 2022ല്‍ തല്ലുമാലയുടെ എഡിറ്റിങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. സൂര്യ നായകനായ തമിഴ് ബിഗ് ബഡ്ജറ്റ് ചിത്രം കങ്കുവയുടെ എഡിറ്ററും അദ്ദേഹം തന്നെയായിരുന്നു.

കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴായിരുന്നു 43 കാരനായ നിഷാദിന്റെ വേര്‍പാട്. ഏഷ്യാനെറ്റില്‍ വീഡിയോ എഡിറ്ററായി കരിയര്‍ ആരംഭിച്ച നിഷാദ് സ്‌പോട്ട് എഡിറ്ററായാണ് സിനിമ ലോകത്തേക്കെത്തിയത്. കുറഞ്ഞ ചിത്രങ്ങളിലൂടെത്തന്നെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന എഡിറ്ററാകാന്‍ നിഷാദിന് കഴിഞ്ഞിരുന്നു.

നിഷാദ് എഡിറ്ററായ ആലപ്പുഴ ജിംഖാനയുടെ ട്രെയ്ലര്‍ ഇന്ന് രാവിലെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം വിഷു റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്. ബോക്‌സിങിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള എന്റെര്‍റ്റൈനര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.

മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന തുടരും എന്ന ചിത്രത്തിന്റെയും ട്രെയ്ലര്‍ ഇന്ന് രാവിലെ പുറത്ത് വന്നിരുന്നു. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ മികച്ച സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയില്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് സസ്‌പെന്‍സ് ചിത്രമായിരിക്കും തുടരും എന്നാണ് ട്രെയ്ലറിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്. ഷഫീഖ് വി.ബി, നിഷാദ് യൂസഫ് എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റേഴ്‌സ്.

നവാഗതനായ ഡീനോ ഡെന്നിസിനോടൊപ്പം മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ബസൂക്ക. ഏപ്രില്‍ 10ന് റിലീസിനൊരുങ്ങുന്ന ബസൂക്കയുടെ ട്രെയ്ലര്‍ ഇന്ന് (26ന്) രാത്രി 8:10നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. നിഷാദ് യൂസഫും പ്രവീണ്‍ പ്രഭാകറും ചേര്‍ന്നാണ് ബസൂക്കയുടെ എഡിറ്റിങ് ചെയ്തിരിക്കുന്നത്.

Content Highlight: Bazooka, Thudarum And Alappuzha Gymkhana; Three trailers by the same editor releasing on the same day 

Video Stories