ലെവന്‍ഡോസ്‌കിയെ മുന്‍നിര്‍ത്തി ബയേണിനെ തളച്ചിടുമോ? ബാഴ്‌സ ആരാധകര്‍ കാത്തിരുന്ന ആ മത്സരം നാളെ | D Sports
സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടാനൊരുങ്ങി ബാഴ്‌സലോണ. ലെവന്‍ഡോസ്‌കി ബാഴ്‌സയിലെത്തിയതിന് ശേഷം ആദ്യമായാണ് താരം ബയേണിനെതിരെ ബൂട്ട് കെട്ടുന്നത്.

ബയേണിന്റെ ഗോളടിയന്ത്രം എന്നറിയപ്പെട്ടിരുന്ന ലെവന്‍ഡോസ്‌കി കൂടൊഴിഞ്ഞത് ടീമിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സംഘാടകര്‍ താരത്തെ ബയേണിലേക്ക് തിരിച്ചുവിളിക്കാനൊരുങ്ങുകയുമാണെന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ലെവന്‍ഡോസ്‌കി ശക്തനായ പോരാളിയാണെന്നും ടീമിനെതിരെ താരം ബൂട്ടു കെട്ടുന്നതോര്‍ത്ത് ആധിയുണ്ടെന്നും ബയേണിന്റെ സ്‌പോര്‍ടിങ് ഡയറക്ടര്‍ ഹസന്‍ സാലിഹാമിഡ്‌സിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍ ബയേണുമായി ശക്തമായ അങ്കത്തിന് കാത്തിരിക്കുകയാണ് എഫ്.സി ബാഴ്‌സലോണ. ബുണ്ടസ് ലീഗ സ്റ്റാന്‍ഡിങ്ങില്‍ ബയേണ്‍ മ്യൂണിക്ക് മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ലാ ലിഗയില്‍ ബാഴ്‌സ രണ്ടാമതാണ്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ മുന്‍ നിര്‍ത്തി ബയേണിനെ തളച്ചുകെട്ടുക എന്നതുതന്നെയായിരിക്കും ബാഴ്‌സയുടെ അറ്റാക്കിങ് സ്ട്രാറ്റജി.

ഒരിക്കല്‍ മികച്ച താരങ്ങളാല്‍ സമ്പുഷ്ടമായിരുന്ന ക്ലബ്ബിന്റെ പ്രതാപകാലം ലെവന്‍ഡോസ്‌കിയടക്കമുള്ള സൂപ്പര്‍ താരങ്ങളിലൂടെ തിരികെയെത്തിക്കാനാണ് ബാഴ്‌സ ശ്രമിക്കുന്നത്. അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ തന്നെ ഹാട്രിക് അടിച്ച് ലെവന്‍ഡോസ്‌കി ബാഴ്‌സക്ക് ശുഭസൂചന നല്‍കുകയും ചെയ്തിരുന്നു. ബാഴ്‌സക്ക് വേണ്ടി ഇതുവരെ ജേഴ്‌സിയണിഞ്ഞ ആറ് മത്സരങ്ങളിലായി ഒമ്പത് തവണയാണ് താരം വല കുലുക്കിയത്.

ചെല്‍സി, പി.എസ്.ജി തുടങ്ങിയ ക്ലബ്ബുകളുടെ ഓഫര്‍ നിരസിച്ചാണ് ലെവന്‍ഡോസ്‌കി ബാഴ്‌സലോണയില്‍ എത്തുന്നത്. ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ടെങ്കിലും ബാഴ്‌സലോണയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ലെവന്‍ഡോസ്‌കി ബയേണ്‍ മാനേജ്‌മെന്റിനോട് നേരത്തെ ആവശ്യപ്പെടുകയായിരുന്നു.

ലെറോയ് സാനെ, സാദിയോ മാനെ, സെര്‍ജ് ഗ്നാബ്രി എന്നിവരടങ്ങിയ മികച്ച പേസ് മേക്കേഴ്‌സ് ഇത്തവണ ബയേണിന് വേണ്ടി ബൂട്ടുക്കെട്ടും. ടീമിലെ ശക്തനായ പോരാളിയായ തോമസ് മുള്ളര്‍ മുമ്പ് ബാഴ്‌സയെ തളച്ചിട്ടിട്ടുണ്ട്.

കിംഗ്സ്ലി കോമന് പരിക്കേറ്റതിനാല്‍ മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കും. ബൗനക്ക് സുഖം പ്രാപിച്ചെങ്കിലും ഇത്തവണ കളത്തിലിറങ്ങാന്‍ സാധ്യതയില്ല. 27 തവണ ബുണ്ടസ് ലീഗ പട്ടം നേടിയിട്ടുള്ള ബയേണ്‍ ആറ് തവണ യുറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.

റൊണാള്‍ഡ് അരൗജോയും ജൂള്‍സ് കൗണ്ടെയുമാണ് ആരാധകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ബാഴ്‌സയുടെ മറ്റു താരങ്ങള്‍. കാഡിസിനെതിരെ നടന്ന മത്സരത്തില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി, പെഡ്രി, ഔസ്മാന്‍ ഡെംബെലെ എന്നിവര്‍ പകരക്കാരായി ഇറങ്ങിയതിനാല്‍ വരാനിരിക്കുന്ന മത്സരത്തില്‍ മൂവരും സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഉണ്ടാകും. ബാഴ്‌സലോണയ്ക്ക് നിലവില്‍ പരിക്കിന്റെ ആശങ്കകളൊന്നുമില്ല.

 

Content Highlight: Bayern vs Barcelona, UEFA champions league match