ജര്‍മന്‍ ബുണ്ടസ്ലീഗയില്‍ ഇന്ന് തീപാറും പോരാട്ടം. ചിരവൈരികളായ ബയേണ്‍ മ്യൂണിക്-ബൊറൂസിയ ഡോര്‍ട്മുണ്ടും 134ാമത് ഡെര്‍ക്ലാസിക്കര്‍ പോരാട്ടത്തിനായി ഒരുങ്ങികഴിഞ്ഞു. ഡോര്‍ട്മുണ്ടിന്റെ ഹോം ഗ്രൗണ്ടായ സിഗ്‌നല്‍ ഇടുന പാര്‍ക്കില്‍ ആണ് ആവേശകരമായ മത്സരം നടക്കുക.
സീസണില്‍ ഇരു ടീമുകള്‍ക്കും മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി നാലാം സ്ഥാനത്താണ് ഡോര്‍ട്മുണ്ട്. ബയേണ്‍ 23 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.
ഡോര്‍ട്മുണ്ട് നിരയില്‍ എമറെ ചാന്‍, മാരിയസ് വോള്‍ഫ് എന്നീ താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ നായകന്‍ മാര്‍ക്കോ റൂയിസിന്റെ മികച്ച ഫോമും ടീമിന് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.
മറുഭാഗത്ത് ബയേണ്‍ മ്യൂണിക്കില്‍ സസ്‌പെന്‍ഷന്‍ കാരണം സൂപ്പര്‍ താരം ജോഷുവ കിമ്മിച് ഇല്ലാതെയായിരിക്കും ബയേണ്‍ ഇറങ്ങുക. മത്തിജ്‌സ് ഡി ലൈറ്റിന്റെ കാല്‍മുട്ടിനേറ്റ പരിക്കും ബയേണിന് തലവേദന സൃഷ്ടിക്കുന്നതാണ്. എന്നാല്‍ ഈ സീസണില്‍ ടോട്ടന്‍ഹാമില്‍ നിന്നും ജര്‍മന്‍ വമ്പന്‍മാരോടൊപ്പം ചേര്‍ന്ന ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌ന്റെ മികച്ച ഫോം ടീമിന് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. ഈ സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്നും 12 ഗോളുകള്‍ നേടി മിന്നും ഫോമിലാണ് കെയ്ന്‍.
കഴിഞ്ഞ മത്സരത്തില്‍ ജര്‍മന്‍ ഡി.എഫ്.ബി പൊക്കലില്‍ സാബ്രൂറൂക്കിനെതിരെ ബയേണ്‍ 2-1ന് പരാജയപ്പെട്ടിരുന്നു. ഈ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും കരകയറാനാവും ടുച്ചലും സംഘവും ശ്രമിക്കുക.
അതേസമയം ബൊറൂസിയ ഡോര്‍ട്ടുമുണ്ട് ജര്‍മന്‍ കപ്പില്‍ ഹോഫെന്‍ഹെയിമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. ഈ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഡോര്‍ട്മുണ്ട് സ്വന്തം തട്ടകത്തില്‍ പന്ത് തട്ടാന്‍ ഇറങ്ങുക. അവസാന എട്ട് മത്സരങ്ങളില്‍ ഡോര്‍ട്മുണ്ട് തോറ്റിട്ടില്ലെന്നുളളത് ഏറെ ശ്രദ്ധേയമാണ്.
2018 മുതല്‍ ഡോര്‍ട്മുണ്ടിന് ബയേണിനെ ഡെര്‍ക്ളാസിക്കറില്‍ കീഴ്‌പ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഈ ആധിപത്യം ഉള്ള റെക്കോഡ് ബയേണ്‍ മ്യൂണിക്കിന് അനുകൂലമാണെങ്കിലും നിലവിലെ ഫോം വെച്ച് ഏത് ടീം വിജയിക്കുമെന്ന് കണ്ടു തന്നെ അറിയണം.
ഇരുടീമുകളും 133 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. 68 തവണ ബയേണ്‍ മ്യൂണിക് വിജയം നേടിയപ്പോള്‍ 34 തവണയായിരുന്നു ഡോര്‍ട്മുണ്ടിന്റെ വിജയം.
Content Highlight: Bayern munich vs Borussia dortmund will play today in bundesliga.