| Monday, 12th September 2022, 1:48 pm

ലെവന്‍ഡോസ്‌കിയില്ലാതെ ഒന്നും നടക്കുന്നില്ല; ബാഴ്‌സക്കെതിരായ മത്സരത്തിന് മുമ്പ് താരത്തെ തിരിച്ചുവിളിക്കാനൊരുങ്ങി ബയേണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബയേണ്‍ മ്യൂണിക്കിന്റെ ഗോളടിയന്ത്രമെന്നറിയപ്പെടുന്ന റോബര്‍ട്ട് ലെവന്‍ഡോസ്‌കി കഴിഞ്ഞ സീസണിലാണ് ബാഴ്സലോണയിലേക്ക് കൂടുമാറിയത്. എന്നാല്‍ ബുണ്ടസ് ലീഗയിലെ മോശം പ്രകടനത്തില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയില്‍ ലെവന്‍ഡോസ്‌കിയെ തിരിച്ച് വിളിക്കാനൊരുങ്ങിയിരിക്കുകയാണ് ബയേണ്‍. ചൊവ്വാഴ്ച താരത്തെ അലയന്‍സ് അരീനയിലേക്ക് സ്വാഗതം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

മോഡേണ്‍ ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളാണ് പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി. 45 ദശലക്ഷം യൂറോയും ആഡ്-ഓണുകളുമാണ് ബാഴ്സയും ലെവന്‍ഡോസ്‌കിയും തമ്മിലുള്ള കരാറിലുള്ളത്. പ്രതാപകാലം തിരിച്ചെടുക്കുക എന്ന് ലക്ഷ്യത്തോടെയാണ് ബാഴ്‌സ ലെവന്‍ഡോസ്‌കിയെ സ്വന്തമാക്കുന്നത്.

എന്നാല്‍ ലെവന്‍ഡോസ്‌കിയുടെ വിടവ് വലിയ രീതിയിലുള്ള ആഘാതമാണ് ബയേണ്‍ മ്യൂണിക്കില്‍ ഉണ്ടാക്കിയിരിക്കുന്നത്. ബുധനാഴ്ച ഇന്റര്‍ മിലാനുമായി നടന്ന മത്സരത്തില്‍ 2-0 ന് വിജയിച്ചെങ്കിലും പട്ടികയില്‍ ബയേണ്‍ മൂന്നാം സ്ഥാനത്താണ്. ഈ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 31 ഗോള്‍ നേടിയിട്ടുണ്ടെങ്കിലും അടുത്തയാഴ്ചകളിലെ നിര്‍ണായക മത്സരങ്ങളെയോര്‍ത്ത് പരിഭ്രാന്തരായിരിക്കുകയാണ് ബയേണ്‍.

ലെവന്‍ഡോസ്‌കിയെ നഷ്ടമായതിലൂടെ ഉണ്ടായ സംഘര്‍ഷങ്ങള്‍ ടീമില്‍ പ്രകടമാണെന്നാണ് ബയേണ്‍ സ്‌പോര്‍ടിങ് ഡയറക്ടര്‍ ഹസന്‍ സാലിഹാമിഡ്‌സിക് പറഞ്ഞത്. ലെവന്‍ഡോസ്‌കി അവസരങ്ങള്‍ വേണ്ടതുപോലെ വിനിയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറ് തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ബാഴ്സലോണ ഈയിടെ ചേക്കേറിയ മികച്ച താരങ്ങള്‍ക്കൊപ്പം കൂടുതല്‍ ശക്തമാണെന്നറിയാമെന്നും അദ്ദേഹം പറഞ്ഞു.

ലെവന്‍ഡോസ്‌കിയെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് ജെര്‍മന്‍ ഫുട്ബോള്‍ മാനേജര്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ പറഞ്ഞത്. കൂടിച്ചേരല്‍ പക്ഷേ ഏറ്റുമുട്ടലിന് വേണ്ടിയല്ലെന്നും അദ്ദേഹം അപകടകാരിയായ കളിക്കാരന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നും നാഗല്‍സ്മാന്‍ അഭിപ്രായപ്പെട്ടു.

ബാഴ്സലോണക്ക് വേണ്ടി ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ ഒമ്പത് തവണയാണ് ലെവന്റോസ്‌കി ഗോള്‍ നേടിയത്. ലോകത്തിലെ മികച്ച സ്ട്രൈക്കര്‍മാരിലൊരാളായ റോബര്‍ട്ട് ലെവന്റോസ്‌കി ബാലന്‍ ഡി ഓര്‍ അര്‍ഹിക്കപ്പെടുന്നുണ്ടെന്ന അഭിപ്രായവുമായി നിരവധി മുന്‍ ഫുട്ബോള്‍ താരങ്ങള്‍ രംഗത്ത് വന്നിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണെന്ന് മുന്‍ ബയേണ്‍ താരം ഓവെന്‍ ഹാര്‍ഗ്രീവസ് അഭിപ്രായപ്പെട്ടിരുന്നു. 2021ലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ പുരസ്‌കാരം റോബര്‍ട്ട് ലെവന്റോസ്‌കിക്കായിരുന്നു. ലയണല്‍ മെസിയെയും മുഹമ്മദ് സലാനെയും കടത്തി വെട്ടിയാണ് താരം രണ്ടാം തവണയും ഫിഫാ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയത്.

content highlight: Bayern to recall Robert Lewandowski

We use cookies to give you the best possible experience. Learn more