|

തീതുപ്പി ജർമൻ ടാങ്കറുകൾ, ഒരു ദയയുമില്ലാതെ അടിയായിപ്പോയി; എട്ടിന്റെ ഞെട്ടലിൽ എതിരാളികൾ

സ്പോര്‍ട്സ് ഡെസ്‌ക്

ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് കൂറ്റന്‍ വിജയം. മെയിന്‍സിനെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ജര്‍മന്‍ വമ്പന്മാര്‍ പരാജയപ്പെടുത്തിയത്.

ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍ തകര്‍പ്പന്‍ ഹാട്രിക്ക് നേടി മികച്ച പ്രകടനം നടത്തി. ബുണ്ടസ് ലീഗയിലെ കെയ്‌നിന്റെ നാലാമത്തെ ഹാട്രിക് ആയിരുന്നു ഇത്. ഇതോടെ 25 മത്സരങ്ങളില്‍ നിന്നും 28 ഗോളുകളിലേക്ക് മുന്നേറാനും ഇംഗ്ലണ്ട് സൂപ്പര്‍താരത്തിന് സാധിച്ചു.

ബയേണിന്റെ തട്ടകമായ അലിയന്‍സ് അറീനയില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ശൈലിയിലാണ് ബയേണ്‍ അണിനിരന്നത്. മറുഭാഗത്ത് 3-4-2-1 എന്ന ശൈലിയുമാണ് മെയിന്‍സ് പിന്തുടര്‍ന്നത്.

ഹാരി കെയ്ന്‍ 13, 45+7,70, ലിയോണ്‍ ഗൊറെട്‌സക 19, 90+2, തോമസ് മുള്ളര്‍ 47, ജമാല്‍ മുസിയാല 61, സെര്‍ജി നാബ്രി 66 എന്നിവരാണ് ബയേണ്‍ മ്യൂണിക്കനായി ഗോളുകള്‍ നേടിയത്.

നാദി അമീരിയുടെ വകയായിരുന്നു സന്ദര്‍ശകരുടെ ആശ്വാസ ഗോള്‍ പിറന്നത്.

മത്സരത്തില്‍ 24 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ബയേണ്‍ അടിച്ചു കയറ്റിയത്. മറുഭാഗത്ത് സന്ദര്‍ശകര്‍ 16 ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ബയേണ്‍ പ്രതിരോധം ശക്തമായി നില്‍ക്കുകയായിരുന്നു.

ജയത്തോടെ ബുണ്ടസ് ലീഗയില്‍ 25 മത്സരങ്ങളില്‍ നിന്നും 18 വിജയവും മൂന്നു സമനിലയും നാല് തോല്‍വിയും അടക്കം 57 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക്. മാര്‍ച്ച് 16ന് ഡാംസ്റ്റാഡിനെതിരെയാണ് ബയേണിന്റെ അടുത്ത മത്സരം.

Content Highlight: Bayern Munich  won in Bundesliga