ഒരുമാസത്തോളം നീണ്ടുനിന്ന ബോക്‌സ് ഓഫീസ് വരള്‍ച്ചക്ക് ശേഷം സമ്മര്‍ റിലീസുകള്‍ക്കായി മലയാളം ഇന്‍ഡസ്ട്രി തയാറെടുക്കുകയാണ്. പരീക്ഷാ സീസണ്‍ അവസാനിച്ചയുടന്‍ കേരളക്കര കണ്ട ഏറ്റവും വലിയ റിലീസുമായെത്തുന്ന എമ്പുരാനാണ് ഇതില്‍ ആദ്യചിത്രം. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും പുറത്തിറങ്ങുന്ന എമ്പുരാന്‍ മലയാളത്തിലെ എല്ലാ കളക്ഷന്‍ റെക്കോഡുകളും തിരുത്തിക്കുറിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
എമ്പുരാന്റെ ഓളം കെട്ടടങ്ങും മുമ്പേ മമ്മൂട്ടിയും തന്റെ റേഞ്ച് അറിയിക്കാനുള്ള ചിത്രവുമായി ബോക്‌സ് ഓഫീസിലേക്കെത്തുകയാണ്. നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന വിഷു റിലീസ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും മമ്മൂട്ടിയുടെ ഗെറ്റപ്പും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ടീസറിനെക്കാള്‍ ഡബിള്‍ ഇംപാക്ട് നല്‍കുന്ന ട്രെയ്‌ലറാണ് ബസൂക്കയുടേത്. ഏറെക്കാലത്തിന് ശേഷം ‘മെഗാസ്റ്റാര്‍ മമ്മൂട്ടി’ എന്ന ടൈറ്റില്‍ കാര്‍ഡും ബസൂക്കയിലൂടെ ആരാധകര്‍ക്ക് ലഭിച്ചു. ഗെയിമിന്റെ രീതിയില്‍ ആളുകളെ കൊല്ലുന്ന സൈക്കോ കില്ലറെ പിടിക്കാന്‍ ശ്രമിക്കുന്ന പൊലീസിന്റെയും അവര്‍ക്ക് സമാന്തരമായി അന്വേഷണം നടത്തുന്ന ഒരു അജ്ഞാതന്റെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
കൊച്ചിയിലെ എ.സി.പി ബെഞ്ചമിന്‍ ജോഷ്വയായി തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ വേഷമിടുമ്പോള്‍ പേരില്ലാത്ത കഥാപാത്രമായിരിക്കും മമ്മൂട്ടിയുടേതെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ എക്കാലത്തെയും കള്‍ട്ട് ക്ലാസിക് ചിത്രങ്ങളിലൊന്നായ ബിഗ് ബിയിലെ വിജയരാഘവന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ബസൂക്കയുടെ ട്രെയ്‌ലറിലും ഉപയോഗിച്ചിട്ടുണ്ട്.
ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പാകത്തിനുള്ള എല്ലാം ചിത്രത്തിലുണ്ടാകുമെന്ന് ട്രെയ്‌ലര്‍ ഉറപ്പുനല്‍കുന്നു. പഞ്ച് ഡയലോഗുകളും ആക്ഷനും മാസും ചേര്‍ന്ന ഗംഭീര ചിത്രമാകും ബസൂക്കയെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഒപ്പമിറങ്ങുന്ന ചിത്രങ്ങളെ തകര്‍ത്ത് തരിപ്പണമാക്കാന്‍ ബസൂക്കക്ക് സാധിക്കുമെന്നും ചിലര്‍ പറയുന്നുണ്ട്.
ഏപ്രില്‍ 10ന് വിഷു റിലീസായാണ് ബസൂക്ക തിയേറ്ററുകളിലെത്തുന്നത്. കേരളത്തില്‍ മാത്രം 300നടുത്ത് തിയേറ്ററുകളില്‍ ബസൂക്ക പ്രദര്‍ശനത്തിനെത്തും. അജിത്തിന്റെ ബിഗ് ബജറ്റ് ചിത്രം ഗുഡ് ബാഡ് അഗ്ലിയും ഇതേദിവസം തന്നെയാണ് പ്രദര്‍ശനത്തിനെത്തുക. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അന്തരിച്ച നിഷാദ് യൂസഫായിരുന്നു ബസൂക്കയുടെ ആദ്യ എഡിറ്റര്‍. നിഷാദിന്റെ മരണശേഷം പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിങ് പൂര്‍ത്തിയാക്കിയത്. സയേദ് അബ്ബാസാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Content Highlight: Bazooka movie trailer out now