| Monday, 19th September 2022, 9:09 pm

ഇനിയിപ്പോള്‍ കിടന്ന് മോങ്ങിയാല്‍ മതിയല്ലോ!! അങ്ങേര്‍ക്ക് ചാമ്പ്യന്‍സ് ട്രോഫി കളിക്കുകയും ചെയ്യാമായിരുന്നു; റൊണാള്‍ഡോയെ ടീമിലെത്തിക്കാത്തതില്‍ ഖേദവുമായി ബുണ്ടസ് ലീഗ ജയന്റ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ടീമിലെത്തിക്കാനുള്ള അവസരം കൃത്യമായി വിനിയോഗിക്കാന്‍ സാധിക്കാത്തതില്‍ ഖേദവുമായി ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക്. അടുത്ത ജനുവരിയില്‍ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമം ബയേണ്‍ ഇപ്പോഴേ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

എല്‍ നാഷണല്‍ (El Nacional) ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ സമ്മറില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ റൊണാള്‍ഡോയുടെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള ആഗ്രഹത്തിന്റെ പുറത്ത് റൊണാള്‍ഡോയുടെ ഏജന്റ് വിവിധ ടീമുകളുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ റൊണാള്‍ഡോ നാപ്പോളിയിലേക്ക് ചേക്കേറുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തന്നെ തുടരുകയായിരുന്നു.

റയല്‍ മാഡ്രിഡ്, ചെല്‍സി, ബയേണ്‍ മ്യൂണിക് അടക്കമുള്ള ടീമുകള്‍ താരത്തെ ടീമിലെത്തിക്കാന്‍ താത്പര്യപ്പെട്ടിരുന്നെങ്കിലും അവസാനം എല്ലാവരും പിന്‍മാറുകയായിരുന്നു.

താരത്തിന്റെ പ്രായവും പ്രതിഫലവും തന്നെയായിരുന്നു എല്ലാവരേയും പിന്നോട്ടുവലിച്ചത്.

എന്നാല്‍ താരത്തെ ടീമിലെത്തിക്കാന്‍ കിട്ടിയ അവസരം നിരസിച്ചതിന്റെ ഖേദത്തിലാണ് ബയേണിപ്പോള്‍. ബവാരിയന്‍സിന്റെ പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്‌സയിലേക്ക് പോയിട്ടും ബയേണ്‍ റൊണാള്‍ഡോയെ സൈന്‍ ചെയ്യിച്ചിരുന്നില്ല.

താരം മാഞ്ചസ്റ്ററില്‍ നിന്നും പോകാന്‍ ശ്രമിക്കുന്നുണ്ടെന്നും ബയേണ്‍ ക്രിസ്റ്റിക്കായി വീണ്ടും രംഗത്തെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ടീമിന്റെ മോശം പ്രകടനമാണ് ഒരു മികച്ച സ്റ്റാര്‍ സ്‌ട്രൈക്കറെ ടീമിലെത്തിക്കാന്‍ മുന്‍ ബുണ്ടസ് ലീഗ ചാമ്പ്യന്‍മാരെ നിര്‍ബന്ധിതരാക്കുന്നത്.

കഴിഞ്ഞ നാല് മത്സരത്തില്‍ ഒന്നുപോലും ജയിക്കാന്‍ ബവാരിയന്‍സിനായിട്ടില്ല. മൂന്ന് സമനിലയും ഒരു തോല്‍വിയുമാണ് ബുണ്ടസ് ലീഗയില്‍ ബയേണിനുള്ളത്.

ലിവര്‍പൂളില്‍ നിന്നും സാദിയോ മാനെയെ ഇറക്കി ലെവന്‍ഡോസ്‌കിയുടെ വിടവ് നികത്താന്‍ ബയേണ്‍ ശ്രമിച്ചെങ്കിലും അതിനാവാതെ വരികയായിരുന്നു. സെനഗലീസ് താരത്തിന്റെ പ്രകടനത്തില്‍ ആരാധകര്‍ സംതൃപ്തരാവാത്തതിനാല്‍ തന്നെ മാനേക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഇതെല്ലാം മുന്‍നിര്‍ത്തിയാണ് ബയേണ്‍ വീണ്ടും റൊണാള്‍ഡോയുടെ പിന്നാലെ കൂടിയിരിക്കുന്നത്. 20 മില്യണ്‍ യൂറോക്ക് മാഞ്ചസ്റ്റര്‍ കൈമാറ്റത്തതിന് തയ്യാറാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ സീസണിലായിരുന്നു റോണോ തന്റെ പഴയ കളിത്തട്ടകത്തിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ സീസണില്‍ 38 മത്സരം കളിച്ച താരം 24 ഗോളാണ് നേടിയത്.

content highlight: Bayern Munich regrets not bringing Ronaldo to the team

We use cookies to give you the best possible experience. Learn more