ഖത്തർ ലോകകപ്പിന് ഇനി ഏതാനും നാളുകൾ മാത്രമാണ് ബാക്കി. വേൾഡ് കപ്പിനുള്ള സ്‌ക്വാഡിന്റെ ഫൈനൽ ലിസ്റ്റ് തയ്യാറാക്കുന്ന തിരക്കിലാണ് ദേശീയ ടീമുകൾ.
ഒരു വശത്ത് ലോകം കാത്തിരിക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോൾ, മറുവശത്ത് പരിക്കുകൾ വില്ലൻമാരായി എത്തുകയാണ്.
ലീഗ് മത്സരങ്ങൾക്കിടയിൽ താരങ്ങൾ പരിക്കിന്റെ പിടിയിലാകുന്നത് വലിയ ആശങ്കയാണ് ദേശീയ ടീമകളിലുണ്ടാക്കുന്നത്. വമ്പൻ ടീമുകളിലെ ഒട്ടുമിക്ക താരങ്ങളും പരിക്ക് മൂലം വിശ്രമത്തിലാണ്.
ഇപ്പോഴിതാ ബയേൺ മ്യൂണിക്കിന്റെ സെനഗൽ സൂപ്പർ താരം സാദിയോ മാനെയ്ക്കും പരിക്കേറ്റിരിക്കുകയാണ്. ചൊവ്വാഴ്ച്ച വേഡർ ബ്രെമെനെതിരെ നടന്ന മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ 20ാം മിനിട്ടിൽ പരിക്കേറ്റ മാനെ കളത്തിൽ നിന്ന് പുറത്ത് പോവുകയായിരുന്നു.
മത്സരം തുടങ്ങി ആറാം മിനിട്ടിൽ മാനെയുടെ അസിസ്റ്റിൽ ജമാൽ മുസിയാല ബയേണിനായി ആദ്യ ഗോൾ നേടുകയായിരുന്നു.
മാനെയ്ക്ക് പരിക്കേറ്റയുടൻ മെഡിക്കൽ സംഘം ശുശ്രൂഷക്കായി എത്തിയെങ്കിലും താരത്തിന് കളത്തിൽ തുടരാനായിരുന്നില്ല. തുടർന്ന് ലെറോയ് സാനെയെ പകരക്കാരനായി ഇറക്കുകയായിരുന്നു.
ബ്രെമെനെതിരെ നടന്ന മത്സരത്തിൽ 6-1നാണ് ബയേണിന്റെ ജയം. സൂപ്പർതാരം ഗ്നാബ്രിയാണ് ബയേൺ മ്യുണീക്കിനായി തിളങ്ങിയത്. 82 മിനിട്ടിനുള്ളിൽ താരം ഹാട്രിക് അടിച്ചത് ബയേണിനെ കൂടുതൽ കരുത്തരാക്കി.
ലിവർപൂളിൽ നിന്ന് നാഗൽസ്മാന്റെ ടീമിലേക്ക് ചേക്കേറിയ സാദിയോ മാനെ മികച്ച പ്രകടനമാണ് സീസണിൽ കാഴ്ച വെക്കുന്നത്. ഇതുവരെ കളിച്ച 23 മത്സരങ്ങളിൽ 11 ഗോളുകളും നാല് അസിസ്റ്റുമാണ് താരം നേടിയത്. 14 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി നിലവിൽ ലീഗ് പട്ടികയിൽ ഒന്നാമതാണ് ബയേൺ മ്യൂണിക്ക്.
അതേസമയം മാനെയുടെ പരിക്കിനെ തുടർന്ന് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് സെനഗൽ. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല.
നിലവിലെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ചാമ്പ്യൻമാർ നവംബർ 21ന് ഖത്തറിൽ നെതർലാൻഡിനെതിരെയണ് ആദ്യ മത്സരത്തിനിറങ്ങുക. നവംബർ 25ന് സെനഗൽ ആതിഥേയരായ ഖത്തറിനെ ഗ്രൂപ്പ് എയിൽ നേരിടും.
Content Highlights: Bayern Munich wins the match, Senegal player Sadio Mane got injury