'മാനെയെ പുറത്താക്കാന്‍ എല്ലാവിധ ശ്രമവും നടത്തും'; സൂപ്പര്‍താരത്തിനെതിരെ ബയേണ്‍ മ്യൂണിക്ക്
Football
'മാനെയെ പുറത്താക്കാന്‍ എല്ലാവിധ ശ്രമവും നടത്തും'; സൂപ്പര്‍താരത്തിനെതിരെ ബയേണ്‍ മ്യൂണിക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th April 2023, 10:18 am

സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെ ബയേണ്‍ മ്യൂണിക്കിലെ തന്റെ സഹതാരമായ ലിറോയ് സാനെയുടെ മുഖത്തടിച്ചത് ഫുട്‌ബോള്‍ ലോകത്ത് വലിയ വിവാദമായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തിന് ശേഷം ഡ്രസിങ് റൂമില്‍ വെച്ചായിരുന്നു സംഭവം. മാനെയില്‍ നിന്ന് അടിയേറ്റ് സാനെയുടെ ചുണ്ട് പൊട്ടി ചോരയൊലിക്കുകയായിരുന്നു. മത്സരത്തിനിടെ ഇരുവരും വാക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് ബയേണ്‍ മ്യൂണിക്ക് ഡിസിപ്‌ളിനറി ആക്ട് പ്രകാരം മാനെയെ അടുത്ത മത്സരത്തില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ അതുകൊണ്ട് അവസാനിക്കുന്നില്ലെന്നും മാനെയെ ക്ലബ്ബില്‍ നിന്ന് പുറത്താക്കാനാണ് ബയേണ്‍ ശ്രമിക്കുന്നതെന്നുമാണ് സ്‌കൈ ജര്‍മനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സാദിയോ മാനെയെ പുറത്താക്കാന്‍ ബയേണ്‍ മ്യൂണിക്കില്‍ എല്ലാ ശ്രമങ്ങളും നടത്തും. കോച്ച് തോമസ് തുച്ചലിന് മാനെയുമായി ഭാവി പദ്ധതികളില്ലെന്നും അദ്ദേഹത്തിന്റെ സിസ്റ്റവുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്ത താരമാണ് മാനെയെന്ന് തുച്ചല്‍ അറിയിച്ചിട്ടുണ്ട്,’ ബയേണ്‍ മ്യൂണിക്കിന്റെ പ്രസ്താവനയില്‍ പറഞ്ഞതായി സ്‌കൈ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു.

ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടന്ന മത്സരത്തിന് പിന്നാലെയാണ് ബയേണ്‍ മ്യൂണിക്ക് താരങ്ങള്‍ക്കിടയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സംഭവം വിവാദമായതോടെ മാനെ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരുന്നു.

സാനെ തന്നോട് മോശമായി സംസാരിച്ചപ്പോള്‍ തന്റെ നിയന്ത്രണം വിട്ടുപോയതാണെന്നും തനിക്ക് വളരെ അടുപ്പമുള്ള ബന്ധു കഴിഞ്ഞ ദിവസം മരണപ്പെട്ടതിനാല്‍ തന്റെ മാനസികാരോഗ്യം ശരിയല്ലെന്നുമാണ് മാനെ പറഞ്ഞത്.

അതേസമയം, സാനെ സാദിയോ മാനെയെ നിറത്തിന്റെ പേരില്‍ കളിയാക്കിയിരുന്നെന്നും വംശീയാധിക്ഷേപം നടത്തിയതാണ് മാനെയെ ചൊടിപ്പിച്ചതെന്നും വാര്‍ത്താ ഏജന്‍സിയായ ടഗാറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ സാനെ തന്റെ വാക്കുകളില്‍ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും താരത്തോട് മാപ്പ് പറഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Bayern Munich will exit Sadio Mane on this summer transfer