എന്നാൽ ക്ലബ്ബ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായെങ്കിലും ബാഴ്സയുടെ താരമായ ഉസ്മാൻ ഡെമ്പലെയാണ് താൻ നേരിട്ടതിൽ ഏറ്റവും പ്രയാസമേറിയ താരം എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ബയേൺ മ്യൂണിക്ക് പ്രതിരോധ നിര താരമായ അൽഫോൺസോ ഡേവിസ്.
ഐസ്‌നോസ്പീഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ നേരിട്ടതിൽ ഏറ്റവും പ്രയാസമുള്ള താരം ഡെമ്പലെയാണെന്ന് അൽഫോൺസോ ഡേവിസ് തുറന്ന് പറഞ്ഞത്.
“ഡെമ്പലെ, അവൻ വളരെ വേഗതയേറിയ താരമാണ്. അദ്ദേഹത്തെ തടയാൻ വേണ്ടി എന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഞാൻ കാഴ്ച്ചവെച്ചത്,’ അൽഫോൺസോ ഡേവിസ് പറഞ്ഞു.
ബയേൺ മ്യൂണിക്ക് 3-0 എന്ന സ്കോറിന് ജയിച്ച 2021-2022 ചാമ്പ്യൻസ് ലീഗിലാണ് ഡെമ്പലെ-അൽഫോൺസോ എന്നിവർ ആദ്യമായി ഏറ്റുമുട്ടിയത്.
ബാഴ്സക്കായി മികവോടെ കളിക്കുന്ന ഡെമ്പലെ 18 മത്സരങ്ങളിൽ നിന്നും 13 അസിസ്റ്റുകളാണ് ക്ലബ്ബിനായി സ്വന്തമാക്കിയത്. അതിനാൽ തന്നെ 2024 വരെ ബാഴ്സയിൽ കരാറുള്ള താരത്തിന്റെ കരാർ ക്ലബ്ബ് നീട്ടിയേക്കും എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ബയേണിനായി മിന്നും പ്രകടനമാണ് അൽഫോൺസോ ഡേവിസും കാഴ്ചവെക്കുന്നത്. 31 മത്സരങ്ങൾ ബയേണിൽ കളിച്ച ഡേവിസ് എട്ട് അസിസ്റ്റുകളാണ് ജർമൻ ക്ലബ്ബിനായി സ്വന്തമാക്കിയത്. കൂടാതെ ബയേണിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്കുള്ള ആദ്യ ഓപ്ഷനും അൽഫോൺസോ ഡേവിസാണ്.
അതേസമയം 25 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 65 പോയിന്റോടെ ലാ ലിഗയിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.