| Monday, 20th February 2023, 4:59 pm

സൂപ്പര്‍താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ബയേണ്‍ മ്യൂണിക്കും പി.എസ്.ജിയും തമ്മില്‍ മത്സരം

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിക്ക് പിന്നാലെ ചെല്‍സിയുടെ മൊറോക്കന്‍ സൂപ്പര്‍താരം ഹക്കിം സിയച്ചിനെ സൈന്‍ ചെയ്യിക്കാന്‍ ബയേണ്‍ മ്യൂണിക്കും രംഗത്ത്.

2020ല്‍ അയാക്‌സില്‍ നിന്ന് 33 മില്യണ്‍ യൂറോക്കാണ് സിയച്ചിനെ ചെല്‍സി സ്വന്തമാക്കിയത്. എന്നാല്‍ ചെല്‍സിയില്‍ അവസരം നഷ്ടമായതോടെ താരം ക്ലബ്ബ് വിടാന്‍ ഒരുങ്ങുകയായിരുന്നു.

ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ നിരവധി പുതിയ താരങ്ങളെ ക്ലബ്ബിലെത്തിച്ച് ചെല്‍സി വലിയ അഴിച്ചുപണി നടത്താന്‍ തുടങ്ങിയതോടെ സിയച്ച് പി.എസ്.ജിയിലേക്ക് ചേക്കേറാന്‍ ശ്രമം നടത്തി.

എന്നാല്‍ ശ്രമങ്ങള്‍ പാഴായിപ്പോവുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട പേപ്പര്‍വര്‍ക്കുകള്‍ കൃത്യമായി നടക്കാതിരുന്നതാണ് കാര്യത്തില്‍ തിരിച്ചടിയായത്.

ചെല്‍സിയും പി.എസ്.ജിയില്‍ തമ്മില്‍ കരാറിലെത്തിയെങ്കിലും കോണ്‍ട്രാക്ടുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ട സമയം വൈകിയതോടെ കരാര്‍ നിലനില്‍ക്കില്ലെന്ന സാഹചര്യം വരികയായിരുന്നു. ട്രാന്‍സ്ഫര്‍ നടക്കാതെ വന്നതോടെ ക്ലബുകള്‍ എല്‍.എഫ്.പിയെ ബന്ധപ്പെട്ട് അപ്പീല്‍ നല്‍കിയിട്ടുണ്ട്.

എന്നാല്‍ ട്രാന്‍സ്ഫറിന് അനുകൂലമായ തീരുമാനം വരാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. ട്രാന്‍സ്ഫര്‍ നടക്കാതിരുന്നത് സിയച്ചിനെ സംബന്ധിച്ചും പി.എസ്.ജിയെ സംബന്ധിച്ചും വലിയ തിരിച്ചടിയാണ്.

തൊട്ടുപിന്നാലെയാണ് ബയേണ്‍ മ്യൂണിക്കും രംഗത്തെത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സിയച്ചിന് പി.എസ്.ജിയിലേക്ക് ചേക്കേറാനാണ് താത്പര്യം. താരം ഏത് ക്ലബ്ബുമായി സൈനിങ് നടത്തുമെന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

അതേസമയം, ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത ടീമിലെ പ്രധാന താരമായ സിയച്ച് കഴിഞ്ഞ ലോകകപ്പില്‍ ചരിത്രം കുറിച്ച മൊറോക്കന്‍ ടീമിന് വേണ്ടിയും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ചെല്‍സിയില്‍ താരമിപ്പോള്‍ ടീമിലെ സ്ഥിരസാന്നിധ്യമല്ല.

Content Highlights: Bayern Munich to challenge PSG for Chelsea star Hakim Ziyech

We use cookies to give you the best possible experience. Learn more