| Wednesday, 30th November 2022, 12:32 pm

'ഞങ്ങൾക്ക് വേണ്ട'; ബയേണും കയ്യൊഴിഞ്ഞു; ഇനിയെങ്ങോട്ട്?

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ആരവങ്ങൾക്കിടയിലാണ് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. നിലവിലെ കരാർ റദ്ദാക്കുന്നതിൽ ക്ലബുമായി ധാരണയിലെത്തിയതോടെയാണ് താരം ക്ലബ്ബ് വിടുന്നെന്ന വാർത്ത പുറത്തുവിട്ടത്. റൊണാൾഡോ തന്നെയാണ് വിവരം ഔദ്യോ​ഗികമായി അറിയിച്ചത്.

മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ പിയേഴ്സ് മോർ​ഗനുമായി നടത്തിയ അഭിമുഖം വിവാദമായതിന് പിന്നാലെയാണ് റൊണാൾഡോയും യുണൈറ്റഡും തമ്മിൽ വേർപിരിഞ്ഞത്.

തുടർന്ന് റൊണാൾഡോയെ സൈൻ ചെയ്യിക്കാൻ താത്പര്യം പ്രകടിപ്പിച്ച് സൗദി അറേബ്യൻ ക്ലബ് വൻ ഓഫറുമായി രം​ഗത്തുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. അതേസമയം ബയേൺ മ്യൂണിക്കുമായാണ് താരം കരാറിലേർപ്പെടാൻ പോകുന്നതെന്ന വാർത്തയും പ്രചരിച്ചിരുന്നു. എന്നാൽ തങ്ങൾ റൊണാൾഡോയെ സൈൻ ചെയ്യിക്കാൻ പദ്ധതിയിട്ടില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ബയേൺ.

റൊണാൾഡോക്ക് വേണ്ടി ഒരു നീക്കം നടത്താൻ തങ്ങൾ ഉദ്ദശിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്നുമാണ് ബയേൺ മ്യൂണിക്ക് സി.ഇ.ഒ ഒലിവർ കാൻ പറഞ്ഞത്. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘റൊണാൾഡോയെ ഞങ്ങൾക്കെല്ലാം ഇഷ്ടമാണ്. പക്ഷെ അദ്ദേഹത്തിന് വേണ്ടി ഞങ്ങളൊരു നീക്കം നടത്തിയിട്ടില്ല. അതിൽ യാതൊരു സംശയവമില്ല. ഞങ്ങളുടേത് വ്യത്യസ്തമായ ശൈലിയാണ്, സ്ക്വാ‍ഡ് എങ്ങനെ വേണമെന്ന കാര്യത്തിൽ ‍ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്, ഒളിവർ കാൻ പറഞ്ഞു.

2021ലായിരുന്നു താരം മാഞ്ചസ്റ്ററിലേക്ക് തിരികെയെത്തിയത്. സർ അലക്സ് ഫെർഗൂസന്റെ ശിക്ഷണത്തിൽ ലോകോത്തര ഫുട്ബോളർ പദവിയിലേക്കുയർന്ന ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് തന്റെ കരിയറിൽ മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളായിരുന്നു സെക്കന്റ് റണ്ണിൽ യുണൈറ്റഡ് നൽകിയത്.

സ്ഥിരമായി ബെഞ്ചിലിരിക്കേണ്ടി വരികയും അവസരം ലഭിച്ച മത്സരത്തിൽ വേണ്ടവിധം കളിക്കാൻ സാധിക്കാതെ വരികയും ചെയ്തതോടെ ക്രിസ്റ്റ്യാനോക്ക് മാഞ്ചസ്റ്റർ മടുത്തിരുന്നു. ഇതിനിടെ ചാമ്പ്യൻസ് ലീഗ് കളിക്കണമെന്ന മോഹവുമായി ക്ലബ്ബ് വിടാൻ ഒരുങ്ങിയതോടെ താരവും കോച്ചും തമ്മിലുള്ള പോരിനും കളമൊരുങ്ങിയിരുന്നു.

പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ കളി തീരുന്നതിന് മുമ്പ് ഗ്രൗണ്ട് വിട്ടതിന് പിന്നാലെ വ്യാപകമായ വിമർശനങ്ങളും റൊണാൾഡോക്ക് നേരിടേണ്ടി വന്നിരുന്നു. ശേഷം ചെൽസിക്കെതിരായ മത്സരത്തിൽ താരത്തെ ടീം വിലക്കുകയും പിഴയടക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യൂറോപ്പാ ലീഗിൽ സ്റ്റാർട്ടിങ് ഇലവനിൽ കളിച്ച് താരതമ്യേന മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്, എങ്കിലും പ്രീമിയർ ലീഗിൽ താരം ബെഞ്ചിൽ തുടർന്നു.

ഇപ്പോൾ ലോകകപ്പിനായി ദേശീയ ക്ലബ്ബായ പോർച്ചു​ഗലിനൊപ്പം ഖത്തറിലാണ് താരം ഉള്ളത്. ​ഗ്രൂപ്പ് മത്സരങ്ങളിലെ രണ്ട് തുടർ വിജയവുമായി പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ടീം പോർച്ചു​ഗൽ. സൗത്ത് കൊറിയയുമായാണ് ​ഗ്രൂപ്പ് എച്ചിൽ പോർച്ചു​ഗലിന്റെ അവസാന മത്സരം.

Content Highlights: Bayern Munich won’t sign with Cristiano Ronaldo

We use cookies to give you the best possible experience. Learn more