| Wednesday, 28th February 2024, 10:20 am

കോഹ്‌ലിക്ക് തുല്യന്‍ മെസിയെ കരയിച്ച് കിരീടമണിഞ്ഞ സൂപ്പര്‍ താരം; വമ്പന്‍ പ്രസ്താവനയുമായി ബയേണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയുടെ ഫുട്‌ബോള്‍ ഇക്വാലന്റായി ജര്‍മന്‍ ലെജന്‍ഡും മുന്‍ നായകനുമായ മാനുവല്‍ നൂയറിനെ വിശേഷിപ്പിച്ച് ജര്‍മന്‍ ജയന്റ്‌സ് ബയേണ്‍ മ്യൂണിക്. എക്‌സിലൂടെ ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ബയേണ്‍ ഇക്കാര്യം പറഞ്ഞത്.

വ്യത്യസ്ത ഗെയിമുകളിലുള്ള, എങ്കിലും തത്തുല്യമായ രണ്ട് താരങ്ങളുടെ പേര് പറയാനായിരുന്നു ആരാധകന്‍ ആവശ്യപ്പെട്ടത്. ഇതിനാണ് ഫുട്‌ബോളില്‍ നിന്ന് മാനുവല്‍ നൂയറിനെയും ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്‌ലിയെയും ബയേണ്‍ മ്യൂണിക് തെരഞ്ഞെടുത്തത്. GOAT ഇമോജികള്‍ക്കൊപ്പമാണ് ബയേണ്‍ ഇരുതാരങ്ങളുടെയും പേര് പറഞ്ഞത്.

2014ല്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ജര്‍മനി ലോകകിരീടമുയര്‍ത്തിയപ്പോള്‍ അന്ന് ഡോയ്ച്‌ലാന്‍ഡിന്റെ ഗോള്‍വല കാത്തത് നൂയറായിരുന്നു. എക്‌സ്ട്രാ ടൈമില്‍ മാരിയോ ഗോട്‌സെയുടെ തകര്‍പ്പന്‍ ഗോളിലൂടെയാണ് ജര്‍മനി മെസിപ്പടയെ പരാജയപ്പെടുത്തി കീരിടം ചൂടിയത്.

2014ലെ ലോകകപ്പ് കീരീടത്തിന് പുറമെ മറ്റ് പല നേട്ടങ്ങളും കരിയറില്‍ നൂയര്‍ സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് തവണ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ (2011, 2014) ആയി തെരഞ്ഞെടുക്കപ്പെട്ട താരം രണ്ട് തവണ ബയേണ്‍ മ്യൂണിക്കിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടവും (2012/13, 2019/20) രണ്ട് തവണ ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പും (2014, 2021) സ്വന്തമാക്കിയിട്ടുണ്ട്.

രണ്ട് തവണ യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയ താരം (2013/14, 2020/21) 11 തവണയാണ് ബയേണിനൊപ്പം ജര്‍മനിയുടെ രാജാവായത്. 2012/13, 2013/14, 2014/15, 2015/16, 2016/17, 2017/18, 2018/19, 2019/20, 2020/21, 2021/22, 2022/23 സീസണുകളിലായിരുന്നു നൂയറിന്റെ ബുണ്ടസ് ലീഗ കിരീട നേട്ടം.

ആറ് തവണ ജര്‍മന്‍ കപ്പ് ജേതാവായ നൂയര്‍ ഏഴ് തവണ ജര്‍മന്‍ സൂപ്പര്‍ കപ്പും സ്വന്തമാക്കിയിട്ടുണ്ട്.

മറുഭാഗത്താകട്ടെ ഐ.സി.സി ക്രിക്കറ്റ് ഓഫ് ദി ഡെക്കേഡ് അടക്കം നിരവധി പുരസ്‌കാരങ്ങളാണ് വിരാട് തന്റെ ഐതിഹാസിക കരിയറില്‍ സ്വന്താമാക്കിയത്. 2023ലെ മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടതാണ് താരത്തിന്‍രെ കരിയറിലെ ഏറ്റവും പുതിയ നേട്ടം.

2023ന് പുറമെ മറ്റ് മൂന്ന് തവണ കൂടി വിരാട് ഏറ്റവും മികച്ച ഏകദിന ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2012, 2017, 2018 വര്‍ഷങ്ങളിലായിരുന്നു വിരാടിന്റെ പകരം വെക്കാനില്ലാത്ത നേട്ടം പിറന്നത്.

ഐ.സി.സി ഒ.ഡി.ഐ ക്രിക്കറ്റര്‍ ഓഫ് ദി ഡെക്കേഡായും ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഡെക്കേഡായും തെരഞ്ഞെടുക്കപ്പെട്ട വിരാട് രണ്ട് തവണ ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് (2017ലും 2018ലും).

2018ലെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട വിരാട് 2019ലെ ഐ.സി.സി സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് താരങ്ങള്‍ക്കൊന്നും അഞ്ച് വ്യക്തിഗത പുരസ്‌കാരം പോലും ഇല്ലാതിരിക്കുമ്പോഴാണ് വിരാട് പത്ത് ഐ.സി.സി പുരസ്‌കാരവുമായി തിളങ്ങുന്നത്. 2023 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും വിരാടിന് തന്നെയായിരുന്നു.

ഇതിന് പുറമെ അഞ്ച് ബി.സി.സി.ഐ പുരസ്‌കാരങ്ങള്‍ തന്റെ പേരില്‍ കുറിച്ച വിരാട് മൂന്ന് ഐ.സി.സി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡുകളും 12 ഐ.സി.സി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

Content highlight: Bayern Munich selects Virat Kohli and Manuel Neuer as cross sports equivalents

We use cookies to give you the best possible experience. Learn more