ബുണ്ടസ് ലീഗയിലെ നിലവിലെ ചാംപ്യന്‍മാരായ ബയേണിന് ഇപ്പോള്‍ നല്ല കാലമല്ല. കൊവിഡ് റെഡ് കാര്‍ഡ് കാണിച്ചപ്പോള്‍ പുറത്തിരിക്കേണ്ടി വന്നത് ബയേണിന്റെ ഒന്‍പത് താരങ്ങള്‍ക്കാണ്. ഇതിന് പിന്നാലെ ടൂര്‍ണമെന്റിലെ ഇത്തിരിക്കുഞ്ഞന്‍മാരോടേറ്റ തോല്‍വിയും ബയേണിനെ കുഴക്കിയിരിക്കുകയാണ്.
തങ്ങളുടെ കളിയഴകിന് ചുക്കാന്‍ പിടിക്കുന്ന ഒന്‍പത് താരങ്ങളുടെ അഭാവത്തില്‍ കളിക്കാനിറങ്ങിയ ബയേണിനെ ബൊറുസിയ മോണ്‍ഷണ്‍ഗ്ലാഡ്ബാക്കാണ് അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മോണ്‍ഷണ്‍ഗ്ലാഡ്ബാക്കിന്റെ വിജയം.
താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ റിസര്‍വ് ടീമിലെയും ജൂനിയര്‍ താരങ്ങളേയും ഉള്‍പ്പെടുത്തിയായിരുന്നു ബയേണ്‍ മത്സരത്തിനിറങ്ങിയത്. തോറ്റെങ്കിലും ഒന്‍പത് പോയിന്റ് ലീഡില്‍ ബയേണ്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
സൂപ്പര്‍താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതോടെ റിസര്‍വ് ടീമിലെ പല താരങ്ങളും ആദ്യമായി ബയേണിന്റെ സീനിയര്‍ ജഴ്‌സിയില്‍ മൈതാനത്തിറങ്ങി. 16കാരന്‍ പേള്‍ വാര്‍ണറും 19കാരന്‍ ടില്‍മാനും ബയേണിനായി ഫസ്റ്റ് ഇലവനില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.
തോല്‍വിയിലും സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഗോള്‍ നേടി എന്നതാണ് ബയേണിനെ സംബന്ധിച്ച് ആശ്വസിക്കാനുള്ള കാര്യം. 18ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കി ബയേണിനെ മുന്നിലെത്തിക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ താരത്തിന്റെ 20ാം ഗോളായിരുന്നു ഇത്.
എന്നാല്‍ ആദ്യപകുതി തന്നെ രണ്ട് ഗോളുകളും മടക്കിയാണ് മോണ്‍ഷണ്‍ഗ്ലാഡ്ബാക്ക് ചാമ്പ്യന്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയത്.
കൊവിഡ് കാരണം മോണ്‍ഷണ്‍ഗ്ലാഡ്ബാക്കിന്റെ രണ്ട് കളിക്കാരും ടീമിന് പുറത്തായിരുന്നു.
1.എഫ്.സി കൊലോണുമായാണ് ബയേണിന്റെ അടുത്ത മത്സരം. കടലാസിലെ കണക്കുകള്‍ ബയേണിന് അനുകൂലമാണെങ്കിലും കൊവിഡ് വില്ലനാവുമോ എന്ന പേടിയാണ് ആരാധകര്‍ക്കുള്ളത്. നിലവില്‍ കൊലോണ്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Bayern Munich lost to Borussia Monchengladbach